Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ അഗ്രിമ ഇന്‍ഫോടെക്കിനെ ബിഗ്ബാസ്കറ്റ് ഏറ്റെടുക്കുന്നു

 

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) ഇന്‍കുബേറ്റ് ചെയ്ത ഡീപ് ടെക് സ്റ്റാര്‍ട്ടപ്പ് അഗ്രിമ ഇന്‍ഫോടെക്കിനെ ബിഗ്ബാസ്കറ്റ് ഏറ്റെടുക്കുന്നു. ടാറ്റയുടെ സംരംഭമായ രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പലചരക്ക് ശൃംഖലയായ ബിഗ്ബാസ്കറ്റിന്‍റെ ഓഫ് ലൈന്‍ ചില്ലറവ്യാപാരത്തെ പരിഷ്കരിക്കുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ദ്വിദിന വെര്‍ച്വല്‍ ഉച്ചകോടിയായ ‘ഹഡില്‍ ഗ്ലോബല്‍ 2022’ല്‍ ബിഗ്ബാസ്കറ്റ് സിഇഒ ഹരി മേനോനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രിമ ഇന്‍ഫോടെക്കിന്‍റെ ഉപഭോക്തൃ വിഷന്‍ ടെക്നോളജി പ്ലാറ്റ് ഫോമായ ‘സൈറ്റ്’ ബിഗ്ബാസ്കറ്റിന്‍റെ ചില്ലറ വ്യാപാരകേന്ദ്രങ്ങളുടെ സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളില്‍ സ്ഥാപിക്കും. എല്ലാ ഇന്ത്യന്‍ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ബാര്‍കോഡില്ലാതെ ചിത്രത്തിന്‍റെ സഹായത്തോടെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന പ്ലാറ്റ് ഫോമാണിത്. അഗ്രിമ ഇന്‍ഫോടെക്കിലെ അനൂപ് ബാലകൃഷ്ണനും അരുണ്‍ രവിയും നിഖില്‍ ധര്‍മ്മനും ചേര്‍ന്നാണ് ‘സൈറ്റ്’ പ്ലാറ്റ് ഫോം വികസിപ്പിച്ചത്.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ഈ ഏറ്റെടുക്കല്‍ വളരെ നിര്‍ണായകമാണെന്ന് കെഎസ് യുഎം സിഇഒ ജോണ്‍ എം തോമസ് പറഞ്ഞു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ കരുത്തും മികവും വിളിച്ചോതുക മാത്രമല്ല ബിഗ്ബാസ്കറ്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള പ്രതിച്ഛായയെ ആണ് ഇത് വ്യക്തമാക്കുന്നത്. ബിസിനസുകളെ മെച്ചപ്പെടുത്തി മുന്നേറാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് ഊര്‍ജ്ജമേകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഗ്ബാസ്കറ്റുമായി കൈകോര്‍ക്കുന്നതിലൂടെ രാജ്യത്തെ ഷോപ്പിംഗ് അനുഭവം പുനര്‍നിര്‍വ്വചിക്കപ്പെടുമെന്ന് അഗ്രിമ ഇന്‍ഫോടെക്ക് സിഇഒയും സഹസ്ഥാപകനുമായ അനൂപ് ബാലകൃഷ്ണന്‍ പറഞ്ഞു. സീസണുകളും വരുന്ന സ്ഥലങ്ങളും വ്യത്യസ്തമായതിനാല്‍ സംസ്കരിക്കാത്ത ഭക്ഷ്യോല്‍പ്പന്നങ്ങളായ പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ചിത്രത്തിലൂടെ വേര്‍തിരിച്ചറിയുക മെഷീനുകളെ സംബന്ധിച്ച് ദുഷ്കരമായിരുന്നു. ഓരോ സീസണിലും വിവിധ സ്ഥലങ്ങളിലെ ഓരോ സ്റ്റോക്കിന്‍റേയും ആയിരക്കണക്കിന് ചിത്രങ്ങള്‍ എടുത്താണ് നൂറുശതമാനം കൃത്യത കൈവരിച്ചതെന്നും അഗ്രിമ ഇന്‍ഫോടെക് സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അരുണ്‍ രവി വ്യക്തമാക്കി.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

അഗ്രിമ ഇന്‍ഫോടെക്കിനെ ഏറ്റെടുക്കുന്നതിലൂടെ ബിസിനസിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുമെന്ന് ഹരി മേനോന്‍ പറഞ്ഞു. നിര്‍മ്മിതബുദ്ധിയിലും മെഷീന്‍ ലേണിംഗിലും ഈ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ബിഗ്ബാസ്കറ്റിന്‍റെ സാങ്കേതിക മുന്നേറ്റം സാധ്യമാക്കും. പലചരക്കു വ്യവസായത്തില്‍ മികച്ച നൂതന സാങ്കേതികവിദ്യകള്‍ അവലംബിക്കുന്നതിന് അഗ്രിമ സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Maintained By : Studio3