2025ഓടെ കോള്‍ഡ് ചെയ്ന്‍ ലോജിസ്റ്റിക്സ് 20% വാര്‍ഷിക വളര്‍ച്ചയിലേക്ക് എത്തും: ജെഎല്‍എല്‍
1 min readകൊച്ചി ഉള്‍പ്പടെയുള്ള രാജ്യത്തെ ടയര്‍ 2 നഗരങ്ങള്‍ വളര്‍ച്ചയെ നയിക്കുന്നതില്‍ നിര്‍ണ്ണായകമാകും
ന്യൂഡെല്‍ഹി: പരമ്പരാഗത കോള്‍ഡ് സ്റ്റോറേജില്‍ നിന്ന് ആധുനിക സംഭരണ രീതികളിലേക്കുള്ള മാറ്റം രാജ്യത്തെ കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്സ് മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഈ മേഖല 2025 ഓടെ 20 ശതമാനത്തിലധികം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎല്‍എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ താപനില-നിയന്ത്രിത സ്റ്റോറേജ് സ്പെയ്സില്‍ 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ പെല്ലറ്റ് ശേഷി കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
ടയര്‍ -1 നഗരങ്ങള്‍ക്ക് പുറമെ ലഖ്നൗ, കാണ്‍പൂര്‍, റാഞ്ചി, പട്ന, ഭുവനേശ്വര്‍ ഗോവ, ഔറംഗബാദ്, അഹമ്മദാബാദ്, കൊച്ചി, കോയമ്പത്തൂര്‍ എന്നിവയുള്‍പ്പെടെ ടയര്‍ -2 നഗരങ്ങള്‍ ഈ വിഭാഗത്തെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ഈ മേഖലയുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് നിഗമനങ്ങളില്‍ എത്തിയിട്ടുള്ളത്. കോവിഡ് 19ന് ന് ശേഷമുള്ള സാമ്പത്തിക പ്രതിബന്ധങ്ങള്‍ക്കിടയിലും, സംഘടിത കോള്‍ഡ് ചെയിന്‍ വിഭാഗത്തിന്‍റെ സാന്നിധ്യം രാജ്യവ്യാപകമായി വിപുലമാക്കപ്പെട്ടിട്ടുണ്ട്. ടയര്‍ -1 നഗരങ്ങളായ മുംബൈ, ഡെല്‍ഹി എന്‍സിആര്‍, ബെംഗളൂരു, ചെന്നൈ, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും മികച്ച സാധ്യതയാണ് കോള്‍ഡ് ചെയിന്‍ വ്യവസായത്തിനുള്ളത്.
താപനില പ്രധാനപ്പെട്ടതായ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം മുതല്‍ ഉപഭോഗം വരെയുള്ള ചരക്കുനീക്കവും സംഭരണവും ഉള്‍പ്പെടുന്നതാണ് കോള്‍ഡ് ചെയ്ന്‍ വ്യവസായം. ഉല്‍പ്പന്നങ്ങളെ കേടുകൂടാതെ എത്തിക്കുന്നതിനും ഷെല്‍ഫ് ലൈഫ് ഉയര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.
കോള്‍ഡ് സ്റ്റോറേജ് ശേഷിയുടെ 60 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ്. ഇതില്‍ 85-90 ശതമാനം ശേഷിയും ഉരുളക്കിഴങ്ങ് സംഭരണത്തിനാണ് വിനിയോഗിക്കുന്നത്. കോള്‍ഡ് ചെയിന്‍ വ്യവസായത്തിലെ മൊത്തം വരുമാനത്തിന്‍റെ 43.7 ശതമാനം സംഭാവന ചെയ്യുന്നത് കോള്‍ഡ് സ്റ്റോറേജ് വിഭാഗമാണ്.
‘ലോജിസ്റ്റിക് മേഖലയിലെ ഓട്ടോമേഷന്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാകും. മള്‍ട്ടിമോഡല്‍, കോള്‍ഡ് സപ്ലൈ ശൃംഖലയിലെ നൂതനാവിഷ്കാരണങ്ങള്‍ ആവശ്യകത ഉയര്‍ത്തുന്നുണ്ട്, “ജെഎല്‍എല്‍ ഇന്‍ഡസ്ട്രിയല്‍ സര്‍വീസസ് ഹെഡ് യോഗേഷ് ഷെവാദെ പറഞ്ഞു. സംഘടിത കോള്‍ഡ് ചെയിന്‍ ഓപ്പറേറ്റര്‍മാര്‍ ഉയര്‍ന്ന വിപണി വിഹിതം പിടിച്ചെടുക്കുന്നത്, ഗുണനിലവാരം കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്ന തരത്തില്‍ ഉപഭോക്തൃ സ്വഭാവം മാറുന്നത്, സമാനമായ ഒരു പകര്‍ച്ചവ്യാധി വന്നാല്‍ വിശ്വാസയോഗ്യമായ വിതരണം സാധ്യമാക്കാനാകുന്നത് എന്നിവയാണ് വലിയ വിപുലീകരണം സാധ്യമാകുന്നതിലുള്ള കാരണങ്ങളായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍, പെട്ടെന്നു നശിച്ചു പോകുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അതിനനുസരിച്ച് കോള്‍ഡ് ചെയ്ന്‍ സംഭരണ ശേഷി ഉയര്‍ത്തപ്പെട്ടിട്ടില്ല. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കൂടുതല്‍ അവബോധം വളരുന്നതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.