നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ വിറ്റഴിക്കലിലൂടെ നേടിയത് 7,645.70 കോടി രൂപ
1 min readഎല്‍ഐസി ഐപിഒയുടെ വലുപ്പം മുമ്പത്തെ ഏതൊരു ഇഷ്യുവിനേക്കാളും വലുതാകും എന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്
ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 7,645.70 കോടി രൂപ ഓഹരി വിറ്റഴിക്കല്‍ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിക്കാനായതായി കേന്ദ്രസര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ബജറ്റ് എസ്റ്റിമേറ്റിന്‍റെ 4.37 ശതമാനമാണിത്. സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി 1,75,000 കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ധനകാര്യമന്ത്രി ഭഗവത് കിഷന്‍റാവു കരാദ് ഓഹരി വില്‍പ്പനയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കിയത്. നിരവധി ഓഹരി വിറ്റഴിക്കലുകള്‍ ഇടപാടുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പബ്ലിക് ഇഷ്യൂ ഈ വര്‍ഷം ഉണ്ടാകുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
എല്‍ഐസി ഐപിഒയ്ക്കായി മര്‍ച്ചന്‍റ് ബാങ്കര്‍മാരെയും നിയമ ഉപദേഷ്ടാക്കളെയും നിയമിക്കുന്നതിന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ ബിഡ്ഡുകള്‍ ക്ഷണിച്ചിരുന്നു. എല്‍ഐസി ഐപിഒയുടെ വലുപ്പം മുമ്പത്തെ ഏതൊരു ഇഷ്യുവിനേക്കാളും വലുതാകും എന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. നിലവിലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിനായി എയര്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവയുടെ വിറ്റഴിക്കല്‍ നടപടികളും ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തന്ത്രപരമായി അനിവാര്യമായ മേഖലകളിലൊഴികെ മറ്റെല്ലാ മേഖലയില്‍ നിന്നുമുള്ള ബിസിനസില്‍ നിന്നും പിന്‍വാങ്ങുകയാണ് നയമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി മൂലമുണ്ടായ കടുത്ത സാമ്പത്തിക ആഘാതങ്ങള്‍ക്കും അതിനുമുമ്പേ തുടങ്ങിയ സാമ്പത്തിക മാന്ദ്യത്തിനും ശേഷം സര്‍ക്കാര്‍ ഖജനാവിലെ വരുമാനം ഉറപ്പാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടൊരു മാര്‍ഗമായി കഴിഞ്ഞ കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ചത് ഓഹരി വിറ്റഴിക്കലായിരുന്നു.
ഈ വര്‍ഷം ആദ്യം നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത് ബിപിസിഎല്‍, എയര്‍ ഇന്ത്യ, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബിഇഎംഎല്‍, പവന്‍ ഹാന്‍സ്, നീലാചല്‍ ഇസ്പത് നിഗം ലിമിറ്റഡ് എന്നിവയുടെ ഓഹരി വിറ്റഴിക്കലും എല്‍ഐസിയുടെ ഐപിഒയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു എന്നാണ്. ഇതിനു പുറമേ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ലയനത്തിലൂടെ വെട്ടിച്ചുരുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.