ഇന്ത്യയിലെ ടിക്ടോക് ആസ്തികള്‍ വില്‍ക്കാനൊരുങ്ങി ബൈറ്റ് ഡാന്‍ഡ്
1 min readഇന്‍മോബിയെയും ബൈറ്റ്ഡാന്‍സിനെയും നിക്ഷേപങ്ങളിലൂടെ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്നുണ്ട്
ന്യൂഡെല്‍ഹി: ചൈനയില്‍ നിന്ന് അതിവേഗം വളര്‍ന്ന ടെക്നോളജി വമ്പനായ ബൈറ്റ്ഡാന്‍സ് തങ്ങളുടെ ഏറ്റവും പ്രചാരത്തിലുള്ള പ്ലാറ്റ്ഫോം ടിക് ടോക്കിന്‍റെ ഇന്ത്യന്‍ ആസ്തികളും പ്രവര്‍ത്തനങ്ങളും മുഖ്യ എതിരാളികളായ യൂണികോണ്‍ കമ്പനി ഗ്ലാന്‍സിന് വില്‍ക്കുന്നത് പരിഗണിക്കുന്നു. ബ്ലൂംബര്‍ഗ് ന്യൂസ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍റെ കാര്‍മികത്വത്തില്‍ ആരംഭിച്ച ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ടിക് ടോക്കിനെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിനുശേഷം ജനപ്രീതി നേടിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ റോപോസോയും, ഗ്ലാന്‍സിന്‍റെ മാതൃകമ്പനി ഇന്‍മൊബിയുടെ ഉടമസ്ഥതയിലുള്ളതാണ്. ചൈനയുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ടിക്ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതിനു മുമ്പ് ചുരുങ്ങിയ കാലയളവിലാണ് ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും ടിക്ടോക് ഇന്ത്യന്‍ വന്‍വളര്‍ച്ച സ്വന്തമാക്കിയിരുന്നത്.
ഇന്‍മോബിയെയും ബൈറ്റ്ഡാന്‍സിനെയും നിക്ഷേപങ്ങളിലൂടെ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സോഫ്റ്റ്ബാങ്ക് ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിക്കുന്നത്. സോഫ്റ്റ്ബാങ്ക്, ബൈറ്റ്ഡാന്‍സ്, ഇന്‍മോബി എന്നിവ ഇതുവരെ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം, ബൈറ്റ്ഡാന്‍സ് ഇന്ത്യയിലെ തങ്ങളുടെ 2,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഉറപ്പില്ലായെന്നാണ് കമ്പനി മെമ്മോയിലൂടെ ജീവനക്കാരെ അറിയിച്ചത്.
ടിക്ക് ടോക്കിനും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കുമായുള്ള നിരോധനം നിലനിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചതിനെ പിന്നാലെയാണ് വില്‍പ്പന ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കില്‍ ടിക്ക് ടോക്കിന്‍റെ ഉപയോക്തൃ ഡാറ്റയും സാങ്കേതികവിദ്യയും അതിര്‍ത്തിക്കുള്ളില്‍ തന്നെ തുടരണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിബന്ധന വെച്ചേക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു.