കോക്കനട്ട് പേസ്റ്റ് പുറത്തിറക്കി എം എം ഒറിജിനല്‍സ്

കൊച്ചി: നാളികേര വ്യവസായത്തില്‍ 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മെഴുക്കാട്ടില്‍ മില്‍സിന്‍റെ ഉടമസ്ഥതയിലുള്ള എം എം ഒറിജിനല്‍സ് രാജ്യത്ത് ആദ്യമായി കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിക്കുന്നു. ബി 2 ബി വിഭാഗത്തില്‍ 22 ഓളം ആഗോള ബ്രാന്‍ഡുകളുമായുള്ള വിജയകരമായ സഹകരണത്തിന് ശേഷമാണ് ‘എംഎം ഒറിജിനല്‍സ് ‘ എന്ന ബ്രാന്‍ഡ് നാമത്തില്‍ കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിച്ച് മെഴുക്കാട്ടില്‍ മില്‍സ് ബി 2 സി വിഭാഗത്തിലേക്ക് കൂടി ചുവടുവെക്കുന്നത്.
തിരക്കിട്ട നിത്യജീവിതത്തില്‍ നാളികേരം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കുറഞ്ഞ സമയത്തില്‍ നിരവധി ഭക്ഷണ വിഭവങ്ങളില്‍ നാളികേരം ഉപയോഗിക്കുവാനുള്ള അവസരമൊരുക്കുകയാണ് ഈ റെഡി ടു യൂസ് കോക്കനട്ട് പേസ്റ്റ്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ അടങ്ങിയ നാളികേരത്തിന്‍റെ പേസ്റ്റ് രൂപമാണിത്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ഉല്‍പ്പന്നം തികച്ചും ആരോഗ്യപ്രദവുമാണ്. പേസ്റ്റ് രൂപത്തിലുള്ള ഇതിന്‍റെ സാന്ദ്രത മൂലം എല്ലാ വിഭവങ്ങളിലും ഇത് ഉപയോഗിക്കാന്‍ സാധിക്കും. ചിരകിയതോ അരച്ചതോ ആയ നാളികേരം, നാളികേരപ്പാല്‍, എന്തിന് വറുത്ത നാളികേരത്തിന് പകരമായി വരെ ഈ ഉല്‍പ്പന്നം ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കുന്നു.
കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാറാണ് കോക്കനട്ട് പേസ്റ്റിന്‍റെ ആദ്യ വില്‍പ്പന നിര്‍വഹിച്ചത്. മെഴുക്കാട്ടില്‍ മില്‍സ് മാനേജിങ് പാര്‍ട്ണര്‍ എം.ബി മുഹമ്മദലി, ഫൗണ്ടര്‍ പാര്‍ട്ണര്‍ എം. ബി കോയക്കുട്ടി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉബൈസ് അലി, ഷെഫ് ആന്‍ഡ് റെസിപ്പി കണ്‍സല്‍ട്ടന്‍റ് സന്ധ്യ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.