വന്‍ വിലക്കുറവില്‍ ബജാജ് ഡോമിനര്‍ 250
16,800 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ 1,54,176 രൂപയാണ് പുതിയ വില
കൊച്ചി: ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ വില കുറച്ചു. 16,800 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ 1,54,176 രൂപയാണ് പുതിയ വില. ടൂറിംഗ് മോട്ടോര്‍സൈക്കിളിന്റെ വില കുറച്ചതിലൂടെ കൂടുതല്‍ വില്‍പ്പനയാണ് ബജാജ് ഓട്ടോ പ്രതീക്ഷിക്കുന്നത്. 248.8 സിസി, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്സി എന്‍ജിനാണ് ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 27 പിഎസ് കരുത്തും 23.4 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.
മികച്ച ഹാന്‍ഡ്ലിംഗ് സൗകര്യം, മസ്‌കുലര്‍ ലുക്ക്, ഒന്നാന്തരം കംഫര്‍ട്ട് എന്നിവ ലഭിച്ച ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിലേതുപോലെ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍, ഇരട്ട ബാരല്‍ എക്‌സോസ്റ്റ്, ദീര്‍ഘദൂര യാത്രകളില്‍ സാധനങ്ങള്‍ സുരക്ഷിതമായി വെയ്ക്കുന്നതിന് സീറ്റിന് താഴെയായി ബംഗീ സ്ട്രാപ്പുകള്‍ എന്നിവ നല്‍കി. സ്പോര്‍ട്സ് ടൂറര്‍ അനുഭവം നല്‍കുന്നതാണ് ബജാജ് ഡോമിനര്‍ 250.
സ്പോര്‍ട്സ് ടൂറിംഗ് ഉദ്ദേശ്യത്തോടെ നിര്‍മിച്ച ഒരു മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ ടൂറിംഗ് സെഗ്‌മെന്റില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ ബിസിനസ് വിഭാഗം പ്രസിഡന്റ് സാരംഗ് കാനഡെ പറഞ്ഞു. സാധാരണ ഗതിയില്‍ വില വര്‍ധിക്കുമ്പോള്‍, സ്പോര്‍ട്‌സ് ടൂറിംഗ് കൂടുതല്‍ പ്രചാരം നേടുന്നതിനാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബജാജ് ഡോമിനര്‍ 250 അവതരിപ്പിച്ചത്.