November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഔഷധസസ്യ മേഖല ഇന്ത്യ ഇതുവരെ പൂര്‍ണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

1 min read
തിരുവനന്തപുരം: കോടിക്കണക്കിന് ഡോളറിന്‍റെ ആഗോള വ്യവസായമായി മാറാന്‍ സാധ്യതയുള്ള ഔഷധസസ്യ മേഖല ഇന്ത്യ ഇതുവരെ പൂര്‍ണമായി പ്രയോജനപ്പെടുത്തി യിട്ടില്ലെന്ന് വിദഗ്ധര്‍. വിദേശ സംരംഭകര്‍ ഇവിടെയെത്തി സംരംഭങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്ത്യയിലെ ഔഷധസസ്യ നിര്‍മ്മാണ രംഗത്തുള്ളവര്‍ ഇനിയും അത്തരം സാധ്യതകള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ സിമ്പോസിയത്തില്‍ അഭിപ്രായമുയര്‍ന്നു. ആയുര്‍വേദത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാധ്യത തിരിച്ചറിയുകയും വികസിപ്പിക്കുകയും ചെയ്യണമെന്ന് ‘ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന’ എന്ന വിഷയത്തില്‍ സംസാരിച്ച സ്പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് പറഞ്ഞു. ആയുര്‍വേദ മൂല്യവര്‍ധന രംഗത്ത് ഇന്ത്യക്ക് വലിയ ആഗോള വിപണി സാധ്യതയാണുള്ളത്. ആരോഗ്യകരമായ ഭക്ഷണത്തിനുള്ള ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗര്‍ട്ടും മധുരപലഹാരങ്ങളും അടക്കമുള്ളവയില്‍ തുളസി, അശ്വഗന്ധ തുടങ്ങിയ സസ്യങ്ങള്‍ ഉപയോഗിച്ച് നൂതന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയ്ക്കാകും.

23 കാരനായ ഫ്രഞ്ച് സംരംഭകന്‍ അടുത്തിടെ ഇന്ത്യയില്‍ വന്ന് നെല്ലിക്കയില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുകയും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിജയിക്കുകയും ചെയ്ത ഉദാഹരണം തോമസ് ജേക്കബ് ഉദ്ധരിച്ചു. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെസ്റ്റോറന്‍റുകളില്‍ ഈ വൈനിന് വലിയ വിപണിയുണ്ടെന്ന് ഈ സംരംഭകന്‍ മനസ്സിലാക്കി. സാധാരണ ഈ റെസ്റ്റോറന്‍റുകളില്‍ ഫ്രഞ്ച്, ഇറ്റാലിയന്‍ വൈനുകള്‍ മാത്രമേ ഉണ്ടാകൂ. 

കേരളത്തിലെ മീന്‍കറിയില്‍ കുടംപുളി ഉപയോഗിക്കുന്നത് മറ്റൊരു ഉദാഹരണമാണെന്ന് തോമസ് ജേക്കബ് ചൂണ്ടിക്കാട്ടി. കുടംപുളിയില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോക്സിസിട്രിക് ആസിഡ് അമിതവണ്ണത്തെ ചെറുക്കുന്നതിനുള്ള പ്രധാന ഘടകമായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1990 കളില്‍ കുടംപുളി സത്ത് ഉണ്ടാക്കാന്‍ തുടങ്ങിയ മലയാളി സംരംഭകനാണ് ഈ അറിവ് നേടിയത്. ആലുവ ആസ്ഥാനമായുള്ള ഈ കമ്പനി ഇപ്പോള്‍ കോടികളുടെ വരുമാനമുള്ള ആഗോള സംരംഭമായി വളര്‍ന്നു. കൃത്രിമമായി നിര്‍മ്മിച്ച ഹൈഡ്രോക്സിസിട്രിക് ആസിഡിനേക്കാള്‍ ആരോഗ്യകരമായ ബദല്‍ ആയിട്ടാണ് ഇതിനെ കാണുന്നത്. എന്നാല്‍ ഇത്തരം വിജയസംരംഭങ്ങള്‍ അധികം ഉണ്ടാകുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരം.

ഇന്ത്യയിലെ ഔഷധസസ്യ കര്‍ഷകരും ഉത്പാദകരും ആയുര്‍വേദ ഔഷധ വ്യവസായത്തെ മാത്രമാണ് നോക്കുന്നതെന്ന് തോമസ് ജേക്കബ്ബ് പറഞ്ഞു. ആഗോളതലത്തില്‍ അതിവേഗം വളരുന്ന വിപണികളായ ഭക്ഷണം, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് തുടങ്ങിയ വിപണിയിലെ പുതിയ പ്രവണതകള്‍ അവര്‍ പ്രയോജനപ്പെടുത്തുന്നില്ല. 2050 ഓടെ ആഗോള ഹെര്‍ബല്‍ വ്യവസായം 5 ട്രില്യണ്‍ യുഎസ് ഡോളര്‍ ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഇന്ത്യയിലെ സംരംഭകര്‍ പതിയെ ഔഷധസസ്യ മൂല്യവര്‍ധന രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന് തേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരഭകനായ രഞ്ജിത് കുമാര്‍ പറഞ്ഞു. തന്‍റെ കമ്പനി ഇപ്പോള്‍ മുരിങ്ങയില്‍ നിന്ന് നിര്‍മ്മിച്ച 30 ലധികം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലും വിദേശത്തുമായി വിപണനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔഷധ, സൗന്ദര്യവര്‍ധക മേഖലകളില്‍ ആവശ്യമായ സസ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് വഴിയൊരുക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.
  ജിടെക് മാരത്തണ്‍-2025 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില്‍
Maintained By : Studio3