ജാഗ്രതൈ! ക്ലബ്ഹൗസ് ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തിയേക്കും
സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് മുന്നറിയിപ്പ് നല്‍കിയത്
ന്യൂഡെല്‍ഹി: ഇന്‍വൈറ്റ് ഓണ്‍ലി ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തില്‍ ഇതിനകം ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ക്ലബ്ഹൗസ് ഉപയോഗിക്കുന്നവരുടെ ഓഡിയോ ഡാറ്റ ചൈനീസ് സര്‍ക്കാരിന് ചോര്‍ത്തിനല്‍കിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ടൈം എന്‍ഗേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ദാതാവായ അഗോറയാണ് ക്ലബ്ഹൗസ് ആപ്പിന് ബാക്ക് എന്‍ഡ് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് എന്ന കാര്യം സ്റ്റാന്‍ഫഡ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി (എസ്‌ഐഒ) സ്ഥിരീകരിച്ചു. ക്ലബ്ഹൗസില്‍ യൂസര്‍ ഐഡി നമ്പര്‍, ചാറ്റ്‌റൂം ഐഡി എന്നിവ പ്ലെയ്ന്‍ടെക്സ്റ്റ് എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ഈ അസംസ്‌കൃത ഓഡിയോ കൈവശപ്പെടുത്താന്‍ അഗോറയ്ക്ക് സാധിച്ചേക്കും. ഇതോടെ ചൈനീസ് സര്‍ക്കാരിനും ഈ ഡാറ്റ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
യൂസര്‍മാരുടെ മെറ്റാഡാറ്റ ഇന്റര്‍നെറ്റിലൂടെ പ്ലെയ്ന്‍ടെക്സ്റ്റ് ആയി (എന്‍ക്രിപ്റ്റഡ് അല്ല) കൈമാറുകയാണ് ചെയ്യുന്നത്. യൂസറുടെ നെറ്റ്‌വര്‍ക്ക് ട്രാഫിക് നേടാന്‍ സാധിക്കുന്ന ഏതൊരു തേര്‍ഡ് പാര്‍ട്ടിക്കും ഈ ഡാറ്റ കൈവശപ്പെടുത്താന്‍ കഴിയും. ഉദാഹരണത്തിന്, റൂം മെറ്റാഡാറ്റ അയയ്ക്കപ്പെടുന്ന സെര്‍വറുകള്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലാണെന്ന് (പിആര്‍സി) കരുതുന്നതായി എസ്‌ഐഒ പ്രസ്താവിച്ചു. ചൈനീസ് സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന സെര്‍വറുകളിലേക്കാണ് ഓഡിയോ അയയ്ക്കുന്നത്. തുടര്‍ന്ന് എനികാസ്റ്റ് (വയര്‍ലെസ് ഡിസ്‌പ്ലേ റിസീവര്‍) വഴി ലോകമെങ്ങും വിതരണം ചെയ്യുന്നു.
അതേസമയം സ്റ്റാന്‍ഫഡ് റിപ്പോര്‍ട്ടിനോട് ക്ലബ്ഹൗസ് പ്രതികരിച്ചു. ഡാറ്റ സംരക്ഷണത്തിനും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി.