ആന്ധ്രയില്‍ ടിഡിപി നേതാക്കള്‍ വീട്ടുതടങ്കലില്‍
അമരാവതി: ആന്ധ്രയിലെ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) നിരവധി നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലെയും കോവിഡ് ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളുമായി ആശയവിനിമയം നടത്താന്‍ നേതാക്കള്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതിനെതുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
വീട്ടുതടങ്കലിന് വിധേയരായ ടിഡിപി നേതാക്കളില്‍ നിയമസഭയിലെ ഡെപ്യൂട്ടി പാര്‍ട്ടി നേതാവ് നിമ്മല രാമനായിഡു, എംഎല്‍എ ഗാനി വീരഞ്ജനേയുലു, എംഎല്‍സി ബിടെക് രവി, നിരവധി ജില്ലാതല നേതാക്കള്‍ എന്നിവരും ഉള്‍പ്പെടുന്നു. വൈഎസ്ആര്‍സിപി സര്‍ക്കാരിന്‍റെ നടപടിയെ അപലപിച്ച ടിഡിപി നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെ വിമര്‍ശിക്കുകയും ചെയ്തു.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളില്‍ ടിഡിപി സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു.കോവിഡ് രോഗികള്‍ക്കും ഇരകള്‍ക്കും അവര്‍ പിന്തുണ നല്‍കുകയും ചെയ്തു.മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികാര രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെന്ന് ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറി നാര ലോകേഷ് കുറ്റപ്പെടുത്തി. കോവിഡ് രോഗികളെ കാണാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിവരങ്ങള്‍ നേടാനും ടിഡിപി വീണ്ടും തീരുമാനിച്ചിട്ടുണ്ട്.