ദുബായിലിനി ഫ്‌ളോട്ടിംഗ് ഹൗസുകളും, ആദ്യ യൂണിറ്റ് വിറ്റുപോയത് 20 മില്യണ്‍ ദിര്‍ഹത്തിന്
യുഎഇ ആസ്ഥാനമായ കപ്പല്‍, ബോട്ട് നിര്‍മാണ കമ്പനിയായ സീഗേറ്റ് ഷിപ്പ്‌യാര്‍ഡാണ് ഫ്‌ളോട്ടിംഗ് ഹൗസിന് പിന്നില്‍
ദുബായ്: യുഎഇ ആസ്ഥാനമായ കപ്പല്‍, ബോട്ട് നിര്‍മാണ കമ്പനിയായ സീഗേറ്റ് ഷിപ്പ്‌യാര്‍ഡ് ദുബായില്‍ ഫ്‌ളോട്ടിംഗ് സീ റിസോര്‍ട്ട്(വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന വീട്) നിര്‍മ്മിച്ചു. നെപ്റ്റിയൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റിസോര്‍ട്ട് ലോകത്തിലെ തന്നെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഫ്‌ളോട്ടിംഗ് ഹൗസ് ആണെന്നാണ് കരുതപ്പെടുന്നത്. 900 ചതുരശ്ര അടിയാണ് ഈ വെള്ളത്തിലെ വീടിന്റെ വലുപ്പം.
രണ്ട് നിലയുള്ള ഫ്‌ളോട്ടിംഗ് ഹൗസില്‍ നാല് കിടപ്പുമുറികളും അവയോട് ചേര്‍ന്നള്ള വാഷ്‌റൂമുകളും ബാല്‍ക്കണിയും ഗ്ലാസ് കൊണ്ടുള്ള സ്വിമ്മിംഗ്പൂളും അടുക്കളയും ലിവിംഗ് റൂമും ജോലിക്കാര്‍ക്ക് വേണ്ടിയുള്ള രണ്ട് അധിക മുറികളും ഗ്ലാസ് കൊണ്ടുള്ള മേല്‍ക്കൂരയും അടക്കം ഒരു സാധാരണ വീട്ടിലുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. ഫ്‌ളോട്ടിംഗ് ഹൗസുകള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സുരക്ഷിതമായി നീക്കാനാകുമെന്നതാണ് ഈ വീടുകളുടെ മറ്റൊരു പ്രത്യേകത. ഹൈഡ്രോലിക് എഞ്ചിനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ച വീട്ടില്‍ സ്മാര്‍ട്ട് ഓട്ടോമേറ്റഡ് സിസ്റ്റത്തിന് പുറമേ സ്വയം അണുവിമുക്തമാക്കുന്ന സെല്‍ഫ് സ്റ്റെറിലൈസിംഗ് സംവിധാനവുമുണ്ട്. സൗരോര്‍ജമാണ് ഈ വീടുകളില്‍ ഉപയോഗിക്കുന്നത്. മലിനജല സംസ്‌കരണത്തിനായി സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ഈ വീട് ഉപയോഗപ്പെടുത്തുന്നുണ്ട്.
റാസ് അല്‍ ഖൈമയിലെ അല്‍ ഹമ്ര തുറമുഖത്താണ് ഫ്‌ളോട്ടിംഗ് ഹൗസ് അവതരിപ്പിച്ചത്. ഇതിനെ ദുബായിലെ ജുമൈയ്‌റയിലേക്ക് കൊണ്ടുപോകും. പ്രധാനപ്പെട്ട ടൂറിസ്റ്റ്, നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള ദുബായുടെ സ്ഥാനവും അവിടുത്തെ അയവുള്ള സാമ്പത്തിക നയങ്ങളും മികച്ച അടിസ്ഥാനസൗകര്യവും കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതി ദുബായില്‍ അവതരിപ്പിച്ചതെന്ന് സീഗേറ്റ് ഷിപ്പ്‌യാര്‍ഡ് സിഇഒ മുഹമ്മദ് എല്‍ബഹറാവി പറഞ്ഞു.
12 ഫ്‌ളോട്ടിംഗ് ഹൗസുകള്‍ ഉള്‍പ്പടെ 156 സ്യൂട്ടുകളും മുറികളുമുള്ള ആഡംബര ഹോട്ടലും ഉള്‍പ്പെടുന്ന പദ്ധതിയാണ് സീഗേറ്റ് നടപ്പിലാക്കുന്നത്. 870 മില്യണ്‍ ദിര്‍ഹം മൂല്യമുള് മറ്റ് യൂണിറ്റുകള്‍ സമീപഭാവിയില്‍ തന്നെ അവതരിപ്പിക്കുമെന്നും 2023 ആദ്യപാദത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നും എല്‍ബഹറാവി അറിയിച്ചു.20 മില്യണ്‍ ദിര്‍ഹത്തിന് ദുബായ് വ്യവസായിയായ ബല്‍വീന്ദര്‍ സഹാനിയാണ് നെപ്റ്റിയൂണ്‍ വാങ്ങിയത്.