നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു; ഒലി കൂടുതല്‍ സുരക്ഷിതനാകുന്നു
1 min readകാഠ്മണ്ഡു: നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) പിളര്‍ന്നു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-യുഎംഎല്ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ് സെന്‍റര്‍) തമ്മിലുള്ള 2018 ലെ പാര്‍ട്ടി ലയന തീരുമാനം സുപ്രീം കോടതി അസാധുവാക്കിയതിന് ശേഷമാണ് പാര്‍ട്ടികള്‍ വേര്‍പിരിഞ്ഞത്. ഈ നടപടി നിലവിലുള്ള പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ കൂടുതല്‍ ശക്തനാക്കും എന്ന് കരുതുന്നു. കാരണം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-യുഎംഎല്ലില്‍ നിന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎന്‍-മാവോയിസ്റ്റ് സെന്‍റര്‍ ചെയര്‍മാനായിരുന്ന പുഷ്പ കമല്‍ ദഹലിന് (പ്രചണ്ഡ) പാര്‍ട്ടിയിലെ വിഭജനം തിരിച്ചടിയായി. 2018 ജൂണില്‍ ഒലിയുടെയും പ്രചണ്ഡയുടെയും കീഴില്‍ രജിസ്റ്റര്‍ ചെയ്ത എന്‍സിപിയും കോടതി അസാധുവാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധി വന്നതോടെ ഒലിക്കെതിരെ പ്രചണ്ഡയ്ക്കൊപ്പം നിന്നിരുന്ന ഉന്നത നേതാക്കള്‍ മാതൃ പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ തുടങ്ങി. മുന്‍ പ്രധാനമന്ത്രിമാരായ മാധവ് കുമാര്‍ നേപ്പാള്‍, ഝലാനാഥ് ഖനാല്‍ എന്നിവരും പാര്‍ലമെന്‍റ് അംഗങ്ങളും യുഎംഎല്ലിലേക്ക് മടങ്ങിയിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥ അനുസരിച്ച്, നിയമനിര്‍മ്മാതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടിയെ വ്യക്തിഗത അടിസ്ഥാനത്തില്‍ മാറ്റാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് പാര്‍ലമെന്‍റ് സീറ്റുകള്‍ നഷ്ടപ്പെടും.
“ഞങ്ങളുടെ ഹൃദയം വലുതാണ്, യുഎംഎല്ലില്‍ ചേരാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” മാധവ്കുമാര്‍ നേപ്പാള്‍ കഴിഞ്ഞദിവസം പ്രതികരിച്ചു.അതിനുമുമ്പ് അടുത്തതായി എന്തുചെയ്യണമെന്ന് ചര്‍ച്ച ചെയ്യാന്‍ പ്രചണ്ഡ നേപ്പാളുമായും മറ്റ് നേതാക്കളുമായും അവസാന കൂടിക്കാഴ്ച നടത്തിയിരുന്നു. “സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, യുഎംഎലിലേക്ക് തിരികെ പോകുകയാണ്, പക്ഷേ ജനാധിപത്യത്തിനും കമ്മ്യൂണിസത്തിനുമായി ഞങ്ങളുടെ പോരാട്ടം തുടരും” നേപ്പാള്‍ പറഞ്ഞു.കോടതിയുടെ തീരുമാനത്തിന് ശേഷം നേപ്പാളിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഎംഎല്ലിനോടും മാവോയിസ്റ്റിനോടും തങ്ങളുടെ പാര്‍ട്ടി വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് വക്താവ് രാജ്കുമാര്‍ ശ്രേഷ്ഠ പറഞ്ഞിട്ടുണ്ട്.
ഒലി മാവോയിസ്റ്റ് സെന്‍ററിന്‍റെ പിന്തുണയോടെ 2018 ല്‍ പ്രധാനമന്ത്രിയായ ശേഷം പ്രചണ്ഡ, നേപ്പാള്‍, ഖനാല്‍ തുടങ്ങിയവരുമായി മികച്ച ബന്ധമല്ല പുലര്‍ത്തിയിരുന്നത്. ഭരിക്കുന്നതിനും പാര്‍ട്ടിയെ നയിക്കുന്നതിനുമുള്ള ഒലിയുടെ മാര്‍ഗത്തിനെതിരെ മറ്റുള്ളവര്‍ പിന്നീട് ശബ്ദമുയര്‍ത്തുകയായിരുന്നു. 64 ശതമാനം പിന്തുണയുള്ള ഭരണകക്ഷിക്കുള്ളില്‍ ഒലിയോട് അതൃപ്തരായവര്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ സംഘടിക്കാന്‍ തുടങ്ങി. എന്നാല്‍ ഒലി അവരെ മാറ്റിനിര്‍ത്തി. പ്രചണ്ഡയും അദ്ദേഹത്തിന്‍റെ വിഭാഗവും ഒലിയുടെ രാജി ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി അത് നിരാകരിച്ചു. ഏകീകൃത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭിന്നതയ്ക്കും തര്‍ക്കത്തിനും ഇടയില്‍, 2020 ഡിസംബര്‍ 20 ന് ഒലി പെട്ടെന്ന് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ ഫെബ്രുവരി 24 ന് സുപ്രീം കോടതി അദ്ദേഹത്തിന്‍റെ തീരുമാനം റദ്ദാക്കി. കോടതി തീരുമാനത്തോടെ, ദഹലിന്‍റെ മാവോയിസ്റ്റ് സെന്‍റര്‍ ഇപ്പോള്‍ പാര്‍ലമെന്‍റിലെ മൂന്നാം കക്ഷിയായി ചുരുങ്ങി.