ബൈഡന്‍ യൂറോപ്പിലെത്തി; പുടിനുമായുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച
1 min readവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തന്‍റെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് യുകെയിലെത്തി.ജനുവരിയില്‍ അധികാരത്തില്‍ വന്നതിനുശേഷം നടത്തുന്ന ആദ്യ വിദേശ യാത്രയാണിത്.വാഷിംഗ്ടണും മോസ്കോയും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുഎസ് -റഷ്യ ഉച്ചകോടി അടുത്ത ആഴ്ചയാണ്. “ഞങ്ങള്‍ റഷ്യയുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല’ ബൈഡന്‍ പറഞ്ഞു.”എന്നാല്‍ റഷ്യന്‍ സര്‍ക്കാര്‍ പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ യുഎസ് ശക്തവും അര്‍ത്ഥവത്തായതുമായ രീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. അതേസമയം മോസ്കോയുടെ വിമര്‍ശകനായ അലക്സി നവാല്‍നിയുടെ രാഷ്ട്രീയ സംഘടനയെ റഷ്യന്‍ കോടതി നിരോധിച്ചു. അതിനെ തീവ്രവാദി എന്ന് മുദ്രകുത്തുകയും ചെയ്തു. കോടതിയുടെ തീരുമാനത്തെ അപലപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസ്താവനയില്‍, “രാജ്യത്തിന്‍റെ അവശേഷിക്കുന്ന ചുരുക്കം സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നിനെയാണ് റഷ്യ ഫലപ്രദമായി കുറ്റവാളിയാക്കിയത്’ എന്ന് പറഞ്ഞു.
മാര്‍ച്ചില്‍, നവാല്‍നിക്ക് വിഷം കൊടുത്തുവെന്നാരോപിച്ച് റഷ്യന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധവും നിയന്ത്രണങ്ങളും വാഷിംഗ്ടണ്‍ പ്രഖ്യാപിച്ചിരുന്നു.റഷ്യയിലെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ ഉദ്യോഗസ്ഥര്‍ 2020 ഓഗസ്റ്റ് 20 ന് നവാല്‍നിക്ക് വിഷം കൊടുക്കാന്‍ നോവിച്ചോക്ക് എന്ന നാഡി ഏജന്‍റിനെ ഉപയോഗിച്ചതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയതായി മുതിര്‍ന്ന യുഎസ് അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.നവാല്‍നി കേസ് കേവലം ആഭ്യന്തര കാര്യമാണെന്നും വിദേശ ഇടപെടല്‍ അനുവദിക്കില്ലെന്നും പറഞ്ഞ് റഷ്യ ഇത്തരം ആരോപണങ്ങള്‍ തള്ളി.
പുടിനുമായുള്ള ബൈഡന്‍റെ ആദ്യ വ്യക്തിഗത കൂടിക്കാഴ്ച ജൂണ്‍ 16 ന് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കും.യുറോപ്പിലേക്കുള്ള എട്ട് ദിവസത്തെ യാത്രയുടെ അവസാനമാണ് ഉച്ചകോടി. യാത്രയില്‍, ജൂണ്‍ 13 വരെ ബൈഡന്‍ യുകെയിലായിരിക്കും, ഈ സമയത്ത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുകയും അംഗരാജ്യങ്ങളിലെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യും. പുടിനെ കാണുന്നതിനുമുമ്പ് അദ്ദേഹം നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലേക്ക് പോകും.