ക്രിപ്റ്റോകറന്‍സികള്‍ രാജ്യത്ത് പൂര്‍ണമായും നിരോധിക്കണം: രാകേഷ് ജുന്‍ജുന്‍വാല
1 min readഒരു ദിവസം 5-10 ശതമാനം ചാഞ്ചാട്ടം പ്രകടമാക്കുന്ന ഒന്നിനെ കറന്‍സിയായി കണക്കാക്കാനാവില്ല
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സികള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന് പ്രഗത്ഭനായ നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന്‍ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ ഈ വ്യത്യസ്ത അഭിപ്രായം എന്നത് ശ്രദ്ധേയമാണ്. 2021 ല്‍ മാത്രം ബിറ്റ്കോയിന്‍ വില 90 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. എന്നാല്‍ 5 ഡോളറിന് പോലും ബിറ്റ്കോയിന്‍ വാങ്ങില്ലെന്നാണ് ഇന്ത്യയിലെ സെലിബ്രിറ്റി നിക്ഷേപകന്‍ പറയുന്നത്.
‘ഇത് ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഊഹക്കച്ചവടമാണെന്ന് ഞാന്‍ കരുതുന്നു. നഗരത്തിലെ എല്ലാ പാര്‍ട്ടികളിലും ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഹാംഗ് ഓവര്‍ വളരെ മോശമായിരിക്കും എന്നു ഞാന്‍ കരുതുന്നു,’ സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ജുജുന്‍വാല പറഞ്ഞു. ഒരു ദിവസം 5-10 ശതമാനം ചാഞ്ചാട്ടം പ്രകടമാക്കുന്ന ഒന്നിനെ കറന്‍സിയായി കണക്കാക്കാനാവില്ല. ലോകത്ത് കറന്‍സി സൃഷ്ടിക്കാനുള്ള അവകാശം പരമാധികാര ഭരണ സംവിധാനങ്ങള്‍ക്ക് മാത്രമേയുള്ളൂ. നാളെ ആളുകള്‍ 5 ലക്ഷം ബിറ്റ്കോയിനുകള്‍ ഉത്പാദിപ്പിക്കും, ഏത് കറന്‍സിയാണ് പോകുക?,’ അദ്ദേഹം ചോദിച്ചു.
യുഎസ് ഡോളറില്‍ 1-2 ശതമാനം ഏറ്റക്കുറച്ചിലുകള്‍ വലിയ വാര്‍ത്തയാകുന്നുണ്ട്. എന്നാല്‍ ബിറ്റ്കോയിനില്‍ മിക്ക ദിവസവും 5-10 ശതമാനം ചാഞ്ചാട്ടം കാണിക്കുന്നു. ഇന്ത്യയില്‍ റെഗുലേറ്റര്‍മാര്‍ ഇതില്‍ ഇടപെട്ട് ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കുകയും ഡിജിറ്റല്‍ രൂപയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് കരുതുന്നതായും ജുന്‍ജുന്‍വാല കൂട്ടിച്ചേര്‍ത്തു.
ഇതുവരെ ഏറ്റവുമധികം അസ്ഥിരത പ്രകടമാക്കിയ ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. 2020ന്‍റെ തുടക്കത്തിലും മധ്യത്തിലും ചെറിയ വര്‍ധന പ്രകടമാക്കിയ ബിറ്റ് കോയിന്‍, ഡിസംബര്‍ മുതല്‍ കുത്തനെ ഉയര്‍ച്ചയിലാണ്. ഡിസംബറിലെ 19,417.08 ഡോളറില്‍ നിന്ന് ഇപ്പോള്‍ 50,416.1 ഡോളറായി മൂല്യം ഉയര്‍ന്നു. ക്രിപ്റ്റോകറന്‍സികളുടെ വിപണി മൂല്യം ഫെബ്രുവരി 20 ന് ഒരു ട്രില്യണ്‍ ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളായ ടെസ്ല, മാസ്റ്റര്‍കാര്‍ഡ്, ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലോണ്‍ തുടങ്ങിയ പ്രമുഖരില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ പരമ്പരയാണ് ബിറ്റ്കോയിന്‍ വിലയിലെ അഭൂതപൂര്‍വമായ റാലിക്ക് ആക്കം കൂട്ടിയത്.