തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വീണ്ടെടുപ്പ്: നോമുറ
1 min readസമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നോമുറ നിരീക്ഷിക്കുന്നു
ന്യൂഡെല്‍ഹി: കോവിഡ് 19 രണ്ടാം തരംഗം നല്‍കിയ തിരിച്ചടിക്ക് ശേഷം രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ തിരിച്ചുവരവില്‍ സ്ഥിരത പ്രകടമാകുന്നതായി ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ നിരീക്ഷണം.
മെയ് അവസാന വാരത്തില്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രാജ്യത്തെ ബിസിനസ് ആക്റ്റിവിറ്റി കൂപ്പു കുത്തിയിരുന്നു. ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ലഘൂകരിക്കാന്‍ തുടങ്ങിയതിന്‍റെ ഫലമായാണ് തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഇന്ത്യയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ ആക്കം വര്‍ധിച്ചതെന്ന് നോമുറ അഭിപ്രായപ്പെട്ടു.
ജൂണ്‍ 6 ന് അവസാനിച്ച ആഴ്ചയില്‍ നോമുറ ഇന്ത്യ ബിസിനസ് പുനരാരംഭിക്കല്‍ സൂചിക (എന്‍ഐബിആര്‍ഐ) 69.7 ആയി ഉയര്‍ന്നു. ഇത് ഒരാഴ്ച മുമ്പ് 62.9 ല്‍ നിന്ന് ഉയര്‍ന്നു. മെയ് അവസാനം രേഖപ്പെടുത്തിയ 60.2 ല്‍ നിന്ന് 9.5 ശതമാനം (പിപി) പുരോഗതിയെ സൂചിപ്പിക്കുന്നുവെന്ന് നോമുറ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നോമുറ നിരീക്ഷിക്കുന്നു. വളര്‍ച്ച ജൂണ്‍ മാസത്തോടെ ക്രമേണ ഉയരുമെന്നും ഇത് നിര്‍ണായകമായ രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും വിലയിരുത്തുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്ന വേഗതയും പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗതയുമാണ് ഈ ഘടകങ്ങള്‍.
‘മൊബിലിറ്റിയിലും വിശാലമായ സാമ്പത്തിക പ്രവര്‍ത്തനത്തിലുമുള്ള വീണ്ടെടുക്കലിന്‍റെ വേഗതയെ ആദ്യത്തെ ഘടകം നിര്‍ണ്ണയിക്കും. അതേസമയം കേസുകളുടെ എണ്ണം നിയന്ത്രണത്തിലാണെന്നും ലോക്ക്ഡൗണ്‍ ലഘൂകരണം സാധ്യമാണെന്നും ഉറപ്പാക്കുന്നതിന് രണ്ടാമത്തേത് പ്രധാനമാണ്,” നോമുറ സാമ്പത്തിക ശാസ്ത്രജ്ഞരായ സോണല്‍ വര്‍മ്മ, അരദീപ് നന്തി എന്നിവര്‍ പറഞ്ഞു.
ഗൂഗിള്‍ വര്‍ക്ക്പ്ലേസ്, റീട്ടെയില്‍, വിനോദ മൊബിലിറ്റി സൂചികകളും മുന്‍ ആഴ്ചയെ അപേക്ഷിച്ച് കഴിഞ്ഞ ആഴ്ച 8 പിപിയിലധികം ഉയര്‍ന്നു. ആപ്പിള്‍ ഡ്രൈവിംഗ് സൂചിക കുത്തനെയുള്ള മുന്നേറ്റമാണ് പ്രകടമാക്കിയത്. റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം മേയ് പകുതിയിലെ 160 കോടിയില്‍ നിന്ന് 460 കോടി രൂപയായി ഉയര്‍ന്നു.
മൊബിലിറ്റി ഇതര സൂചകങ്ങള്‍ കൂടുതല്‍ സാവധാനത്തിലാണ് പ്രതികരിക്കുന്നതെന്ന് നോമുറ പറഞ്ഞു. റെയില്‍വേ ചരക്ക് വരുമാനം രണ്ടാഴ്ചയായി സ്ഥിരമായി തുടരുന്നു. വൈദ്യുതി ഉപഭോഗം 7.6 ശതമാനം മെച്ചപ്പെട്ടു. തൊഴില്‍ പങ്കാളിത്ത നിരക്ക് 39 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു. എങ്കിലും തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ആഴ്ചയിലെ 12.2 ശതമാനത്തില്‍ നിന്ന് 13.6 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 3.8 ശതമാനം സങ്കോചം സമ്പദ് വ്യവസ്ഥയില്‍ പ്രകടമാകുമെന്നാണ് നോമുറ നിരീക്ഷിക്കുന്നത്.