വാക്സിന്‍ : കേരള മോഡല്‍ നടപ്പാക്കാന്‍ തടസമെന്തെന്ന് ബോംബെ ഹൈക്കോടതി
- വാക്സിന്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് തടസമെന്തെന്ന് കേന്ദ്രത്തോട് കോടതി
- ജമ്മു കശ്മീരിലും കേരളത്തിലും ഇത് നടക്കുന്നുണ്ടെന്നും പരാമര്‍ശം
മുംബൈ: കേരളത്തിലെ വാക്സിന്‍ വിതരണ രീതിയെ പ്രശംസിച്ച് ബോംബെ ഹൈക്കോടതി. ഇത് പകര്‍ത്താന്‍ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടാണെന്നും കോടതി. വീടുകളിലെത്തിച്ച് വാക്സിന്‍ നല്‍കുന്നതിന് എന്താണ് തടസമെന്നാണ് ബോംബെ ഹോക്കടതി കേന്ദ്രത്തോട് ചോദിച്ചത്.
കേരളവും ജമ്മു കശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ എന്താണ് തടസമെന്നും കോടതി ആരാഞ്ഞു. വാക്സിന്‍ വീടുകളില്‍ എത്തിച്ചുനല്‍കുന്നത് സാധ്യമായ കാര്യമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. ഇതിനെയാണ് ബോംബെ ഹൈക്കോടതി ചോദ്യം ചെയ്തത്.
75 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരډാര്‍ക്കും കിടപ്പുരോഗികള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വാക്സിന്‍ വീട്ടിലെത്തിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബോംബെ ഹൈക്കോടതി.
കേന്ദ്രത്തിന്‍റെ പുതിയ വാക്സിന്‍ നയത്തില്‍ വാക്സിന്‍ വീടുകളിലെത്തിക്കുക എന്നത് ഇപ്പോള്‍ സാധ്യമല്ലെന്നാണ് വ്യക്തമാക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
കേരളത്തിലും ജമ്മു കശ്മീരിലും സാധ്യമെങ്കില്‍ ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കും സാധ്യമാകണമെന്ന തരത്തിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേന്ദ്രം വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.