ജനുവരിയില്‍ മുറികളില്‍ നിന്നുള്ള ശരാശരി വരുമാനം ഇടിഞ്ഞു
1 min readന്യൂഡെല്‍ഹി: പകര്‍ച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖല ഇതുവരെ പൂര്‍ണമായി വീണ്ടെടുക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ലഭ്യമായ മുറികളില്‍ നിന്നുള്ള ശരാശരി വരുമാനത്തില്‍ (റെവ്പാര്‍) ഹോട്ടലുകള്‍ ജനുവരിയില്‍ ഇടിവ് നേരിട്ടു. ഡിസംബറിനെ അപേക്ഷിച്ച് 4-6 ശതമാനം കുറവാണ് ജനുവരിയില്‍ ഉണ്ടായതെന്ന് എച്ച്വിഎസും അനറോക്കും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരിയില്‍ റെവ്പാര്‍ 1,900-2,100 രൂപയാണെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 52-54 ശതമാനം കുറവാണ്. അവലോകന മാസത്തില്‍ ശരാശരി പ്രതിദിന നിരക്ക് 6-8 ശതമാനം കുറഞ്ഞ് 4,100-4,300 രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31-33 ശതമാനം ഇടിവാണ് മുറികളുടെ ശരാശരി പ്രതിദിന നിരക്കിലുണ്ടായത്.
ഒക്യുപ്പന്‍സി നിരക്ക് ജനുവരിയില്‍ ഡിസംബറിനെ അപേക്ഷിച്ച് 1-2 ശതമാനം വര്‍ധിച്ച് 46-48 ശതമാനമായി.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിലും മുന്‍ മാസത്തെ അപേക്ഷിച്ച് മെച്ചപ്പെടല്‍ ഉണ്ടായി, 5.6 ശതമാനം വര്‍ധന. എന്നിരുന്നാലും, ഇത് 2020 ജനുവരിയിലെ നിലവാരത്തേക്കാള്‍ 40 ശതമാനം കുറവാണ്.
റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്ത് ഏറ്റവുമധികം ഒക്കുപ്പന്‍സി രേഖപ്പെടുത്തിള്ള ഏറ്റവും മികച്ച യാത്രാ കേന്ദ്രമായി ഗോവ തുടരുകയാണ്, കൂടാതെ ഇവിടെ ശരാശരി പ്രതിദിന നിരക്ക് കൊറോണയ്ക്ക് മുന്‍പുള്ളതിന്‍റെ അടുത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അഹമ്മദാബാദ്, കൊല്‍ക്കത്ത, ഗോവ എന്നിവിടങ്ങളിലാണ് ഡിസംബറിനെ അപേക്ഷിച്ച് 2021 ജനുവരിയില്‍ ഒക്കുപ്പന്‍സിയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്.