പകര്‍ച്ചവ്യാധിയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ പഠിക്കണമെന്ന് വിദഗ്ധര്‍
1 min readവളരെ വേഗം രൂപം മാറ്റുകയും, പിടിതരാതെ ലോകം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്ന SARS-CoV-2 മനുഷ്യന്റെ എക്കാലത്തേയും ശത്രുവായി മാറിയേക്കാം
എന്നെങ്കിലും ഇതവസാനിക്കും, നമ്മളെല്ലാം പണ്ടത്തെ അവസ്ഥയിലേക്ക് തിരിച്ചുപോകും, കഴിഞ്ഞ ഒരു വര്‍ഷമായി നമ്മുടെയൊക്കെ ചിന്തകളില്‍ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് പലപ്പോഴും വന്നുപോകുന്ന ഒരു വിചാരമായിരുന്നു ഇത്. എന്നാണെന്നറിയില്ലെങ്കിലും പകര്‍ച്ചവ്യാധി അവസാനിക്കുമെന്ന് ആളുകളുടെ ഉള്ളില്‍ ഉറച്ച പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ആ അനുമാനം തെറ്റാണെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. വളരെയെളുപ്പത്തില്‍ രൂപമാറ്റം നടത്തുന്ന, മനുഷ്യന് പിടികൊടുക്കാതെ ലോകമെങ്ങും വിലസിക്കൊണ്ടിരിക്കുന്ന SARS-CoV-2 മനുഷ്യരാശിയുടെ എല്ലാ കാലത്തേയും ശത്രുവായേക്കും. നമ്മുടെ ദിനചര്യകളും ജീവിതവും എന്നന്നേക്കുമായി മാറിയേക്കും. പഴയ അവസ്ഥയിലേക്കൊരു തിരിച്ചുപോക്ക് ഇനിയുണ്ടാകില്ല എന്ന ബോധ്യത്തോടെ പകര്‍ച്ചവ്യാധിയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു.
ജനങ്ങള്‍ ആര്‍ജിത പ്രതിരോധ ശക്തിയാര്‍ജിക്കുകയും വംശവര്‍ധനവിന് രോഗാണുവിന് വളരെ കുറച്ച് സാധ്യതകള്‍ മാത്രം അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് മിക്ക പകര്‍ച്ചവ്യാധികളും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിട്ടുള്ളത്. രോഗം വന്നുപോയ ആളുകള്‍ക്ക് കൈവരുന്ന സ്വാഭാവിക പ്രതിരോധശേഷിയും ബാക്കിയുള്ള ആളുകളുടെ വാക്‌സിനേഷനും കൂടിച്ചേരുമ്പോഴാണ് ഒരു സമൂഹമൊന്നാകെ രോഗത്തിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി നേടുന്നത്. എന്നാല്‍ SARS-CoV-2ന്റെ കേസില്‍, നാമൊരിക്കലും ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ പോകുന്നില്ലെന്നാണ് സമീപകാല സ്ഥിതിവിശേഷങ്ങള്‍ നല്‍കുന്ന സൂചന. ഇതിനോടകം പകര്‍ച്ചവ്യാധി ഏറ്റവുമധികം നഷ്ടങ്ങള്‍ സമ്മാനിച്ച, വാക്‌സിനേഷനില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍നിരയിലുള്ള അമേരിക്ക പോലും കോവിഡിനെതിരെ ആര്‍ജിത പ്രതിരോധ ശേഷി നേടിയേക്കില്ലെന്ന് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ക്രിസ്റ്റഫര്‍ മുറെയുടെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പീറ്റര്‍ പിയോട്ടിന്റെയും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട വിശകലനം വ്യക്തമാക്കുന്നു. ഏതാണ്ടൊരു പുതിയ വൈറസിന്റെ തന്നെ സ്വഭാവസവിശേഷതകള്‍ കാണിക്കുന്ന കൊറോണ വൈറസിന്റെ നിരവധി പുതിയ വകഭേദങ്ങളാണ് അതിന്റെ പ്രധാന കാരണം.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരു വാക്‌സിന്‍ പരീക്ഷണത്തില്‍ നേരത്തെ രോഗം വന്ന പോയ ആളുകള്‍ക്ക് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ പ്രതിരോധശേഷി കൈവരുന്നില്ലെന്നും വീണ്ടും രോഗമുണ്ടാകുന്നുവെന്നും കണ്ടെത്തിയിരുന്നു. പകര്‍ച്ചവ്യാധി രൂക്ഷമായ മറ്റൊരു രാജ്യമായ ബ്രസീലില്‍ നിന്നും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. രോഗം വന്നുപോയതിലൂടെ ലഭിക്കുന്ന പ്രതിരോധശേഷി പുതിയ വകേേഭദങ്ങള്‍ മൂലമുള്ള കോവിഡ്-19നെതിരെ ഫലവത്തല്ലെന്നും വാക്‌സിനേഷനിലൂടെ മാത്രമേ ആര്‍ജിത പ്രതിരോധശേഷിക്ക് വകയുള്ളുവെന്നുമാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ചില വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരെയും ഫലവത്താണന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഭാവിയില്‍ വൈറസിന് സംഭവിക്കാവുന്ന വ്യതിയാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയ്ക്കും അധികനാള്‍ പിടിച്ചുനില്‍ക്കാനാകില്ല.
പുതിയ വാക്‌സിനുകള്‍ നിര്‍മിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍. നൂതനമായ mRNA സാങ്കേതികവിദ്യയടക്കം അതിനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നിരുന്നാലും സിറം നിര്‍മിക്കുക, കയറ്റി അയക്കുക, വിതരണം ചെയ്യുക, ആളുകള്‍ക്ക് കുത്തിവെപ്പ് എടുക്കുക തുടങ്ങി വളരെ ദീര്‍ഘമായ തുടര്‍ നടപടികള്‍ അതിന് ശേഷം നടക്കേണ്ടതായുണ്ട്. ആ പ്രക്രിയ കരുതുന്നത്ര വേഗത്തില്‍ നടത്താനാകില്ല. ലോകത്തെയൊന്നാകെ ആപ്രക്രിയയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞെന്നും വരില്ല. ചില രാജ്യങ്ങള്‍ വൈറസിനെതിരായ പോരാട്ടത്തില്‍ വളരെ മുമ്പില്‍ എത്തിയെന്ന് വരാം. ഇസ്രയേല്‍ ഇതിനുദാഹരണമാണ്. പക്ഷേ മറുവശത്ത് വൈറസ് നിലനില്‍പ്പിന് വേണ്ടി ജനിതക ഘടനയില്‍ വ്യതിയാനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയും അനുകൂലമായ സാഹചര്യങ്ങളില്‍ പെറ്റ് പെരുകി ആളുകള്‍ക്ക് രോഗം സമ്മാനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള അനവധി വൈറസ് വ്യതിയാനങ്ങള്‍ ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. അവയില്‍ പലതും മാരകവുമാണ്. കോവിഡ്-19നെതിരെ നിലവില്‍ വാക്‌സിന്‍ ലഭിക്കുക പോലും ചെയ്യാത്ത പല ദരിദ്ര രാഷ്ട്രങ്ങളിലും വൈറസ് അതിവേഗം വ്യതിയാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാകും. ലോകത്ത് ഇതുവരെ വിതരണം ചെയ്ത വാക്‌സിനുകളുടെ 75 ശതമാനവും കേവലം പത്ത് രാജ്യങ്ങളില്‍ മാത്രമാണെന്നും 130ഓളം രാജ്യങ്ങള്‍ക്ക് ഒരൊറ്റ വാക്‌സിന്‍ പോലും ലഭിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ മാസം ലോകത്തെ ഓര്‍മിപ്പിച്ചിരുന്നു.
ഒരു രോഗാണുവിന്റെ പരിണാമം അതിശയകരമോ ആശങ്കപ്പെടുത്തുന്നതോ അല്ല. ഒന്നുകില്‍ കാലക്രമേണ അത് കൂടുതല്‍ അപകടകാരിയാകുയോ അല്ലെങ്കില്‍ തീവ്രത കുറയുകയോ ആണ് രോഗാണുവിന്റെ പരിണാമത്തില്‍ സാധാരണയായി കണ്ടുവരുന്നത്. അത്തരത്തില്‍ SARS-CoV-2ഉം അപകടകാരിയല്ലാത്ത ഒരു വൈറസ് ആയി പരിണമിച്ചാല്‍ വെറുമൊരു ജലദോഷം മാത്രമേ കോവിഡ്-19 ഉണ്ടാക്കുകയുള്ളു. എന്നാല്‍ ഇപ്പോഴത്തെ കണ്ടെത്തലുകള്‍ അത്തരമൊരു സൂചനയല്ല നല്‍കുന്നത്. പുതിയ വകഭേദങ്ങള്‍ കൂടുതല്‍ മാരകവും രോഗവ്യാപന ശേഷി കൂടിയവയുമാണ്. പകര്‍ച്ചവ്യാധിയുടെ വീക്ഷണക്കോണില്‍ ഇത് നല്ല സൂചനയല്ല. പലതവണ രോഗം പൊട്ടിപ്പുറപ്പെടുകയും അടങ്ങുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇതുമൂലമുണ്ടാകുക. സാമൂഹിക നിയന്ത്രണങ്ങള്‍ വരികയും പിന്നീട് പിന്‍വലിക്കുകയും ചെയ്യും. ലോക്ക്ഡൗണുകളും അണ്‍ലോക്കിംഗും തുടര്‍ന്ന് കൊണ്ടിരിക്കും. സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങളില്‍ ചിലപ്പോള്‍ പുതിയ, പുതിയ വകഭേദങ്ങള്‍ക്കെതിരായി വര്‍ഷത്തില്‍ നിരവധി തവണ വാക്‌സിനേഷന്‍ നടന്നെന്നിരിക്കും. എങ്കിലും ആര്‍ജിത പ്രതിരോധ ശേഷി ആര്‍ജിക്കാന്‍ കഴിയുന്ന തരത്തില്‍ സമഗ്രമോ വേഗത്തിലുള്ളതോ ആയ വാക്‌സിനേഷന് അപ്പോഴും സാധ്യതയില്ല.
കോവിഡ്-19 ലോകത്തെ നാശത്തിലേക്ക് നയിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാകുമെന്നല്ല ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ താരതമ്യേന മിതമായ തോതിലുള്ള പകര്‍ച്ചവ്യാധിയാണിത്. പതിനാറാം നൂറ്റാണ്ടില്‍ വസൂരി മൂലം അമേരിക്കയിലെ പത്തില്‍ ഒമ്പത് പേരും മരിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ പ്ലേഗ് ആദ്യമായി വന്നപ്പോള്‍ മെഡിറ്ററേനിയന്‍ ജനസംഖ്യയുടെ പകുതയും മരണത്തിന് കീഴടങ്ങി. ആഗോളതലത്തില്‍ കൊറോണ വൈറസ് മൂലമുള്ള മരണം പതിനായിരത്തില്‍ നാലില്‍ താഴെ മാത്രമാണ്. മാത്രമല്ല, നിലവിലെ ശാസ്ത്ര, സാങ്കേതിക പുരോഗതികള്‍ കണക്കിലെടുക്കുമ്പോള്‍ പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ നമ്മുടെ പൗരാണികരേക്കാള്‍ ഭാഗ്യവാന്മാരാണ് നമ്മള്‍.
എങ്കിലും കുറച്ച് കൂടി ആഴത്തില്‍ നാം യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. പകര്‍ച്ചവ്യാധി കൂടി കണക്കിലെടുത്തുള്ള ആസൂത്രണങ്ങളാണ് ഇനി നമുക്ക് ആവശ്യം. അത്തരത്തിലൊരു മാറ്റം ഇപ്പോള്‍ തന്നെ സമൂഹത്തില്‍ പ്രകടമാണ്. ലോകത്തിന്റെ പലയിടങ്ങളിലും പുതിയതായി നിലവില്‍ വരുന്ന ഓരോ ലോക്ക്ഡൗണും സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതം കുറഞ്ഞുകൊണ്ടിരിക്കുന്നു. പകര്‍ച്ചവ്യാധിക്കിടയിലും ജനജീവിതം കൂടുതല്‍ സുഗമമാക്കുന്ന ശാസ്ത്ര, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ ഇനിയും വരാനിരിക്കുന്നു. പുതിയ ലോകം കഷ്ടതകളുടേതായിരിക്കില്ലെങ്കിലും