റോയല്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍ക്ക് പുതിയ നിറങ്ങള്‍ ലഭിക്കും
650 സിസി ഇരട്ടകളില്‍ പുതിയ ‘ട്രിപ്പര്‍’ നാവിഗേഷന്‍ സംവിധാനം നല്‍കാന്‍ തീരുമാനിച്ചാല്‍ വില പിന്നെയും വര്‍ധിക്കും
ന്യൂഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. 2021 വര്‍ഷം പ്രമാണിച്ച് പുതിയ കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ഇരട്ടകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് നീക്കം.
ഇരട്ട മോഡലുകളില്‍ താരതമ്യേന താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് പുതുതായി റാവിഷിംഗ് ബ്ലാക്ക്, ഗ്രേ ഗൂസ്, റോയല്‍ റെഡ്, വെഞ്ച്വറ ബ്ലൂ എന്നീ പെയിന്റ് സ്‌കീമുകള്‍ ലഭിക്കും. നിലവിലെ ബേക്കര്‍ എക്‌സ്പ്രസ്, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ് എന്നീ ഓപ്ഷനുകള്‍ക്ക് പുറമേയാണിത്.
കഫേ റേസര്‍ മോഡലായ കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന് പുതുതായി മൂന്ന് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും രണ്ട് സിംഗിള്‍ ടോണ്‍ ഓപ്ഷനുകളും ലഭിക്കും. കുക്കീസ് ആന്‍ഡ് ക്രീം, വെഞ്ച്വറ ബ്ലാക്ക് ആന്‍ഡ് ബ്ലൂ, ബ്രിട്ടീഷ് റേസിംഗ് ലീന്‍ എന്നിവയാണ് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍. മിസ്റ്റര്‍ ക്ലീന്‍, ജിടി റെഡ് എന്നിവയാണ് സിംഗിള്‍ ടോണ്‍ ഓപ്ഷനുകള്‍.
പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കുന്നതോടെ രണ്ട് മോഡലുകളുടെയും വില വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കാം. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ‘ട്രിപ്പര്‍’ നാവിഗേഷന്‍ സംവിധാനം ഈ മോട്ടോര്‍സൈക്കിളുകളില്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ വില പിന്നെയും വര്‍ധിക്കും.
നിലവില്‍ ഏകദേശം 2.70 ലക്ഷം രൂപ മുതല്‍ 2.91 ലക്ഷം രൂപ വരെയാണ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ വില. കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന് 2.85 ലക്ഷം രൂപയില്‍ ആരംഭിച്ച് 3.07 ലക്ഷം രൂപ വരെയാണ് വില. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.