11 ലക്ഷം പേര്‍ക്ക് തൊഴില്‍ പോകും, ഈ ഡീല്‍ തകര്‍ന്നാല്‍
1 min readഫ്യൂച്ചര്‍-റിലയന്‍സ് കരാര്‍ തകര്‍ന്നാല്‍ 11 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ പോകുമെന്ന് വ്യാപാരികള്‍
ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മില്‍ നിയമയുദ്ധം തുടരുകയാണ്
ഡീലിന് അന്തിമ അനുമതി നല്‍കുന്നതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി തടയിട്ടിരുന്നു
മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും തമ്മിലുള്ള കരാര്‍ തകരുകയാണെങ്കില്‍ ഏകദേശം 11 ലക്ഷം പേര്‍ക്ക് തൊഴില്‍ പോകുമെന്ന് വ്യാപാരികള്‍. എഫ്എംസിജി വിതരണക്കാരും വ്യാപാരികളുടെ സംഘടനയും ഡെല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയും ചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
ബിഗ് ബസാര്‍, ഈസി ഡേ, നീല്‍ഗിരിസ്, സെന്‍ട്രല്‍, ബ്രാന്‍ഡ് ഫാക്റ്ററി തുടങ്ങി ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴില്‍ വന്നിരുന്ന എല്ലാ സ്ഥാപനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പും റിലയന്‍സും ഉറപ്പ് വരുത്തേണ്ടതുണ്ട്. ജീവനക്കാര്‍ക്കും വിതരണക്കാര്‍ക്കും തൊഴിലില്ലാത്ത അവസ്ഥ വരരുത്-ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷനും എഫ്എംസിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന്‍ ഡെല്‍ഹിയും പ്രഹാര്‍ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആമസോണിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇടയ്ക്കിടെയുള്ള നിയമയുദ്ധങ്ങള്‍ മേല്‍പ്പറഞ്ഞതിനെ പ്രതിസന്ധിയിലാക്കുന്നു. ഈ ഡീല്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന ഭയം അത് പലരിലും ജനിപ്പിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ അനേകം പേരുടെ ജീവിതമാകും പെരുവഴിയിലാകുക-പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിലെ 450 നഗരങ്ങളിലായി ഫ്യൂച്ചര്‍ ഗ്രൂപ്പിന് 2000ത്തിലധികം സ്റ്റോറുകളുണ്ട്. ഡീല്‍ തടയാന്‍ ആമസോണിന് സാധിച്ചാല്‍ ഇതെല്ലാം പൂട്ടേണ്ടി വരും. അതിലൂടെ 11 ലക്ഷം പേരുടെ തൊഴിലാണ് ഇല്ലാതാകുക. ഒപ്പം 6000ത്തോളം വെന്‍ഡര്‍മാര്‍ക്കും വിതരണക്കാര്‍ക്കും അവരുടെ ഏറ്റവും വലിയ ഉപഭോക്താവിനെ നഷ്ടമാകുകയും ചെയ്യും.
ഡീല്‍ പ്രകാരം വെന്‍ഡര്‍മാരുടെ എല്ലാ കുടിശികകളും തീര്‍ക്കാമെന്ന് റിലയന്‍സ് ഉറപ്പ് നല്‍കിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഒരിക്കലും ഇത് നടക്കാതിരിക്കരുതെന്നാണ് വ്യാപാരികളുടെ പക്ഷം.
റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള വമ്പന്‍ ഇടപാടിന് തടയിട്ട് സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് വ്യാപാരികളില്‍ ആശങ്ക ജനിച്ചിരിക്കുന്നത്. 3.4 ബില്യണ്‍ ഡോളറിനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ആസ്തികള്‍ റിലയന്‍സ് ഏറ്റെടുത്തത്. ഇതിന് തല്‍ക്കാലത്തേക്ക് അനുമതി നല്‍കേണ്ടെന്നാണ് ഇന്ത്യയുടെ കമ്പനി ട്രൈബ്യൂണലിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
ആമസോണിന്‍റെ പരാതിയില്‍ രേഖാമൂലമുള്ള മറുപടി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഫ്യൂച്ചര്‍ ഗ്രൂപ്പിന് നോട്ടിസ് അയച്ചിട്ടുണ്ട്. ശതകോടീശ്വര സംരംഭകനായ ജെഫ് ബെസോസിന്‍റെ ആമസോണിന് മുന്‍തൂക്കം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തങ്ങളുമായുണ്ടാക്കിയ പങ്കാളിത്ത കരാറിന്‍റെ ലംഘനമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ ഡീല്‍ എന്നാണ് ആമസോണിന്‍റെ പരാതി. കഴിഞ്ഞ വര്‍ഷമാണ് ആസ്തികള്‍ വില്‍ക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് തീരുമാനിച്ചത്. കടബാധ്യത ഉള്‍പ്പടെയുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു നീക്കം. ഏകദേശം 26000 കോടി രൂപയുടെ കടബാധ്യത ഗ്രൂപ്പിനുണ്ടെന്നാണ് കണക്കുകള്‍.
2020 ഒക്റ്റോബര്‍ 25ന് സിംഗപ്പൂര്‍ ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്‍റര്‍ പുറപ്പെടുവിച്ച എമര്‍ജന്‍സി ആര്‍ബിട്രേറ്റര്‍ ഓര്‍ഡറും ആമസോണിന് അനുകൂലമായിരുന്നു. റിലയന്‍സ് റീട്ടെയ്ലുമായുള്ള കരാര്‍ നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്നതായിരുന്നു ഉത്തരവ്. ഫ്യൂച്ചര്‍ റീട്ടെയ്ലും റിലയന്‍സും തമ്മിലുള്ള ഇടപാട് ചോദ്യം ചെയ്ത് ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാനുള്ള ഉത്തരവ് ഡെല്‍ഹി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി ഉത്തരവ്.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ അണ്‍ലിസ്റ്റഡ് ബിസിനസിന്‍റെ 49 ശതമാനം വാങ്ങാമെന്ന് 2019ല്‍ ആമസോണ്‍ കരാറിലെത്തിയിരുന്നു. തുടര്‍ന്ന് 3 മുതല്‍ 10 വര്‍ഷത്തിനിടയില്‍ ഫ്യൂച്ചര്‍ റീട്ടെയ്ലും വാങ്ങാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് ലംഘിച്ചാണ് മുകേഷ് അംബാനിയുടെ റിലയന്‍സുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് പുതിയ ഡീല്‍ വെച്ചതെന്നായിരുന്നു ആമസോണിന്‍റെ പരാതി. അതേസമയം ശരിയായ നിയമോപദേശങ്ങള്‍ തേടിയ ശേഷം മാത്രമാണ് ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള കരാറിലേക്ക് കടന്നതെന്നാണ് റിലയന്‍സിന്‍റെ നിലപാട്. ഇതുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.