അഫ്ഗാന്‍: ഇന്ത്യ-ചൈന-പാക് സഹകരണം സാധ്യമാകുമോ?
1 min readഅഫ്ഗാന്‍ കൂടുതല്‍ അസ്ഥിരമായാല്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഗുരുതരമായ സുരക്ഷാ ഭീഷണികളുടെയും സാമ്പത്തിക വെല്ലുവിളികളുടെയും രൂപത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.
കാബൂള്‍: അമേരിക്കന്‍ ചരിത്രത്തില്‍ അവര്‍ ഏറ്റവും കൂടുതല്‍കാലം നീണ്ടുനിന്ന സംഘര്‍ഷത്തിലേര്‍പ്പെട്ടത് അഫ്ഗാനിസ്ഥാനിലായിരുന്നു. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താലിബാന്‍ തീവ്രവാദികളുമായി ചരിത്രപരമായ കരാറിലെത്തിയത് 2020 ഫെബ്രുവരി 29 ന് ആയിരുന്നു. എന്നാല്‍ ഇതിനുനല്‍കേണ്ടിവന്ന വില 2 ട്രില്യണ്‍ യുഎസ് ഡോളറും ഏകദേശം 2,400 അമേരിക്കന്‍ ജീവിതങ്ങളുമായിരുന്നു. കരാറനുസരിച്ച് 2021 സെപ്റ്റംബര്‍ 11 നകം എല്ലാ യുഎസ് സൈനികരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. 2021 മെയ് 16 ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ പിന്‍വലിക്കലിനെ “തിടുക്കത്തില്‍” എടുത്ത നടപടിയായി വ്യാഖ്യാനിച്ചു. തന്നെയുമല്ല യുഎസ് നടപടി അഫ്ഗാനിലെ സമാധാന പ്രക്രിയയെയും പ്രാദേശിക സ്ഥിരതയെയും സാരമായി ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എട്ട് അംഗങ്ങളുള്ള ഷാങ്ഹായ് സഹകരണ സംഘടനയോട് (എസ്സിഒ) അഫ്ഗാനില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും വാങ് യി ആവശ്യപ്പെട്ടു.
അമേരിക്കന്‍ സാന്നിധ്യത്തെ അഫ്ഗാന്‍ രാഷ്ട്രീയത്തിന്‍റെ വളച്ചൊടിക്കല്‍ എന്നാണ് മുന്‍പ് ചൈന വിശേഷിപ്പിച്ചിട്ടുള്ളത്. പിന്നെ എന്തുകൊണ്ടാണ് യുഎസ് പിന്മാറ്റത്തെക്കുറിച്ച് ചൈന ഇത്രയും സജീവമായി ആശങ്കപ്പെടുന്നത്. ചൈനയുടെ അയല്‍ രാജ്യത്ത് അമേരിക്ക സ്ഥിരം താവളം ഉണ്ടാക്കുന്നതാണ് അവരെ അസ്വസ്ഥമാക്കേണ്ടിയിരുന്നത്.
സുസ്ഥിരമായ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ ഇല്ലാതിരുന്നിട്ടും യുഎസ് സൈനികരുടെ പെട്ടെന്നുള്ള പിന്മാറ്റം അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല, മേഖലയിലും മൊത്തത്തില്‍ സ്ഥിരതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാകാം കാരണം.അഫ്ഗാന്‍ കൂടുതല്‍ അസ്ഥിരമായാല്‍ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഗുരുതരമായ സുരക്ഷാ ഭീഷണികളുടെയും സാമ്പത്തിക വെല്ലുവിളികളുടെയും രൂപത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.
ചൈനയും പാക്കിസ്ഥാനും തങ്ങളുടെ തന്ത്രപരമായ ഏകോപനം തുടരുമെന്നും അഫ്ഗാനിസ്ഥാനിലെ സ്ഥിരതയുടെ കാര്യത്തില്‍ ഇടപെടുമെന്നും പ്രതീക്ഷിക്കാം. യുഎസ് പിന്‍മാറ്റത്തിന്‍റെ പ്രത്യാഘാതങ്ങള്‍ വടക്കന്‍ അതിര്‍ത്തിയിലെ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയ്ക്കും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, യുഎസിനു ശേഷമുള്ള അഫ്ഗാനിസ്ഥാന്‍ ഇന്ത്യയും ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സഹകരണത്തിനുള്ള വഴി തുറന്നേക്കാം.
അഫ്ഗാനിസ്ഥാനിലെ 398 ജില്ലകളില്‍, താലിബാന്‍ 27 ശതമാനമോ 87 ജില്ലകളോ നിയന്ത്രിക്കുന്നുണ്ട്.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത് 97 ജില്ലകളാണ്. ബാക്കിയുള്ളവയ്ക്കായി ഇരുപക്ഷവും മത്സരിക്കുന്നു. ഇന്ന് താലിബാന്‍ 2001ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ശക്തമാണ്. നിരവധി ജില്ലകളില്‍ സമാനതകളില്ലാത്ത സ്വാധീനം അവര്‍ ചെലുത്തുന്നു.അഫ്ഗാന്‍ സര്‍ക്കാരിന് അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്.
സമാധാന കരാറിനോടുള്ള പ്രതിബദ്ധത സംബന്ധിച്ച് താലിബാന്‍റെ പെരുമാറ്റം ആശാവഹമല്ല.സര്‍ക്കാരും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഏപ്രില്‍ 24 ന് ഇസ്താംബൂളില്‍ നിശ്ചയിച്ചിരുന്ന യോഗം താലിബാന്‍ പ്രതിനിധി യോഗം ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് അനിശ്ചിതമായി നീട്ടിവെക്കേണ്ടി വന്നു. സെപ്റ്റംബര്‍ 11 ഓടെ അവസാന യുഎസ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുമ്പോള്‍, തീവ്രവാദികളുടെ പെരുമാറ്റം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് അവിടെ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് അസാധ്യമാണെന്നാണ്. താലിബാന്‍ അധികാരം പിടിച്ചെടുക്കുമെന്നും അവര്‍ കരുതുന്നു.
ചൈന സാധാരണയായി വിദേശ ഇടപെടലിനെ തത്വത്തില്‍ എതിര്‍ക്കുന്നതായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇറാഖ് യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമായി, ചൈനീസ് നേതാക്കള്‍ അഫ്ഗാന്‍ ആക്രമണത്തെ പിന്തുണച്ചിരുന്നു. അല്‍-ക്വായ്ദയെയും ഒസാമ ബിന്‍ ലാദനെയും വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയത്തില്‍ അവര്‍ ഒപ്പുവെച്ചിരുന്നു. താലിബാന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ ചൈനയുടെ അതിര്‍ത്തിയില്‍ വമ്പിച്ച അസ്ഥിരതയുടെ ഉറവിടമാകും എന്നതായിരുന്നു ഇതിന് കാരണം.
സിന്‍ജിയാങ്ങിനായി സ്വയം നിര്‍ണ്ണയം ആവശ്യപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകളും ഉയ്ഗര്‍ തീവ്രവാദ സംഘടനകളും പ്രവര്‍ത്തിക്കുമ്പോള്‍ അഫ്ഗാന്‍ താലിബാനിസത്തിലേക്ക് വഴുതുന്നത് ബെയ്ജിംഗിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.യുഎസിന്‍റെ പിന്മാറ്റം അഫ്ഗാനിസ്ഥാനെ ഉയ്ഘര്‍ തീവ്രവാദികള്‍ക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഒരു സങ്കേതമായി മാറ്റിയേക്കാം. ഇത് ചൈനയുടെ സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ശ്രദ്ധ ദക്ഷിണ ചൈനാ കടല്‍, ഇന്ത്യയുമായുള്ള അതിര്‍ത്തി എന്നിവയില്‍ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യും.
പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനുമായി 2,670 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു, കൂടാതെ അഫ്ഗാന്‍ താലിബാന്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം തീവ്രവാദ സംഘടനകളുടെ സുരക്ഷിത താവളവുമാണ്. യുഎസിന്‍റെ പിന്മാറ്റവും അവിടെ ഏകപക്ഷീയമായി ഇടപെടാന്‍ ഇന്ത്യ തയ്യാറാകാത്തതും അര്‍ത്ഥമാക്കുന്നത് അഫ്ഗാനിസ്ഥാനില്‍ ആസന്നമായ അരാജകത്വത്തിന്‍റെ മുഴുവന്‍ ഭാരവും പാക്കിസ്ഥാന്‍ വഹിക്കേണ്ടിവരുമെന്നതാണ്.
താലിബാനെ ഒരു ഏകീകൃത സംവിധാനമായി കാണുന്നതിനുപകരം, അഫ്ഗാനിസ്ഥാനില്‍ വിവിധ വംശങ്ങളും രാഷ്ട്രീയ ശക്തികളും ഉണ്ടെന്ന് തിരിച്ചറിയണം. സ്വീകാര്യമായ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് ഇല്ലെങ്കില്‍, ഈ വിഭാഗങ്ങള്‍ക്കിടയില്‍ ഒരു ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഇത് അഭയാര്‍ത്ഥി പ്രതിസന്ധിക്ക് കാരണമായേക്കും, അത് സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനിലേക്ക് വ്യാപിച്ചേക്കാം. കൂടാതെ, പാക്കിസ്ഥാന്‍റെ ആദിവാസി മേഖലയായ ഫെഡറല്‍ അഡ്മിനിസ്ട്രേറ്റഡ് ട്രൈബല്‍ ഏരിയകള്‍ (ഫാറ്റ), തീവ്രവാദവും സ്വയം നിര്‍ണ്ണയത്തിനുള്ള ആവശ്യങ്ങളും നിലനില്‍ക്കുന്ന അഫ്ഗാന്‍ അതിര്‍ത്തിക്കടുത്താണ്. അഫ്ഗാനിസ്ഥാനിലെ ഏത് അസ്ഥിരതയും തീര്‍ച്ചയായും ഈ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും പാക്കിസ്ഥാനില്‍ നിലവിലുള്ള സുരക്ഷാ സാഹചര്യം വഷളാക്കുകയും ചെയ്യും.
ഇങ്ങനെയൊരു സാഹചര്യം നിലവില്‍ വന്നാല്‍ താലിബാന് അനായാസ പ്രവര്‍ത്തനസ്വാതന്ത്ര്യമുള്ള നാടായി പാക്കിസ്ഥാന്‍ മാറും. ഇപ്പോഴും ഏതാണ്ട് അങ്ങനെതന്നെയാണ്. താലിബന്‍റെ പ്രധാന ഓഫീസുകള്‍ പാക്മണ്ണില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇന്ത്യക്കെതിരായി സുപ്രധാന പിന്തുണ നല്‍കാന്‍ അഫ്ഗാന്‍ താലിബാന്‍ മടിക്കില്ല. ഇസ്ലാമബാദ് അവരെ ഇന്ത്യക്കെതിരായി ഉപയോഗിക്കുകയും ചെയ്യാം.
ഇത് ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങളെ നേരിട്ട് വെല്ലുവിളിക്കും. ഏതൊരു താലിബാന്‍ ഭരണകൂടത്തിലും ഹഖാനി നെറ്റ്വര്‍ക്കിന് വലിയ പങ്കുണ്ടാകും. കൂടാതെ കശ്മീരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഭീകരസംഘടനകള്‍ ലഷ്കര്‍-ഇ-തായ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയവര്‍ പ്രവര്‍ത്തനം വലിയതോതില്‍ അഫ്ഗാനിലേക്ക് മാറ്റിയതായും പറയുന്നുണ്ട്. താലിബാനിസത്തെ കശ്മീരിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം ഉണ്ടാകാം. ഇങ്ങനെ സംഭവിച്ചാല്‍ അത് ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായിരിക്കും. കോവിഡ്, ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങള്‍ ,ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയവയ്ക്കുപുറമേ താലിബാന്‍ഭീഷണിയും കൂടിയായാല്‍ അത് സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയതലവേദനയാകും.
അഫ്ഗാന്‍ താലിബന്‍ അധീനതയില്‍ വന്നാല്‍ അത് മേഖലയിലെ ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെയും തടസ്സപ്പെടുത്തും. 2001 മുതല്‍ അഫ്ഗാനിസ്ഥാനില്‍ 3 ബില്യണ്‍ യുഎസ് ഡോളറിലധികം വികസന പദ്ധതികള്‍ക്കായി ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് അഫ്ഗാനിസ്ഥാനിലെ നയങ്ങള്‍ വീണ്ടും ഓറിയന്‍റുചെയ്യാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കിയേക്കാം. പ്രത്യേകിച്ചും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി താലിബാനുമായി ഇടപഴകാനുള്ള സന്നദ്ധത പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും, അടുത്തിടെ നടന്ന യുറോപ്യന്‍ യൂണിയന്‍-ഇന്ത്യയോഗത്തിനുശേഷമുള്ള സംയുക്ത പത്രക്കുറിപ്പില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.
യുഎസ് പിന്മാറുന്ന സാഹചര്യത്തില്‍ സുരക്ഷയും സാമ്പത്തികവെല്ലുവിളികളും ഇന്ത്യക്കും ചൈനയ്ക്കും പാക്കിസ്ഥാനും ഒരുപോലെ പ്രശ്നമാകും. ആസന്നമായ ആപത്തുകളാല്‍ ഈ രാജ്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നുപറയാം. നേരിട്ട് സഹകരിക്കാന്‍ തടസങ്ങള്‍ ഉണ്ടെങ്കിലും അഫ്ഗാനിസ്ഥാനില്‍ സമാധാനവും ക്രമസമാധാനവും പരിപോഷിപ്പിക്കാന്‍ സഹായിക്കുകയെന്നത് മൂന്നു രാജ്യങ്ങളുടേയും ആവശ്യകതയാണ്. ചൈനയും ഇന്ത്യയും യുഎസ് പിന്മാറ്റത്തെ അംഗീകരിക്കുന്നില്ല, മറിച്ച്, ഉത്തരവാദിത്തമുള്ള സൈന്യത്തെ പിന്‍വലിക്കല്‍ തത്വത്തെ പാക്കിസ്ഥാന്‍ പിന്തുണച്ചിട്ടുണ്ട്. എന്നിരുന്നാലും, മൂന്ന് രാജ്യങ്ങളും അഫ്ഗാന്‍ സമാധാന ചര്‍ച്ചകളെ സ്വാഗതം ചെയ്തിട്ടുണ്ട്, ഇത് ഒരു രാഷ്ട്രീയ ചര്‍ച്ചയുടെയും അധികാര പങ്കിടലിന്‍റെയും അഭിലാഷത്തിന് അടിവരയിടുന്നു. സുസ്ഥിരമായ അഫ്ഗാനിസ്ഥാനുവേണ്ടി പങ്കിട്ട ഈ ആഗ്രഹമാണ് ചൈന-പാക്കിസ്ഥാന്‍-ഇന്ത്യ ത്രിരാഷ്ട്ര സഹകരണത്തിന്‍റെ മങ്ങിയ സാധ്യതയെങ്കിലും നിലനിര്‍ത്തുന്നത്.