Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായു മലിനീകരണവും ശ്വാസകോശത്തിന്റെ ശേഷിക്കുറവും കോവിഡ് പോരാട്ടത്തിന് വെല്ലുവിളിയാകും

1 min read

മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നത് കോവിസ്-19ന്റെ പ്രത്യാഘാതങ്ങള്‍ ഇരട്ടിയാക്കുമെന്ന് ലണ്ടനില്‍ നടന്ന ഒരു പഠനം കണ്ടെത്തിയിരുന്നു

1990 മുതല്‍ നിരവധിയാളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായി ആസ്തമ നമുക്കിടയിലുണ്ട്. ഏതാണ്ട് അതേ കാലയളവില്‍ തന്നെയാണ് ഇന്ത്യയിലെ വായു മലിനീകരണ തോതും ലോകത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിത്തുടങ്ങിയത്. ഇന്ന് ലോകത്തിലെ ഏറ്റവുമധികം മലിനീകരിക്കപ്പെട്ട പത്ത് നഗരങ്ങളില്‍ ഒമ്പതും ഇന്ത്യയിലാണ്. പകര്‍ച്ചവ്യാധിക്ക് മുമ്പ് തന്നെ വായു മലിനീകരണം ഇന്ത്യയിലെ ആരോഗ്യരംഗം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നായിരുന്നു. 2019ല്‍ മാത്രം 1.67 ദശലക്ഷം ആളുകള്‍ ഇന്ത്യയില്‍ വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ചതായി ആഗോളതലത്തില്‍ നടന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. അന്ന് ഇന്ത്യയില്‍ നടന്ന മൊത്തം മരണങ്ങളുടെ 18 ശതമാനത്തോളം വരുമിത്.

ഗവേഷകര്‍ പറയുന്നത്

ദീര്‍ഘകാലം മലിനീകരിക്കപ്പെട്ട വായു ശ്വസിക്കേണ്ടി വരുന്നത് കോവിഡ്-19 മൂലം പിന്നീടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വഷളാകാന്‍ കാരണമാകുമെന്നാണ് ഇത് സംബന്ധിച്ച ഇപ്പോള്‍ നടക്കുന്ന ഒരു ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സിലെയും യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ അമേരിക്കയിലെ വായുമലിനീകരണ തോതും കോവിഡ്-19 രോഗബാധയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. ഒരു ഘന മീറ്റര്‍ വായുവിലെ പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ (പിഎം2.5, വായുവില്‍ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക അവസ്ഥയിലുള്ള കണികകള്‍. മലിനീകരണ തോത് കണക്കാക്കുന്നത് ഇവയുടെ അളവ് പരിശോധിച്ചാണ്) അളവ് കേവലം ഒരു മൈക്രോഗ്രാം കൂടിയാല്‍ അമേരിക്കയിലെ ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഏകദേശം രണ്ട് ശതമാനം വര്‍ധിക്കുമെന്നാണ് ഈ പഠനം കണ്ടെത്തിയത്. ചുരുക്കത്തില്‍ വായു മലിനീകരണം കൂടിയ സാഹചര്യങ്ങളില്‍ കൊറോണ വൈറസിന് വളരെ എളുപ്പത്തില്‍ ശ്വാസകോശത്തിലൂടെ രക്തത്തില്‍ കലരാന്‍ സാധിക്കുന്നു.

പകര്‍ച്ചവ്യാധിക്കാലത്ത് വായു മലിനീകരണം രണ്ട് തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നതെന്ന് ചൈനയിലെ സുന്‍ യാത് സെന്‍ സര്‍വ്വകലാശാലയിലെ അന്തരീക്ഷ ശാസ്ത്ര ഗവേഷകനായ ദേബശിഷ് നാഥ് പറയുന്നു. അത് വ്യക്തികളുടെ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നു. അങ്ങനെ കോവിഡ്-19 പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. മാത്രമല്ല അന്തരീക്ഷത്തിലെ പിഎം 2.5 കണികകള്‍ക്ക് രോഗാണുവാഹകരാകാനും കഴിയും. കാരണം വൈറസ് ഈ കണികകളില്‍ ദീര്‍ഘനേരം നിലനില്‍ക്കുന്നു. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ ഇന്ത്യയിലെ 20 നഗരങ്ങളില്‍ നാഥും സംഘവും നടത്തിയ പരിശോധനയില്‍ മലിനീകരണത്തെ കൂടാതെ, അന്തരീക്ഷ താപനിലയും ആര്‍ദ്രതയും വൈറസിന് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതായി കണ്ടെത്തിയിരുന്നു. ആദ്യഘട്ട രോഗവ്യാപനത്തില്‍ 27 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയും 25 മുതല്‍ 30 ശതമാനം ആര്‍ദ്രതയും ഉള്ള അന്തരീക്ഷത്തിലാണ് കോവിഡ് വ്യാപനം കൂടുതലായി നടന്നതെന്നും ഇവര്‍ കണ്ടെത്തി. വായുവിലൂടെ പകരുന്ന രോഗാണു ആയതിനാല്‍ താപനില, ആര്‍ദ്രത തുടങ്ങിയ അന്തരീക്ഷ ഘടകങ്ങളുമായി വളരെ അടുത്ത ബന്ധം കൊറോണ വൈറസിന് ഉണ്ടെന്ന് നാഥ് വിശദീകരിക്കുന്നു.

ഇത്തരം കണ്ടെത്തലുകള്‍ ഭാവിയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത പ്രവചിക്കാനും പാരിസ്ഥിതിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ വെല്ലുവിളി നേരിടുന്ന മേഖലകള്‍ കണ്ടെത്താനും ഉപയോഗപ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഒരിക്കല്‍ വൈറസ് ആളുകള്‍ക്കിടയില്‍ വ്യാപിക്കാന്‍ തുടങ്ങിയാല്‍ അഥവാ സാമൂഹിക വ്യാപനം ഉണ്ടായാല്‍, വൈറസിന് വളരെ അനുകൂലമായ താപനിലയുള്ള ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ അനിയന്ത്രിതമായ രോഗവ്യാപനം ഉണ്ടാകും.

ആരോഗ്യവിദഗ്ധര്‍ പറയുന്നത്

ഗുരുതരാവവസ്ഥയില്‍ ഉള്ളവര്‍ അടക്കം നൂറുകണക്കിന് രോഗികളാണ് ഡെല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്ത് കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ആശുപത്രികളില്‍ ഒന്നാണത്. ശ്വാസകോശത്തിന് തകരാറുകള്‍ നേരിടുന്നവരോ അല്ലെങ്കില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമായവരോ ആണ് കോവിഡ്-19ന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നതെന്ന് നൂറുകണക്കിന് കോവിഡ് രോഗികളെ പരിശോധിച്ചതിന്റെ അനുഭവത്തില്‍ ഹോളി ഫാമിലിയിലെ ഡോക്ടറായ ദിനേഷ് രാജ് പറയുന്നു. വായു മലിനീകരണം ശ്വാസകോശത്തെ ദുര്‍ബലമാക്കുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ട കാര്യമാണ്.

മാത്രമല്ല, അമിതവണ്ണം, പ്രമേഹം, ഹെപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും കോവിഡ്-19 രോഗികളുടെ നില വഷളാക്കുന്ന ഘടകങ്ങളാണെന്നും ഡോ.ദിനേഷ് പറയുന്നു. മലിനീകരണം കോവിഡ്-19 രോഗതീവ്രത എത്രത്തോളം വര്‍ധിപ്പിക്കുമെന്നത് പറയാന്‍ കഴിയില്ല. അമ്മയുടെയും കുഞ്ഞിന്റെയും പോഷകാഹാരക്കുറവ് പോലുള്ള ഘടകങ്ങള്‍ ഇന്ത്യയില്‍ ജന്മനായള്ള ശ്വാസകോശപ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതിനൊപ്പം ഗുരുതരമായ വായു മലിനീകരണം ഏല്‍ക്കേണ്ടി വരുന്നത് അവരുടെ ശ്വാസകോശത്തത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. യൂറോപ്പില്‍ ജനിച്ച് വളര്‍ന്ന ഒരു വ്യക്തിയെ അപേക്ഷിച്ച് നാല്‍പ്പത് വയസുള്ള ഒരു ഇന്ത്യക്കാരന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി കുറവായിരിക്കുമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.

നമുക്കത് പാരമ്പര്യാമായി ലഭിച്ച ദൗര്‍ബല്യമാണ്. മുപ്പതും നാല്‍പ്പതും വയസുള്ള, യാതൊരുവിധ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാത്ത നിരവധി യുവാക്കള്‍ ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ എത്തുന്നത് നാം കാണുന്നുണ്ട്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും  വായുമലിനീകരണം മൂലമുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കൊപ്പം മറ്റ് പല കാരണങ്ങള്‍ കൊണ്ടും വൈറസിനെ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ട്. ആറംഗ കുടുംബത്തിന് ഒറ്റമുറിയില്‍ സാമൂഹിക അകലം പാലിച്ച് രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാനാകില്ല. എങ്ങനെയാണ് വൈറസ് പടരുന്നതെന്നത് സംബന്ധിച്ച് വ്യക്തമായ രൂപം ലഭിക്കാതെ കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. ഇന്ത്യയില്‍ ഈ പകര്‍ച്ചവ്യാധിയുണ്ടാക്കിയ ആഘാതം ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ അധികമാണ്. മാത്രമല്ല ഇവിടെ രോഗം നിയന്ത്രണവിധേയമാക്കുകയും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡോക്ടര്‍ പറഞ്ഞു.

Maintained By : Studio3