കേന്ദ്ര ബജറ്റില്‍ എല്‍ഐസി, ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പന പ്രഖ്യാപിച്ചേക്കും
1 min read2021-22ല്‍ ഓഹരി വില്‍പ്പനയിലൂടെ 2.5 ട്രില്യണ്‍ മുതല്‍ 3 ട്രില്യണ്‍ രൂപ വരെ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്
ന്യൂഡെല്‍ഹി: അടുത്ത ആഴ്ച അവതരിപ്പിക്കപ്പെടുന്ന കേന്ദ്ര ബജറ്റില്‍ വലിയ സ്വകാര്യവത്കരണ നടപടികള്‍ പ്രഖ്യാപിക്കപ്പെടുമെന്ന് സൂചന. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 10% മുതല്‍ 15% വരെ ഓഹരി വില്‍പ്പന പ്രഖ്യാപിക്കാന്‍ തയാറെടുക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. പൊതുചെലവിടല്‍ ഉയര്‍ത്തുന്നതിന് കൂടുതല്‍ സ്വകാര്യവത്കരണ നടപടികള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
വന്‍കിട കമ്പനികളായ എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ വലിയ മുന്നേറ്റം നടത്താനായിട്ടില്ല. ഇപ്പോള്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക ഇടിവിന്റെ പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ഓഹരി വില്‍പ്പന ശ്രമങ്ങള്‍ പുതുക്കുകയാണ്.
ഐഡിബിഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവിടങ്ങളിലെ ഓഹരികളും വില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്നാണ് വിവരം. ഈ വര്‍ഷത്തെ വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പ്പനയിലൂടെ 2.5 ട്രില്യണ്‍ മുതല്‍ 3 ട്രില്യണ്‍ രൂപ വരെ (34 ബില്യണ്‍ മുതല്‍ 41 ബില്യണ്‍ ഡോളര്‍ വരെ) സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
400 ബില്യണ്‍ ഡോളറിലധികം ആസ്തികളുള്ള എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളുടെ വില്‍പ്പന സുഗമമാക്കുന്നതിന്, എല്‍ഐസി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. എല്‍ഐസിയിലെ ഓഹരി വില്‍ക്കാനുള്ള പദ്ധതി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. നിയമപരവും ഭരണപരവുമായ തടസ്സങ്ങള്‍ കാരണം അത് വൈകുകയായിരുന്നു.
സമ്പദ്വ്യവസ്ഥയിലെ വായ്പാ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതും സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നതിനുമുമ്പ് പൊതു മേഖലാ ബാങ്കുകളുടെ മൂല്യനിര്‍ണ്ണയം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഒരു ബാഡ് ബാങ്ക് രൂപീകരിക്കുന്നത് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അതിലേക്ക്് ബാങ്കുകളുടെ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സമ്മര്‍ദിത സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടും. പിന്നീട് ആ ആസ്തികള്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ വൃത്തിയാക്കാനും അവയുടെ മൂല്യനിര്‍ണ്ണയം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് കണക്കാക്കുന്നു.