ദേശ്മുഖിന് വീണ്ടും സമന്‍സ്;ചോദ്യം ചെയ്യലിന് ഇഡിക്കുമുന്നില്‍ ഹാജരാകണം
1 min readമുംബൈ: കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് ജൂലൈ 5 ന് വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ അനില്‍ ദേശ്മുഖിനോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു.
ഒരാഴ്ചയ്ക്കുള്ളില്‍ ദേശ്മുഖിനുള്ള മൂന്നാമത്തെ സമന്‍സാണിത്. ചോദ്യം ചെയ്യലിനായി ദേശ്മുഖിനെ വിളിച്ചുവരുത്തുന്നത് ധനകാര്യ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ദേശ്മുഖ് ഇഡിയുടെ രണ്ട് സമന്‍സ് ഒഴിവാക്കിയിരുന്നു. ജൂണ്‍ 29 ന് ദേശ്മുഖ് കോവിഡ് പാന്‍ഡെമിക് കാരണമായി വിശദീകരിച്ച് രണ്ടാമത്തെ സമന്‍സ് ഒഴിവാക്കി. ഏതെങ്കിലും ‘വീഡിയോ അല്ലെങ്കില്‍ ഓഡിയോ’ മാധ്യമത്തിലൂടെ അന്വേഷണത്തില്‍ ചേരാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.നാഗ്പൂരിലെ വസതിയില്‍ നടത്തിയ തിരച്ചിലിനെത്തുടര്‍ന്ന് പുറപ്പെടുവിച്ച സമന്‍സും ദേശ്മുഖ് ഒഴിവാക്കിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം കൂടുതല്‍ സമയം തേടിയിരുന്നു. എന്‍ഫോഴ്സ്മെന്‍റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിന്‍റെ (ഇസിഐആര്‍) ഒരു പകര്‍പ്പ് ഏജന്‍സി നല്‍കിയ ശേഷം ഇഡി ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖകളും നല്‍കുമെന്ന് എന്‍സിപി നേതാവ് പറഞ്ഞു.
‘ഹഫ്ത’ കേസുമായി ബന്ധപ്പെട്ട് ദേശ്മുഖിന്‍റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദെ, പേഴ്സണല്‍ അസിസ്റ്റന്‍റ് കുന്ദന്‍ ഷിന്‍ഡെ എന്നിവരെ ജൂണ്‍ 26 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2020 ഡിസംബറിനും 2021 ഫെബ്രുവരിയ്ക്കുമിടയില്‍ ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചെടുത്ത 4 കോടിയിലധികം രൂപ നാഗ്പൂരിലുള്ള ദേശ്മുഖിന്‍റെ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് ഡെല്‍ഹിയിലെ നാല് ഷെല്‍ കമ്പനികള്‍ വഴി തിരിച്ചുവിട്ടതായി രണ്ട് ഉദ്യോഗസ്ഥരുടെ റിമാന്‍ഡ് പകര്‍പ്പില്‍ ഇഡി വ്യക്തമാക്കി. സിബിഐ കേസിന്‍റെ അടിസ്ഥാനത്തില്‍ ദേശ്മുഖ് ഇഡി അന്വേഷണം നേരിടുന്നുണ്ട്.
മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് എഴുതിയ കത്തിലാണ് അന്വേഷണം.അന്നത്തെ എലൈറ്റ് ക്രൈംബ്രാഞ്ചിലെ ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ തലവനായിരുന്ന അസിസ്റ്റന്‍റ് പോലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയ്ക്ക് ദേശ്മുഖ് പ്രതിമാസം 100 കോടി രൂപയുടെ കളക്ഷന്‍ ടാര്‍ജറ്റ് നിശ്ചയിച്ചിരുന്നു. ഇത് ണുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുള്ളകത്തില്‍ പരം ബിര്‍ സിംഗ് തുറന്നെഴുതിയിരുന്നു. വാസെ പിന്നീട് പിരിച്ചുവിടപ്പെട്ടു. അതിനുശേഷം സിംഗ് സുപ്രീം കോടതിയെ സമീപിക്കുകയും അവിടെനിന്നും ബോംബെ ഹൈക്കോടതിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവിടെ പ്രാഥമിക അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.