ലഭിക്കുമോ ചുവന്ന പരവതാനി : ഇന്ത്യയില്‍ പ്രതീക്ഷ കൈവിടാതെ വാവെയ്
1 min read- 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വാവെയ്ക്ക് ഇപ്പോഴും പ്രതീക്ഷ
- ഇന്ത്യയുടെ ടെലികോം അടിസ്ഥാനസൗകര്യരംഗത്ത് ‘ഔട്ട്’ ആകുമോ ചൈനീസ് ഭീമന്‍
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരവും അമേരിക്കയുടെ ചൈനീസ് കമ്പനികള്‍ക്കെതിരായ നീക്കവുമെല്ലാം വാവെയ് എന്ന ടെക് ഭീമനെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഇന്ത്യയിലെ ടെലികോം അടിസ്ഥാനസൗകര്യമേഖലയില്‍ വമ്പന്‍ താല്‍പ്പര്യങ്ങളുള്ള ചൈനീസ് ടെക് കമ്പനി അതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തു. 5ജിയുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളില്‍ നിന്ന് വാവെയ് മാറ്റി നിര്‍ത്തപ്പെടുന്നുവെന്നും വാര്‍ത്തകള്‍ സജീവമായിരുന്നു. അതിര്‍ത്തിയില്‍ ചൈന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അതിന് ആക്കം കൂട്ടുകയും ചെയ്തു.
എന്നാല്‍ 5ജി അടിസ്ഥാനസൗകര്യ സേവനങ്ങളില്‍ ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും തന്നെ ഇതുവരെ ഇന്ത്യ പുറത്തുവിട്ടില്ലെന്നും ഇവിടെ നിലനില്‍ക്കാമെന്ന പ്രതീക്ഷ തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നും കമ്പനി ചിന്തിക്കുന്നു. ഈ കളിയില്‍ ഞങ്ങളുണ്ടാകുമെന്ന ശുഭപ്രതീക്ഷ തന്നെയാണുള്ളത്-ഇന്ത്യയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വാവെയ് ഇന്ത്യ സിഇഒ ഡേവിഡ് ലി പറഞ്ഞ വാക്കുകളാണിത്.
കൃത്യമായ ആശയവിനിമയങ്ങളൊന്നും വന്നിട്ടില്ലെന്നും ഔദ്യോഗികമായി ഒരു വിലക്കും തങ്ങള്‍ക്ക് നിലനില്‍ക്കുന്നില്ലെന്നും വാവെയ് കരുതുന്നു. ചെലവ് ചുരുക്കി കാര്യങ്ങള്‍ ചെയ്യുന്ന കമ്പനി മാത്രമല്ല വാവെയ്, വളരെ ഉന്നത ടെക്‌നോളജി ലഭഅയമാക്കുന്ന ആഗോള നേതാവ് കൂടിയാണ്. അതിനാല്‍ തന്നെ 5ജി വിപ്ലവത്തില്‍ വലിയ പങ്കുവഹിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും-ലി വ്യക്തമാക്കി.
ചൈനയുടെ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ ആര്‍മിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനിയാണ് വാവെയ്. ടെക്‌നോളജി രംഗത്ത് അതിഗംഭീര പ്രകടനം കാഴ്ച്ചവയ്ക്കുന്ന കമ്പനിയാണെങ്കിലും ഇവരുടെ ആത്യന്തിക ലക്ഷ്യം ചൈനയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്ന വാദങ്ങളും സജീവമാണ്. അതിനാല്‍ തന്നെ 5ജി വിന്യാസത്തില്‍ വാവെയ് എന്ന ടെക് ഭീമനെ എത്രമാത്രം ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യ ശ്രമിക്കും എന്നത് കണ്ടറിയേണ്ടതുണ്ട്