ക്ലബ്ഹൗസ് ഇന്ത്യയിലെത്തുന്നു
ഇന്ത്യ, നൈജീരിയ വിപണികളില്‍ മെയ് 21 ന് രാവിലെയാണ് വരുന്നത്
ന്യൂഡെല്‍ഹി: ക്ലബ്ഹൗസ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന സമയക്രമം കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ് ലഭ്യമാണ്. മെയ് തുടക്കത്തില്‍ യുഎസില്‍ മാത്രമായി ആന്‍ഡ്രോയ്ഡ് ബീറ്റ പരീക്ഷണം ആരംഭിച്ചിരുന്നു. ബ്രസീല്‍, ജപ്പാന്‍, റഷ്യ രാജ്യങ്ങളില്‍ മെയ് 18 ന് അവതരിപ്പിച്ചതായി ഡെവലപ്പര്‍മാര്‍ അറിയിച്ചു. ഇന്ത്യ, നൈജീരിയ വിപണികളില്‍ മെയ് 21 ന് രാവിലെയാണ് വരുന്നത്. ഇന്‍വൈറ്റ് ഓണ്‍ലി ഓഡിയോ അധിഷ്ഠിത സാമൂഹ്യ മാധ്യമമാണ് ക്ലബ്ഹൗസ്. ഇലോണ്‍ മസ്‌കും മറ്റുള്ളവരും ഓഡിയോ ചാറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ വര്‍ഷമാദ്യമാണ് ക്ലബ്ഹൗസിന്റെ ജനപ്രീതി വര്‍ധിച്ചത്.
പരിമിത എണ്ണം ടെസ്റ്റര്‍മാരുമായി മെയ് ആദ്യ വാരത്തിലാണ് യുഎസില്‍ ആന്‍ഡ്രോയ്ഡ് ആപ്പിന്റെ ബീറ്റ പരീക്ഷണം ആരംഭിച്ചത്. ഒരാഴ്ച്ച കഴിഞ്ഞതോടെ ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പബ്ലിക് ബീറ്റ അവതരിപ്പിച്ചു. ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് ആപ്പ് വരുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഡെവലപ്പര്‍മാര്‍. വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷം ക്ലബ്ഹൗസ് ആഗോളതലത്തില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ആപ്പിന്റെ പബ്ലിക് ബീറ്റയാണ് ലഭിക്കുന്നത്. ക്ലബ്ഹൗസ് ആപ്പിന്റെ യഥാര്‍ത്ഥ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇലോണ്‍ മസ്‌കും മറ്റ് സെലിബ്രിറ്റികളും ഓഡിയോ ചാറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ ഈ വര്‍ഷമാദ്യമാണ് ക്ലബ്ഹൗസിന്റെ ജനപ്രീതി വര്‍ധിച്ചത്. ഇതോടെ മറ്റ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളും ക്ലബ്ഹൗസിന്റെ സ്വന്തം വേര്‍ഷനുകള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഡിസ്‌കോര്‍ഡ്, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ ഇതിനകം എതിരാളി ആപ്പുകള്‍ അവതരിപ്പിച്ചു. ട്വിറ്റര്‍ സ്‌പേസസ്, ഇന്‍സ്റ്റാഗ്രാം ലൈവ് റൂംസ്, ടെലഗ്രാം വോയ്‌സ് ചാറ്റ്‌സ് 2.0 എന്നിവ ഉദാഹരണങ്ങളാണ്. ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍ എന്നിവ അവരുടേതായ ബദലുകള്‍ വികസിപ്പിക്കുകയാണ്.