October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റഷ്യന്‍ പ്രസിഡന്‍റ് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചേക്കും

1 min read

ഇസ്ലാമബാദ്: പാക്കിസ്ഥാനും റഷ്യയും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പുതിയ കരാറില്‍ ഒപ്പുവെച്ചത് കഴിഞ്ഞയാഴ്ചയാണ്. മുമ്പ് നോര്‍ത്ത്-സൗത്ത് ഗ്യാസ് പൈപ്പ്ലൈന്‍ എന്ന് നാമകരണം ചെയ്തിരുന്ന ഈ പദ്ധതിയെ ഇപ്പോള്‍ പാക്കിസ്ഥാന്‍ സ്റ്റീം ഗ്യാസ് പൈപ്പ്ലൈന്‍ എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. പദ്ധതിപ്രകാരം പാക്കിസ്ഥാനിലെ കറാച്ചി നഗരം മുതല്‍ കസൂര്‍ വരെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കും. ശീതയുദ്ധത്തിലെ വൈരാഗ്യത്തിന്‍റെ ഓര്‍മ്മകള്‍ നീക്കം ചെയ്യാനും ഉഭയകക്ഷി ബന്ധത്തിലേക്ക് ഇരു രാജ്യങ്ങളെയും എത്തിക്കാനും ഉദ്ദേശിക്കുന്ന ഈ സംരംഭം ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് വഴിതുറക്കുന്നതാണ്. ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇസ്ലാമബാദ് സന്ദര്‍ശിക്കുമെന്ന വാര്‍ത്തകളും പുറത്തുവരികയാണ്.പുടിന്‍റെ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കാന്‍ പാക്കിസ്ഥാനും റഷ്യയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

2015 ലാണ് കരാര്‍ ആദ്യം ഒപ്പുവെച്ചതെങ്കിലും റഷ്യന്‍ കമ്പനികള്‍ക്കും മറ്റ് പ്രശ്നങ്ങള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ 1,122 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്ലൈനിന്‍റെ പണി ആരംഭിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും, ഇരുരാജ്യങ്ങളും ഒടുവില്‍ ഈ തടസ്സങ്ങള്‍ മറികടന്ന് ഭേദഗതി ചെയ്ത കരാറിലാണ് ഇപ്പോള്‍ ഒപ്പുവെച്ചത്. പൈപ്പ്ലൈനില്‍ 74 ശതമാനം ഓഹരികള്‍ റഷ്യ പാക്കിസ്ഥാന് നല്‍കും. നേരത്തെ, പൈപ്പ്ലൈന്‍ പൂര്‍ണമായും ‘ബില്‍റ്റ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍’ മോഡലിന് കീഴില്‍ റഷ്യ നിര്‍മ്മിക്കേണ്ടതായിരുന്നു. പദ്ധതിക്ക് ഏകദേശം 2.25 ബില്യണ്‍ ഡോളര്‍ ചെലവാകും. പൈപ്പ്ലൈന്‍ പൂര്‍ത്തിയായാല്‍, പഞ്ചാബിലെ ഗ്യാസ് ക്ഷാമം പരിഹരിക്കാന്‍ ഇത് സഹായിക്കും. പദ്ധതിക്ക് സാമ്പത്തികമായി മാത്രമല്ല തന്ത്രപരമായ പ്രാധാന്യവുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ നയ ഓപ്ഷനുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യയുമായുള്ള ബന്ധം വിപുലീകരിക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രിലില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇസ്ലാമാബാദ് സന്ദര്‍ശിച്ചത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകുന്നതിന് തെളിവായിരുന്നു. ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച്, ഇസ്ലാമാബാദിലേക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാനും ഉഭയകക്ഷി ബന്ധത്തിന് വഴികള്‍ സൃഷ്ടിക്കാനും മോസ്കോ സന്നദ്ധമാണെന്ന സന്ദേശവുമായാണ് ലാവ്റോവ് എത്തിയത്. കൂടാതെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസിഡന്‍റിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുമുണ്ട്.

പാക്കിസ്ഥാന്‍ പൈപ്പ്ലൈന്‍ കരാര്‍ ഒപ്പുവെച്ചതോടെ പ്രസിഡന്‍റ് പുടിന്‍റെ സന്ദര്‍ശനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി പാക് ഉദ്യോഗസ്ഥര്‍ പറയുന്നു.ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ 2022 ന്‍റെ തുടക്കത്തില്‍ പദ്ധതി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന്‍റെ ഉദ്ഘാടനം റഷ്യന്‍ പ്രസിഡന്‍റ് നിര്‍വഹിക്കാനും സാധ്യതയേറെയാണ്.

പാക്കിസ്ഥാനും റഷ്യയും സഹകരണത്തിന്‍റെ കൂടുതല്‍ വഴികള്‍ തേടുകയാണ്. ഇസ്ലാമബാദിന് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ റഷ്യ ഇന്ന് ശ്രദ്ധാലുവുമാണ്. ഇന്ത്യയുടെ എതിര്‍പ്പ് കാരണം മുന്‍കാലങ്ങളില്‍ ഇത് ഒഴിവാക്കപ്പെട്ടിരുന്നു. 2016 മുതല്‍ ഇരു രാജ്യങ്ങളും പതിവായി സംയുക്ത സൈനികാഭ്യാസം നടത്തുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.സമാധാന പ്രക്രിയയിലും അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സുരക്ഷാ പ്രശ്നങ്ങളിലും റഷ്യയും പാക്കിസ്ഥാനും അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു.

ശീതയുദ്ധം മൂലം വര്‍ഷങ്ങളായി എതിര്‍ ചേരിയിലായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ഒരു നടപടിയാണ് സ്റ്റീം ഗ്യാസ് പൈപ്പ്ലൈന്‍. കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമാക്കാന്‍ ചൈനയും പരിശ്രമിച്ചതായി പറയുന്നു.

Maintained By : Studio3