നെക്‌സോണ്‍ എസ്‌യുവിയുടെ നാല് ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തി
എക്‌സ്ഇ, എക്‌സ്‌സെഡ്, എക്‌സ്എംഎ, എക്‌സ്‌സെഡ്എ പ്ലസ് (എസ്) എന്നീ വേരിയന്റുകളാണ് ഒഴിവാക്കിയത്
മുംബൈ: ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ നാല് ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തി. എക്‌സ്ഇ, എക്‌സ്‌സെഡ്, എക്‌സ്എംഎ, എക്‌സ്‌സെഡ്എ പ്ലസ് (എസ്) എന്നീ വേരിയന്റുകളുടെ വില്‍പ്പനയാണ് അവസാനിപ്പിച്ചത്. നെക്‌സോണ്‍ ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയായിരുന്നു. നെക്‌സോണ്‍ ഉപയോക്താക്കളുടെ ചോയ്‌സുകള്‍ ലളിതമാക്കുന്നതിനാണ് ചില ഡീസല്‍ വേരിയന്റുകള്‍ ഒഴിവാക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
എക്‌സ്ഇ ഒഴിവാക്കിയതോടെ എക്‌സ്എം വേരിയന്റാണ് ഇപ്പോള്‍ ബേസ് ഡീസല്‍ വേരിയന്റ്. ടോപ് ഡീസല്‍ വേരിയന്റ് എക്‌സ്‌സെഡ്എ പ്ലസ് ഡിടി(ഒ). ഇപ്പോള്‍ 12 പെട്രോള്‍ വേരിയന്റുകളിലും എട്ട് ഡീസല്‍ വേരിയന്റുകളിലും ടാറ്റ നെക്‌സോണ്‍ ലഭിക്കും. നേരത്തെ നെക്‌സോണ്‍ എസ്‌യുവിയുടെ ‘ടെക്‌ടോണിക് ബ്ലൂ’ കളര്‍ ഓപ്ഷന്‍ നിര്‍ത്തിയിരുന്നു. മാത്രമല്ല, പുതിയ 5 സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ടാറ്റ നെക്‌സോണ്‍ ലഭിക്കുന്നത്. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ഡീസല്‍ മോട്ടോര്‍ പരമാവധി പുറപ്പെടുവിക്കുന്നത് 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യ കാറാണ് ടാറ്റ നെക്സോണ്‍. ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടാന്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന ഈ സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് കഴിഞ്ഞു. നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്സോണ്‍. ഇതുവരെ രണ്ട് ലക്ഷം യൂണിറ്റ് നെക്സോണ്‍ നിര്‍മിച്ചതായി കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു.