ബഹിഷ്കരണം പാടില്ലെന്ന് ചലച്ചിത്ര നിര്‍മാതാക്കളോട് സിസിഐ
ന്യൂഡെല്‍ഹി: ഭാവിയില്‍ ബഹിഷ്കരണ ആഹ്വാനങ്ങള്‍ നല്‍കരുതെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും (ടിഎഫ്പിസി) തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനും (ടിഎഫ്സിസി) അവരുടെ ഭാരവാഹികള്‍ക്കും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) നിര്‍ദേശം നല്‍കി. ക്യൂബ് സിനിമാ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ സേവന ദാതാക്കളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 2018ല്‍ ബഹിഷ്കരണം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സിസിഐയുടെ ഉത്തരവ്.
ബഹിഷ്കരണ ആഹ്വാനത്തിന്‍റെ സ്വഭാവം, ദൈര്‍ഘ്യം, പങ്കാളിത്തം എന്നിവ പരിശോധിച്ചതിന്‍റെയും ബഹിഷ്കരണ കാലയളവിലും ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു എന്ന് മനസിലാക്കിയതിന്‍റെയും അടിസ്ഥാനത്തില്‍ സംഘടനകള്‍ക്ക് പിഴ ചുമത്തുന്നത് ഒഴിവാക്കുകയാണ്. എന്നാല്‍, ഭാവിയില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും പെരുമാറ്റം ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും സിസിഐ ഉത്തരവില്‍ പറയുന്നു.
ട്രേഡ് അസോസിയേഷനുകളുടെ പ്ലാറ്റ്ഫോം വിപണിയിലെ മത്സരത്തിന് എതിരായി വിനിയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും രണ്ട് ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷനുകള്‍ക്ക് സിസിഐ നിര്‍ദ്ദേശം നല്‍കി. മത്സര നിയമത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും വിപണി മത്സരം നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അംഗങ്ങളെ ബോധവത്കരിക്കുന്ന പരിപാടികള്‍ നടത്താനും നിര്‍ദേശിച്ചു.