എല്ലാ പുതിയ നിസാന്‍ വാഹനങ്ങളും വൈദ്യുതീകരിക്കും
2050 ഓടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ സന്തുലനം കൊണ്ടുവരുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍
യോകോഹാമ: 2050 ഓടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ സന്തുലനം കൊണ്ടുവരുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 2030 കളുടെ തുടക്കത്തില്‍ പ്രധാന വിപണികളില്‍ അവതരിപ്പിക്കുന്ന എല്ലാ ഓള്‍ ന്യൂ നിസാന്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കും.
കൂടാതെ, ചെലവ് കുറഞ്ഞതും ക്ഷമതയേറിയതുമായ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് സോളിഡ് സ്റ്റേറ്റ്, അനുബന്ധ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെയുള്ള ബാറ്ററി രീതികളിലേക്ക് മാറും. കൂടുതല്‍ ഊര്‍ജക്ഷമത/ റേഞ്ച് ലഭിക്കുന്നതിന് നിസാന്റെ ‘ഇ പവര്‍’ ഇലക്ട്രിക് പവര്‍ട്രെയ്‌നുകള്‍ മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിക്കും. വാഹന അസംബ്ലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത കൈവരിക്കുന്നതിന് ഉല്‍പ്പാദന പ്രക്രിയ നവീകരിക്കും. ‘നിസാന്‍ ഇന്റലിജന്റ് ഫാക്റ്ററി’ ആയിരിക്കും ആദ്യ പരിഷ്‌കരണ നടപടി.
കാര്‍ബണ്‍ സന്തുലന സമൂഹം സൃഷ്ടിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പരിശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഉറച്ച തീരുമാനമെടുത്തതായി നിസാന്‍ സിഇഒ മക്കോദോ ഉചിദ പറഞ്ഞു. ലോകമെങ്ങും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നും കാര്‍ബണ്‍ സന്തുലനം കൈവരിക്കുന്നതിന് ഈ കാറുകള്‍ കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും സുസ്ഥിര ഭാവിക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉചിദ വ്യക്തമാക്കി.
ലോകത്തെ ആദ്യ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് കാറായ നിസാന്‍ ലീഫ് ഇതുവരെ ആഗോളതലത്തില്‍ അഞ്ച് ലക്ഷത്തിലധികം യൂണിറ്റാണ് വിറ്റത്.