കാപ്പിത്തൊണ്ട് വനങ്ങളുടെ വീണ്ടെടുക്കലിന് ശക്തി പകരും
1 min readകാപ്പിത്തൊണ്ട് ഇട്ട പ്രദേശങ്ങളില്‍ സസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് വേഗം കൂടി
കാപ്പിക്കുരുവില്‍ നിന്നും പരിപ്പെടുത്താല്‍ ബാക്കിയാവുന്ന കാപ്പിത്തൊണ്ട് കൃഷി നിലങ്ങളില്‍ ഉഷ്ണമേഖല കാടുകളുടെ വീണ്ടെടുപ്പിന് നേട്ടമാകുമെന്ന് പഠനം. ഇക്കോളജിക്കല്‍ സൊലൂഷന്‍സ് ആന്‍ഡ് എവിഡന്‍സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉപയോഗശൂന്യമായ 35-40 മീറ്റര്‍ പ്രദേശത്ത് 30 ട്രക്ക് കാപ്പിത്തൊണ്ട് ഇറക്കിയപ്പോള്‍ അതിശയകരമായ ഫലമാണ് ഉണ്ടായതെന്ന് ഇത് സംബന്ധിച്ച പഠനത്തിന് നേതൃത്വം നല്‍കിയ അമേരിക്കയിലെ ഹവായി സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകയായ റബേക്ക കോള്‍ പറഞ്ഞു. കാപ്പിത്തൊണ്ട് കട്ടിയില്‍ ഇട്ട മേഖല രണ്ട് വര്‍ഷം കൊണ്ട് ഒരു ചെറിയ വനമായി മാറി. എന്നാല്‍ കാപ്പിത്തൊണ്ട് ഇടാത്ത മേഖലയില്‍ സാധാരണയായി കണ്ടുവരുന്ന പുല്ലുകള്‍ മാത്രമാണ് വളര്‍ന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പിത്തൊണ്ട് ഇട്ട പ്രദേശത്ത് 80 ശതമാനം സസ്യജാലങ്ങളെ കൊണ്ട് മൂടിയിരുന്നു. എന്നാല്‍ അല്ലാത്തയിടങ്ങളില്‍ 20 ശതമാനം സസ്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല, കാപ്പിത്തൊണ്ട് ഇട്ട സ്ഥലങ്ങളില്‍ വളര്‍ന്ന ചെടികളുടെ ഉയരം മറ്റിടങ്ങളില്‍ ഉണ്ടായിരുന്നവയേക്കാള്‍ നാലിരട്ടി അധികമായിരുന്നു. പുല്ല് പടര്‍ന്ന സ്ഥലങ്ങളില്‍ അരമീറ്റര്‍ കട്ടിയില്‍ കുറച്ച് കൂടി കാപ്പിത്തൊണ്ട് ഇട്ടപ്പോള്‍ അവിടുത്തെ പുല്ല് നശിച്ചെന്നും പഠനം പറയുന്നു. ഇത്തരത്തിലുള്ള പുല്ലുകളാണ് വനങ്ങളുടെ നിലനില്‍പ്പിന് വെ്ല്ലുവിളി. അവ ഇല്ലാതായതോടെ അവിടെ കാറ്റിലൂടെയും മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയും എത്തിയ വൃക്ഷ വിഭാഗത്തിലുള്ള ചെടികളുടെ വിത്തുകള്‍ വേഗത്തില്‍ മുളച്ച് പൊന്തിയതായി പഠനം പറയുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പിത്തൊണ്ട് ഇട്ട സ്ഥലത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ് എന്നീ പോഷകങ്ങളുടെ അളവും വര്‍ധിച്ചതായി ഗവേഷകര്‍ നിരീക്ഷിച്ചു.