സൂയസ് കനാലിലെ കപ്പല്‍ ഭാഗികമായി നീങ്ങി
- കപ്പല്‍ 80 ശതമാനം നീങ്ങിയത് ശരിയായ ദിശയില്‍
- ദൗത്യം വിജയിക്കാന്‍ ഇനിയും സമയമെടുക്കും
കയ്റോ: സൂയസ് കനാലില്‍ കുടുങ്ങിയ ചരക്ക്കപ്പല്‍ ഭാഗികമായി നീങ്ങിത്തുടങ്ങി. കപ്പല്‍ 80 ശതമാനം നീങ്ങിയത് ശരിയായ ദിശയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഏറ്റവും തെരക്കുപിടിച്ച വ്യാപാര പാതയിലെ തടസം നീങ്ങിക്കിട്ടുമെന്ന പ്രതീക്ഷയ്ക്ക് ഇതോടെ കൂടുതല്‍ ജീവന്‍വച്ചു.
അതേസമയം കപ്പലിനെ പൂര്‍ണമായും ചലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് എപ്പോള്‍ സാധ്യമാകുമെന്ന് പറയാനൊക്കില്ലെന്നും എംവി എവര്‍ ഗിവന്‍ കപ്പലിന്‍റെ ഉടമസ്ഥര്‍ വ്യക്തമാക്കി. കപ്പല്‍, വ്യാപാരപാത തടസപ്പെടുത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ ബില്യണ്‍ കണക്കിന് ഡോളറിന്‍റെ നഷ്ടമാണ് ഉടലെടുത്തത്.
ചരക്ക് കപ്പല്‍ പൂര്‍ണമായും ഉയര്‍ത്തിയാല്‍ തന്നെ നിലവില്‍ റൂട്ടില്‍ ഉടലെടുത്ത ട്രാഫിക് ജാം പരിഹരിക്കാന്‍ ഏറ്റവും ചുരുങ്ങിയത് നാല് ദിവസമെങ്കിലും എടുക്കും.
കോവിഡ് കാരണം ആഗോളതലത്തിലുണ്ടായ വ്യാപാര അനിശ്ചിതത്വങ്ങള്‍ക്ക് പിന്നാലെയെത്തിയ ഈ പ്രതിസന്ധി വലിയ ആശങ്കയാണ് സാമ്പത്തിക രംഗത്തുണ്ടാക്കിയത്. ആഗോള ചരക്കുകപ്പല്‍ ഗതാഗതത്തിന്‍റെ 33 ശതമാനവും 193 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൂയസ് കനാല്‍ വഴിയാണ്. ആഗോള ചരക്കുനീക്കത്തിന്‍റെ 12 ശതമാനം വരുമിത്. എന്നാല്‍ ഈ കനാല്‍ വഴിയല്ല ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി എന്നതിനാല്‍ രാജ്യത്തിന്‍റെ എണ്ണ വിലയില്‍ അത് പ്രതഫലിക്കില്ല.