ദേ ഇതാണ് ബെസോസിന്റെ പകരക്കാരന്‍…
1 min readആമസോണിന്റെ തലപ്പത്തേക്ക് എത്തുന്നത് ആന്‍ഡി ജസ്സി
ആമസോണ്‍ റെക്കോര്‍ഡ് ലാഭം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം
ജെഫ് ബെസോസ് എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരും
സാന്‍ ഫ്രാന്‍സിസ്‌കോ: ടെക് ലോകത്ത് വഴിത്തിരിവുണ്ടാക്കുന്ന പുതിയ നേതൃമാറ്റമാണ് ആമസോണില്‍ സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ തലപ്പത്ത് നിന്ന് ജെഫ് ബെസോസ് എന്ന ശതകോടീശ്വര സംരംഭകന്‍ ഒഴിയുമ്പോള്‍ പകരമെത്തുന്നത് അത്ര സെലിബ്രിറ്റി സ്റ്റാറ്റസില്ലാത്ത, എന്നാല്‍ വൈദഗ്ധ്യത്തില്‍ ആരെയും അല്‍ഭുതപ്പെടുത്തുന്ന ആന്‍ഡി ജെസിയാണ്.
ആമസോണിന്റെ പണം കൊയ്യും വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസിന്റെ മേധാവിയാണ് ആന്‍ഡി ജെസി. അദ്ദേഹമാണ് ലോകത്തെ മുന്‍നിര ടെക് സാമ്രാജ്യമായ ആമസോണിന്റെ സിഇഒ ആയി ചുമതലയേല്‍ക്കാന്‍ പോകുന്നത്. ജെഫ് ബെസോസ് എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരും.
തുടര്‍ച്ചയായി മൂന്നാം പാദത്തിലും ലാഭക്കണക്കുകളില്‍ ചരിത്രം തിരുത്തി മുന്നേറുന്ന വേളയിലാണ് ആമസോണില്‍ സുപ്രധാന നേതൃമാറ്റം സംഭവിക്കുന്നത്. ഡിസംബര്‍ പാദത്തിലെ വില്‍പ്പന 100 ബില്യണ്‍ ഡോളര്‍ എന്ന സുവര്‍ണസംഖ്യ പിന്നിട്ടിരുന്നു. ആദ്യമായാണ് അത് സംഭവിക്കുന്നത്. മൊത്തം വില്‍പ്പനയാകട്ടെ 125.56 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചിരുന്നു.
വിപണി വിദഗ്ധര്‍ പോലും പ്രതീക്ഷിച്ചിരുന്ന സെയ്ല്‍സ് 119.7 ബില്യണ്‍ ഡോളര്‍ ആയിരിക്കെയാണ് അതിനെയെല്ലാം ആമസോണ്‍ കടത്തിവെട്ടിയത്.
തുടക്കം പുസ്തക്കട
ഇന്റര്‍നെറ്റ് ബുക്ക്‌സെല്ലറായാണ് 27 വര്‍ഷം മുമ്പ് ആമസോണ്‍ എന്ന സംരംഭത്തിന് ജെഫ് ബെസോസ് തുടക്കമിടുന്നത്. ഇന്ന് ടെക് ലോകത്ത് ആമസോണ്‍ വ്യഹരിക്കാത്ത മേഖലകള്‍ അപൂര്‍വം. ലോകത്ത് ഇ-കൊമേഴ്‌സ് വിപ്ലവത്തിന് നാന്ദി കുറിക്കാനും ആ രംഗത്ത് അതിശക്തമായി എക്കാലവും നിലനില്‍ക്കാനും ആമസോണിന് സാധിച്ചു. ഡേ വണ്‍ ഫണ്ട്, ബെസോസ് എര്‍ത്ത് ഫണ്ട്, ബ്ലൂ ഒറിജിന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം തുടങ്ങിയ സംരംഭങ്ങളിലാകും ചെയര്‍മാന്‍ എന്ന നിലയില്‍ ബെസോസ് ഇനി ശ്രദ്ധ വയ്ക്കുക.
പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെസോസ് ഏറ്റെടുത്തിരുന്നെങ്കിന്റെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ ഇടപെടലുകള്‍ ഒന്നും നടത്തിയിരുന്നില്ല. ഇത് വിരമിക്കല്‍ അല്ലെന്നും തന്റെ ഊര്‍ജം മറ്റ് മേഖലകളിലേക്ക് ഫോക്കസ് ചെയ്യാനുള്ള ശ്രമമാണെന്നും ജെഫ് ബെസോസ് പറഞ്ഞു.
ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും എംബിഎ നേടിയ ബെസോസ് 1997ലാണ് ആമസോണിന് തുടക്കമിടുന്നത്. ആമസോണ്‍ വെബ് സര്‍വീസസിന്റെ വരവാണ് കമ്പനിയുടെ ലാഭത്തില്‍ അസാമാന്യ വര്‍ധന വരുത്തിയത്. ദശക്ഷക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന കിടിലന്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമായി ഇന്ന് ആമസോണ്‍ വെബ് സര്‍വീസസ് മാറി. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആമസോണിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് ഉപഭോക്താക്കള്‍ കൂടുതലായി എത്തുകയും ചെയ്തു.
ജസി മാജിക്
കംപ്യൂട്ടിംഗ് സേവനങ്ങളെ ലളിതവല്‍ക്കരിച്ച്, ടെക്‌നോളജി രംഗത്ത് വിപ്ലവം തന്നെ കുറിച്ചു ആമസോണ്‍ വെബ് സര്‍വീസസ്. നാലാം പാദത്തില്‍ ആമസോണ്‍ വെബ് സര്‍വീസസ് മാത്രം നേടിയ സെയില്‍സ് 12.7 ബില്യണ്‍ ഡോളറാണ്. വാര്‍ഷികതലത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ ബിസിനസായി ആമസോണ്‍ വെബ് സര്‍വീസസ് മാറി.