139 കോടി വായ്പ നേടിയെന്ന് ഭാരത്‌പേ
1 min readന്യൂഡെല്‍ഹി: അള്‍ട്ടീരിയ ക്യാപിറ്റലില്‍ നിന്നും ഐസിഐസിഐ ബാങ്കില്‍ നിന്നുമായി 139 കോടി രൂപയുടെ (ഏകദേശം 20 മില്യണ്‍ ഡോളര്‍) വായ്പ സ്വരൂപിച്ചതായി ഫിന്‍ടെക് സേവന കമ്പനിയായ ഭാരത്‌പേ അറിയിച്ചു. അള്‍ട്ടീരിയ ക്യാപിറ്റലില്‍ നിന്ന് 90 കോടി രൂപയും ഐസിഐസിഐ ബാങ്കില്‍ നിന്ന് 49 കോടി രൂപയുമാണ് കമ്പനി സമാഹരിച്ചു. ഇതുവരെ 199 കോടി രൂപയുടെ വായ്ഹയാണ് കമ്പനി സമാഹരിച്ചിട്ടുള്ളത്
‘2023 മാര്‍ച്ചോടെ ചെറുകിട വ്യാപാരികള്‍ക്കും കിരാന സ്റ്റോര്‍ ഉടമകള്‍ക്കും 700 മില്യണ്‍ ഡോളര്‍ വായ്പ എത്തിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, സമീപഭാവിയില്‍ കൂടുതല്‍ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ വായ്പ പങ്കാളികളെ സ്വന്തമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു, ” ഭരത്‌പേയുടെ സഹസ്ഥാപകനും സിഇഒയുമായ അഷ്നീര്‍ ഗ്രോവര്‍ പറഞ്ഞു. വ്യാപാരികള്‍ക്കായി എല്ലാത്തരം ധനകാര്യ സേവനങ്ങളും ഒരിടത്തു തന്നെ ലഭ്യമാക്കുന്ന ഒരു ഡിജിറ്റല്‍ ബാങ്കായി മാറാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വ്യാപാര പങ്കാളികള്‍ക്ക് കമ്പനി പ്രതിമാസം 200 കോടി രൂപ വായ്പ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ഈ സാമ്പത്തിക വര്‍ഷം മൊത്തം 1000 കോടി രൂപ വായ്പ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ”ഞങ്ങള്‍ ഇതിനകം ഒരു ലക്ഷത്തിലധികം വ്യാപാരികള്‍ക്ക് വായ്പ വിതരണം ചെയ്തിട്ടുണ്ട്, ഇത് 8-10 മടങ്ങ് വര്‍ധിപ്പിക്കാനും 2021-ല്‍ ഒരു ദശലക്ഷം കിരാന സ്റ്റോര്‍ ഉടമകള്‍ക്ക് വായ്പ പ്രാപ്തമാക്കാനും ലക്ഷ്യമിടുന്നു,” ഭാരത്‌പേ ഗ്രൂപ്പ് പ്രസിഡന്റ് സുഹൈല്‍ സമീര്‍ പറഞ്ഞു.
ഏഷ്യയിലെ പ്രമുഖ വെഞ്ച്വര്‍ ഡെറ്റും സ്പെഷ്യാലിറ്റി ലെന്‍ഡിംഗ് സ്ഥാപനവുമായ ഇന്നോവന്‍ ക്യാപിറ്റലില്‍ നിന്ന് 60 കോടി രൂപ കടം സ്വരൂപിച്ചതായി ഭാരത്‌പേ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.