റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ ചൈന കോപ്പിയടിച്ചു
ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാന്‍വേയാണ് ജി30 നിര്‍മിച്ചത്
ന്യൂഡെല്‍ഹി: ലോകമെങ്ങുമുള്ള പ്രശസ്ത വാഹനങ്ങളുടെ ഡിസൈന്‍ കോപ്പിയടിച്ച് നിര്‍മിക്കുന്നത് ചൈന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഡുകാറ്റി സ്‌ക്രാംബ്ലര്‍, ഹോണ്ട ഗോള്‍ഡ് വിംഗ്, കെടിഎം 200 ഡ്യൂക്ക് തുടങ്ങി നിരവധി ഇരുചക്ര വാഹനങ്ങളും അതിലേറെ കാറുകളും ചൈനീസ് കമ്പനികള്‍ ഒരു നാണക്കേടും കൂടാതെ അതേപോലെ പകര്‍ത്തിയിരുന്നു. നമ്മുടെ, ഇന്ത്യയുടെ അഭിമാനമായ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെയാണ് ചൈന ഏറ്റവും ഒടുവിലായി അനുകരിച്ച് നിര്‍മിച്ചത്. ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാന്‍വേയാണ് റെട്രോ ലുക്ക് നല്‍കി ജി30 എന്ന പുതിയ മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചത്. റോയല്‍ എന്‍ഫീല്‍ഡിന്റെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുമായി വളരെയധികം സാമ്യമുള്ളതാണ് ഈ മോഡല്‍.
ക്ലാസിക് സ്റ്റൈല്‍ ലഭിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാണ് ഈ മോട്ടോര്‍സൈക്കിളെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയാല്‍ നിങ്ങളെ കുറ്റം പറയാന്‍ കഴിയില്ല. ഡിസൈന്‍ ഭാഷ ഏകദേശം സമാനമാണ്. വൃത്താകൃതിയുള്ള ഹെഡ്‌ലാംപ്, ഇന്ധന ടാങ്ക് ഡിസൈന്‍, ഉയരമേറിയ വിന്‍ഡ്‌സ്‌ക്രീന്‍, പുറമേക്കാണുന്ന ഫ്രെയിം എന്നിവയെല്ലാം ഈ ചൈനീസ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നു. 249.2 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹാന്‍വേ ജി30 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 26 ബിഎച്ച്പി കരുത്തും 22 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഹാന്‍വേ ജി30 മോട്ടോര്‍സൈക്കിള്‍ ഈയിടെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 17,280 ചൈനീസ് യുവാനാണ് വില. ഏകദേശം 1.92 ലക്ഷം ഇന്ത്യന്‍ രൂപ. ഹിമാലയനേക്കാള്‍ വില കുറവ്.
2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതിയ നിറങ്ങള്‍, ചെറിയ സ്റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍, പുതുതായി ട്രിപ്പര്‍ നാവിഗേഷന്‍ എന്നിവ നല്‍കിയാണ് ഹിമാലയന്‍ പരിഷ്‌കരിച്ചത്. ഇന്ത്യയിലെ വില്‍പ്പന കൂടാതെ യൂറോപ്പ്, യുഎസ്, ഏഷ്യന്‍ വിപണികളിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ കയറ്റുമതി ചെയ്തുവരുന്നു.
ഈ വിഷയത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഏതുവിധത്തില്‍ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം. ചൈനീസ് കമ്പനികള്‍ക്കെതിരായ പകര്‍പ്പവകാശ ലംഘന കേസുകളില്‍ വിദേശ ഓട്ടോ ബ്രാന്‍ഡുകള്‍ വിജയിക്കുന്നത് വളരെ കുറവാണ്. എന്നാല്‍ 2019 ല്‍ ജിയാംലിംഗ് മോട്ടോര്‍ കോര്‍പ്പറേഷനെതിരെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിജയിച്ചിരുന്നു. ഇവോക്ക് എസ്‌യുവിയുടെ തനിപകര്‍പ്പ് ലാന്‍ഡ് വിന്‍ഡ് എക്‌സ്7 എന്ന പേരില്‍ നിര്‍മിച്ചതിന് ബെയ്ജിംഗ് കോടതിയാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ക്ക് അനുകൂലമായി വിധി പറഞ്ഞത്