Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എഐഎഡിഎംകെ പ്രതിസന്ധിയില്‍; പ്രവര്‍ത്തകരും നേതാക്കളും കൊഴിയുന്നു

1 min read

ചെന്നൈ: എഐഎഡിഎംകെയുടെ കെ പളനിസ്വാമി, ഒ പനീര്‍സെല്‍വം എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെ മറ്റ് നേതാക്കളുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ അടിത്തറ ഭദ്രമല്ലെന്നും പ്രവര്‍ത്തകരില്‍ ചോര്‍ച്ചയുണ്ടാകുന്നുവെന്നും സംസ്ഥാനനേതാക്കള്‍ കരുതുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്. ഭരണം മാറിയപ്പോള്‍ സേലം ജില്ലയിലെ പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ ഡിഎംകെയിലേക്ക് ചേക്കേറിയത് ഇതിന് ഉദാഹരണമാണ്. തുടര്‍ന്ന് തമിഴ്നാടിന്‍റെ വിവിധ മേഖലകളിലുള്ള നേതാക്കളുമായി പളനിസ്വാമി, പനീര്‍സെല്‍വം അടക്കമുള്ളവര്‍ ണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു. പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നവരില്‍ പാര്‍ട്ടിയുടെ കര്‍ഷക വിഭാഗത്തിന്‍റെ ജില്ലാ സെക്രട്ടറി സി ചെല്ലദുരൈ ഉള്‍പ്പെടുന്നു. എഐഎഡിഎംകെയുടെ സേലം ജില്ലാ സെക്രട്ടറിയാണ് പളനിസ്വാമി എന്ന കാര്യം ഇവിടെ പ്രസക്തമാണ്.

മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റെ ജന്മനാടായ തേനിയില്‍ പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം എഎംഎംകെയും ചിലര്‍ ഭരണകക്ഷിയായ ഡിഎംകെയും തെരഞ്ഞെടുത്തു. തേനിയും തേവര്‍ സമൂഹവും എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായതിനാല്‍ ഈ ചോര്‍ച്ചകള്‍ പാര്‍ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. എഐഎഡിഎംകെയുടെ വില്ലുപുരം ജില്ലാ സെക്രട്ടറി സി വി ഷണ്‍മുഖം ബിജെപിയുമായുള്ള സഖ്യം മൂലമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതെന്ന് ഒരു പൊതുചടങ്ങില്‍ പരസ്യമായി പ്രഖ്യാപിച്ചു. ബിജെപിയുമായുള്ള സഖ്യം കാരണം പാര്‍ട്ടിയുടെ പമ്പരാഗത ന്യൂനപക്ഷ മുസ്ലിം വോട്ടര്‍മാര്‍ മറ്റ് പാര്‍ട്ടികളിലേക്ക് മാറിയതായും ശക്തികേന്ദ്രങ്ങളില്‍ പോലും എഐഎഡിഎംകെ പരാജയപ്പെട്ടുവെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പനീര്‍സെല്‍വം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഉടന്‍ തന്നെ രംഗത്തെത്തി ഷണ്‍മുഖത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അത് പാര്‍ട്ടി നിലപാടല്ലെന്നും വിശദീകരിച്ചു.

സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കച്ചി (പിഎംകെ) യുമായുള്ള എഐഎഡിഎംകെയുടെ സഖ്യത്തില്‍ സംസ്ഥാനത്തിന്‍റെ വടക്കന്‍ ഭാഗങ്ങളിലുള്ള മധ്യ-മുതിര്‍ന്ന തലത്തിലുള്ള നിരവധി പ്രവര്‍ത്തകരും നേതാക്കളും സന്തുഷ്ടരല്ല. അതിനാല്‍ ഈ ഭാഗങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മുമ്പ് എഐഎഡിഎംകെ സര്‍ക്കാര്‍ വണ്ണിയര്‍ സമുദായത്തിന് ഏറ്റവും പിന്നോക്ക ജാതി (എം.ബി.സി) ക്വാട്ടയില്‍ 10.5 ശതമാനം സംവരണം പ്രഖ്യാപിച്ചിരുന്നു.അങ്ങനെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് മെഡിസിന്‍, എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചു.

സംസ്ഥാനത്തിന്‍റെ വടക്ക് ഭാഗത്ത് വണ്ണിയാര്‍ ഭൂരിപക്ഷമുണ്ട്.പിഎംകെ നേതാവ് അന്‍ബുമണി രാംദോസിനെ വിമര്‍ശിച്ചതിന് ജൂണില്‍ എഐഎഡിഎംകെ പാര്‍ട്ടി വക്താവ് വി പുഗാസെന്ദിയെ പുറത്താക്കിയിരുന്നു.താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ തീരുമാനത്തില്‍ അതൃപ്തരാണ്. “പിഎംകെയുമായുള്ള ബന്ധത്തെക്കുറിച്ച് ഞങ്ങളുടെ പാര്‍ട്ടിയുടെ നേതൃത്വം പുനരാലോചന നടത്തണം. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ വിഷയം വലിയ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.’ എഐഎഡിഎംകെ പ്രവര്‍ത്തകനായ സുന്ദരപാണ്ഡ്യന്‍ പറഞ്ഞു.ഓണ്‍ലൈന്‍ മീറ്റിംഗില്‍, എല്ലാ ജില്ലാ സെക്രട്ടറിമാരുടെയും ഏകദിന ശില്പശാല നടത്താന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു, കൂടാതെ ഡിഎംകെ സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് താഴെത്തട്ടിലുള്ള മീറ്റിംഗുകളും വര്‍ക്ക് ഷോപ്പുകളും നടത്താന്‍ ജില്ലാ യൂണിറ്റുകളോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനു പുറമേയാണ് എഐഎഡിഎംകെ നേരിടുന്ന ശശികല പ്രതിസന്ധി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയാരുന്ന ശശികല ക്രമേണ പാര്‍ട്ടിയില്‍ പിടിമുറുക്കാമെന്ന ധാരണയിലാണ് മുന്നോട്ടുപോയത്. എന്നാല്‍ അഴിമതിക്ക് ജയിലില്‍ അടയ്ക്കപ്പെട്ട ശശികല തിരിച്ചുവന്നപ്പോള്‍ ഔദ്യോഗിക നേതൃത്വം അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. എങ്കിലും അവര്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ഇടയില്‍ തന്‍റേതായ ഒരു കൂട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതിനായി അവര്‍ നിരന്തരം ഓഡിയോ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ പലതും വലിയ വാര്‍ത്തയുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുമ്പോള്‍ ശശികല സംസ്ഥാന പര്യടനത്തിന് തയ്യാറെടുക്കുകയാണ്. പ്രവര്‍ത്തകരെ നേരില്‍ക്കണ്ട് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയില്‍നിന്ന് കരകയറുന്നതിന് സഹായം അഭ്യര്‍ത്ഥിക്കുകയാണ് അവരുടെ ലക്ഷ്യം. പാര്‍ട്ടിയെ രക്ഷപെടുത്താനും തിരിച്ച് അധികാരത്തിലെത്തിക്കാനും തനിക്കാണ് കഴിയുക എന്ന സന്ദേശം അടിത്തട്ടിലെത്തിക്കുകയും അവര്‍ക്ക് ചെയ്യേണ്ടതുണ്ട്. ശശികലയുടെ ഈ നീക്കങ്ങള്‍ പളനിസ്വാമിക്കും പനീര്‍സെല്‍വത്തിനും കൂടുതല്‍ തലവേദന വരും നാളുകളില്‍ സൃഷ്ടിക്കാനിടയുണ്ട്.

Maintained By : Studio3