സ്റ്റാലിന്‍റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് പരാതി
1 min readചെന്നൈ: വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയ ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിന്‍,ജനറല്‍ സെക്രട്ടറി ദുരൈ മുരുകന്‍, യൂത്ത് വിംഗ് നേതാവ് ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് ഡിഎംകെ നേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ഭരണകക്ഷിയായ എഐഎഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
എഐഎഡിഎംകെയുടെ അഭിഭാഷക വിംഗ് ജോയിന്‍റ് സെക്രട്ടറി ബാബു മുരുകവേല്‍ നല്‍കിയ പരാതിയില്‍ കൊളത്തൂര്‍ നിയോജകമണ്ഡലത്തിലെ വനിതാ സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് വോട്ടുകള്‍ ക്യാന്‍വാസ് ചെയ്യുന്നതിനായി സ്റ്റാലിന്‍റെ ഭാര്യ പതിനായിരം രൂപവീതം നല്‍കിയെന്ന് ആരോപിക്കുന്നു. സ്റ്റാലിന്‍റെ കൂട്ടാളികളും സഹപ്രവര്‍ത്തകരും ജി-പേ വഴി വോട്ടര്‍മാര്‍ക്ക് 5,000രൂപവീതം വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുച്ചിറപ്പള്ളി വെസ്റ്റില്‍ മത്സരിക്കുന്ന ഡിഎംകെയുടെ കെ എന്‍ നെഹ്റുവിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഉദയനിധി സ്റ്റാലിന്‍ (ചെപാക്-തിരുവള്ളിക്കേനി), ഇ.വി.വേലു (തിരുവണ്ണാമലൈ), ദുരൈ മുരുകന്‍ (കട്പാടി) എന്നിവര്‍ തങ്ങളുടെ സഹായികള്‍ വഴി 2,000 മുതല്‍ 5,000 രൂപ വരെ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും പരാതിയിലുണ്ട്.
സണ്‍ ന്യൂസ് ചാനലില്‍ നിരോധിച്ച വീഡിയോകള്‍, ക്ലിപ്പിംഗുകള്‍, ഫൂട്ടേജുകള്‍ എന്നിവ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിനും എ.ഐ.എ.ഡി.എം.സി ഇസിയോട് ആവശ്യപ്പെട്ടു. തമിഴ്നാട് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ക്കുള്ള പണം ഒരു പ്രധാന വിഷയമാണ്. തമിഴ്നാട്ടില്‍നിന്ന് ഇതുവരെ പണമായും മറ്റ് വസ്തുക്കളായും 428.46 കോടിരുപ പിടിച്ചെടുത്തിട്ടുണ്ട്.