9 മാസങ്ങള്‍ക്ക് ശേഷം ചൈനയില്‍ നിന്നുള്ള എഫ്ഡിഐ നിര്‍ദേശങ്ങള്‍ പരിഗണിച്ചു തുടങ്ങി
1 min readന്യൂഡെല്‍ഹി: ചൈനയില്‍ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സംബന്ധിച്ച് വന്നിട്ടുള്ള നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പുനരാരംഭിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അയഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് 9 മാസത്തോളമായി മുടങ്ങികിടക്കുകയായിരുന്ന നടപടികള്‍ വീണ്ടും തുടങ്ങിയിട്ടുള്ളത്. ചൈനയില്‍ നിന്നുള്ള ചില എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ചകളില്‍ അംഗീകാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഓരോ നിര്‍ദേശവും പ്രത്യേകമായി പരിഗണിച്ചാണ് തീരുമാനം എടുക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ചെറിയ തോതിലുള്ള ചൈനീസ് നിക്ഷേപ പദ്ധതികള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കുന്നത് വലിയ എഫ്ഡിഐ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ജാഗ്രതാപൂര്‍ണമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും അംഗീകാരം നല്‍കുക. ഈ പ്രക്രിയ സുഗമമാക്കുന്നതിന്, ആഭ്യന്തരം, വിദേശകാര്യം, വാണിജ്യ- വ്യവസായം എന്നീ മന്ത്രാലയങ്ങളിലെയും നിതി ആയോഗിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ഏകോപന സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചു.
എല്ലാ നിര്‍ദേശങ്ങളും പരിശോധിച്ചിരുന്ന ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് പോലെയല്ല ഈ സമിതി പ്രവര്‍ത്തിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ എഫ്ഡിഐ നിര്‍ദേശങ്ങളും ബന്ധപ്പെട്ട മന്ത്രാലയം പരിശോധിക്കേണ്ടതുണ്ട്, അതിനു ശേഷം തീരുമാനമെടുക്കും. പരിമിതമായ രീതിയില്‍ മാത്രമാണ് ചൈനീസ് നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കുന്നതെന്നും നിക്ഷേപങ്ങള്‍ ബാധിക്കപ്പെടുന്നത് വളര്‍ച്ചയെയും തൊഴില്‍ സൃഷ്ടിയെയും ബാധിക്കും എന്നതു കൂടി കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.