ഒരു മുഴം മുന്നേ കളം മാറ്റുന്ന അംബാനി, ഉന്നം ഭാവിയിലെ ടെക്നോളജി
റിലയന്‍സിന്‍റെ സ്കൈട്രാന്‍ ഏറ്റെടുക്കല്‍ ശ്രദ്ധേയമാകുന്നു
ഫോസില്‍ ഫ്യുവലുകളോട് അംബാനിക്ക് താല്‍പ്പര്യം കുറയുന്നു
സകല ഡീലുകളും ഭാവി മുന്‍കൂട്ടിക്കണ്ടുള്ള നീക്കങ്ങള്‍
മുംബൈ: ഫോസില്‍ ഫ്യുവലുകളോട് ഏഷ്യയിലെ അതിസമ്പന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിക്ക് താല്‍പ്പര്യം കുറയുന്നു. ഭാവിയെ മാറ്റി മറിക്കുന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംരംഭങ്ങളില്‍ മുതല്‍മുടക്കുകയെന്നതാണ് ബുദ്ധിയെന്ന് അംബാനി ഇപ്പോള്‍ കരുതുന്നു.
ഇതിന്‍റെ ഭാഗമായാണ് സമീപകാലത്ത് അദ്ദേഹം കൈക്കൊള്ളുന്ന പ്രധാന നീക്കങ്ങളെല്ലാം. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്കൈ ട്രാനിലെ ഭൂരിഭാഗം ഓഹരികള്‍ ഏറ്റെടുക്കാനുള്ള റിലയന്‍സിന്‍റെ തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ പൂര്‍ണ സബ്സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ച്വേഴ്സ് ലിമിറ്റഡാണ് അധിക ഓഹരികളെടുത്ത് സ്കൈ ട്രാനിലെ സുപ്രധാനികളായി മാറിയിരിക്കുന്നത്.
ഇതോടെ കമ്പനിയില്‍ റിലയന്‍സിന് 54.46 ശതമാനം ഓഹരികളായി ഉയര്‍ന്നു. യുഎസില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടെക്നോളജി കമ്പനിയാണ് സ്കൈ ട്രാന്‍. പാസിവ് മാഗ്നെറ്റിക് ലെവിറ്റേഷന്‍ ആന്‍ഡ് പ്രൊപ്പല്‍ഷന്‍ ടെക്നോളജി ഉപയോഗിച്ച് വ്യക്തിഗത ഗതാഗത സംവിധാനങ്ങളില്‍ ലോകത്താകമാനം മാറ്റം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കമ്പനി. ട്രാഫിക് കഞ്ചഷന്‍ പരമാവധി കുറയ്ക്കുകയാണ് നല്ലത്.
ലോകത്തെയാകെ മാറ്റിമറിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ടെക്നോളജികളില്‍ നിക്ഷേപിക്കാനുള്ള റിലയന്‍സ് ഗ്രൂപ്പിന്‍റെ പ്രതിബദ്ധതയാണ് പുതിയ ഡീലിലൂടെ പ്രതിഫലിക്കുന്നതെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയത്.
അതിവേഗ ഇന്‍ട്രാ, ഇന്‍റര്‍സിറ്റി കണക്റ്റിവിറ്റി ഉറപ്പാക്കുന്നതില്‍ സ്ക്രൈ ട്രാന്‍റെ മികവ് ലോകം കാണാനിരിക്കയാണെന്നാണ് റിലയന്‍സ് കരുതുന്നത്. പുനുരുപയോഗ ഊര്‍ജ സ്രോതസുകളിലും ഭാവിയെ നിര്‍ണയിക്കുന്ന ടെക്നോളജികളിലും പരമാവധി നിക്ഷേപം നടത്തി പരമ്പരാഗത ഊര്‍ജമാര്‍ഗങ്ങളോട് വിട പറയുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ദീര്‍ഘകാല ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓയില്‍ ഇന്‍ഡസ്ട്രിയില്‍ കമ്പനി സജീവമാണെങ്കിലും തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.
ഫോസില്‍ ഫ്യുവല്‍ കമ്പനികളില്‍ ആഗോള തലത്തില്‍ നിക്ഷേപ അവസരം ഇനി കുറയുമെന്നതും മുകേഷ് അംബാനി കണക്കിലെടുക്കുന്നുണ്ട്. പല വന്‍കിട സ്ഥാപനങ്ങളും ഇപ്പോള്‍ നിക്ഷേപം നടത്തുമ്പോള്‍ സുസ്ഥിര വികസനമെന്ന ഘടകം കൂടി പരിഗണിക്കുന്നുണ്ട്.
മലിനീകരണമില്ലാത്ത അതിവേഗ പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സംവിധാനം പാരിസ്ഥിതിക സുസ്ഥിരതയും സമാന്തര ഊര്‍ജസംവിധാനങ്ങളുടെ ഉപയോഗവും പരമാവധി പ്രോല്‍സാഹിപ്പിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് അംബാനി വ്യക്തമാക്കി.
2018 ഒക്റ്റോബറിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്കൈ ട്രാനില്‍ ആദ്യമായി നിക്ഷേപം നടത്തുന്നത്. അന്ന് 12.7 ശതമാനം ഓഹരിയാണ് സ്കൈ ട്രാനില്‍ റിലയന്‍സ് എടുത്തത്. 2019ല്‍ അത് 17.37 ശതമാനവും 2020 ഏപ്രിലില്‍ 26.3 ശതമാനവും ആയി ഉയര്‍ത്തി. തുടര്‍ന്നാണ് ഇപ്പോള്‍ 50 ശതമാനത്തിന് മുകളില്‍ ഓഹരി റിലയന്‍സ് കരസ്ഥമാക്കിയത്.