ബിജെപി അധ്യക്ഷന്‍ കേരളത്തിലെത്തി
1 min readതിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ തലസ്ഥാനത്ത് എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നദ്ദയുടെ സന്ദര്‍ശനം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി ഒരു തന്ത്രം രൂപീകരിക്കുക എന്നതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനായി മുതിര്‍ന്ന ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി നദ്ദ കൂടിക്കാഴ്ച നടത്തുകയും നിരവധിപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് 10മുതല്‍ 15വരെ സീറ്റുകള്‍ നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത് അപ്രാപ്യമായ സംഖ്യയാണെന്ന് വിമര്‍ശകര്‍ കരുതുന്നുവെങ്കിലും പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള സാധ്യത സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ കുറഞ്ഞത് 10 സീറ്റുകള്‍ നേടാനാകുമെന്നും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ വശങ്ങളും പരിഗണിച്ച് മികച്ച മത്സരം കാഴ്ചവെച്ചാല്‍ 25സീറ്റില്‍ വരെ വിജയം നേടാമെന്ന് കണ്ടെത്തിയിരുന്നു. മോദി സര്‍ക്കാരിനെക്കുറിച്ചും സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഫീഡ്ബാക്ക് ലഭിക്കുന്നതിന് ബിസിനസ്് നേതാക്കളുമായും തലസ്ഥാന നഗരത്തിലെ ഉന്നതരുമായും കൂടിക്കാഴ്ച നടത്തും.
ആര്‍എസ്എസ് നേതൃത്വവും ബിജെപി സംസ്ഥാന നേതൃത്വവും പാര്‍ട്ടി നേരിടുന്ന ഗുണദോഷ വശങ്ങളെക്കുറിച്ച് അധ്യക്ഷന് വിവരങ്ങള്‍ നല്‍കും. വ്യാഴാഴ്ച നടക്കുന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ നദ്ദ പിന്നീട് തൃശൂരിലേക്ക് പോകും. വ്യാഴാഴ്ച തന്നെ അദ്ദേഹം ഡെല്‍ഹിയിലേക്ക് മടങ്ങും.