2020-21ല്‍ കാനറ ബാങ്കിന്‍റെ അറ്റാദായം 2,557 കോടി രൂപ
ന്യൂഡെല്‍ഹി: 202021 സാമ്പത്തിക വര്‍ഷത്തില്‍ കാനറ ബാങ്ക് 2,557 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 5,838 കോടി രൂപയായിരുന്നു. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം (എന്‍ഐഐ) 18.57 ശതമാനം ഉയര്‍ന്ന് 24,062 കോടി രൂപയായി. പലിശേതര വരുമാനം 40.75 ശതമാനം ഉയര്‍ന്ന് 15,285 കോടി രൂപയായി.
കറന്‍റ് ആന്‍ഡ് സേവിംഗ് എക്കൗണ്ട് (കാസ) നിക്ഷേപം 13.95 ശതമാനം ഉയര്‍ന്ന് 3,30,656 കോടി രൂപയായെന്നും റീട്ടെയില്‍ വായ്പകള്‍ 12.14 ശതമാനം ഉയര്‍ന്ന് 1,15,312 കോടി രൂപയായെന്നും ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ബാങ്കിന്‍റെ അറ്റാദായം 1,010 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന പാദത്തില്‍ ഇത് 6,567 കോടി രൂപയായിരുന്നു. എന്‍ഐഐ 9.87 ശതമാനം ഉയര്‍ന്ന് 5,589 കോടി രൂപയായി.
കാനറ ബാങ്കിന്‍റെ മൊത്ത നിഷ്ക്രിയ ആസ്തി (എന്‍പിഎ) മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 60,288 കോടി രൂപയാണ്. അറ്റ എന്‍പിഎ 24,442 കോടി രൂപയുമാണ്. മൊത്തം എന്‍പിഎ 46 ബേസിസ് പോയിന്‍റ് കുറഞ്ഞ് 9.93 ശതമാനമായി. അറ്റ എന്‍പിഎ 52 ബേസിസ് പോയിന്‍റ് കുറഞ്ഞ് 3.82 ശതമാനമായി.