ഭാവിയില്‍ കോവിഡ്-19 സാധാരണ ജലദോഷം പോലെയാകുമെന്ന് പഠനം
1 min readവരും ദശാബ്ദത്തില്‍ നോവല്‍ കൊറോണ വൈറസ് മൂലമുള്ള കോവിഡ്-19 ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന ചുമയും മൂക്കൊലിപ്പും മാത്രമായി മാറുമെന്ന് ജേണല്‍ വൈറസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്
കോവിഡ്-19 രോഗത്തിന് കാരണമാകുന്ന നോവല്‍ കൊറോണ വൈറസ് വരും ദശാബ്ദത്തില്‍ ചുമയ്ക്കും മൂക്കൊലിനും മുകളിലുള്ള ആരോഗ്യപ്രശ്നങ്ങള്ക്കിടയാക്കി
ആളുകള്‍ കൂട്ടമായി പ്രതിരോധ ശേഷി നേടാനിടയുള്ളതിനാല്‍ അടുത്ത ദശാബ്ദത്തില്‍ കോവിഡ്-19 രോഗതീവ്രത കുറഞ്ഞേക്കുമെന്ന് അമേരിക്കയിലെ ഉത സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്ര, ജൈവശാസ്ത്ര വിഭാഗം പ്രഫസറായ ഫ്രെഡ് അഡ്‌ലര്‍ പറഞ്ഞു. വൈറസിനുണ്ടാകുന്ന വ്യതിയാനങ്ങളേക്കാള്‍ മനുഷ്യരുടെ പ്രതിരോധ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളായിരിക്കും രോഗത്തിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊറൊണ വൈറസ് കുടുംബത്തിലെ SARS-CoV-2വെറസിനെയാണ് നമുകക് ഏറ്റവും പരിചയമെങ്കിലും ഓരോ സീസണുകളിലും മനുഷ്യര്‍ക്കിടയില്‍ ചുറ്റിക്കറങ്ങുന്ന, വലിയ അപകടകാരികളല്ലാത്ത കൊറോണ വൈറസുകളും ഉണ്ട്. ഈ കൂട്ടത്തിലുള്ള ജലദോഷമുണ്ടാക്കുന്ന ഒരു വൈറസ് ഒരിക്കല്‍ ഉഗ്രരൂപം പ്രാപിച്ചതായി ചില തെളിവുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റഷ്യന്‍ ഫ്‌ളൂവിന് കാരണമായത് അതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.കാലക്രമേണ SARS-CoV-2 വൈറസിന്റെ തീവ്രതയും അത്തരത്തില്‍ കുറഞ്ഞേക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
SARS-CoV-2 വൈറസിനോടുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തെളിവുകള്‍ ഉള്‍പ്പെടുത്തിയുള്ള ഗണിതശാസ്ത്ര മോഡലുകള്‍ക്ക് രൂപം നല്‍കിയതാണ് ഗവേഷകര്‍ പഠനം നടത്തിയത്. പലതരത്തിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ദീര്‍ഘകാലത്തിന് ശേഷം ജനസംഖ്യയില്‍ കൂടുതലാളുകളും നേരിയ തോതിലുള്ള രോഗത്തിന് അടിമപ്പെടുന്ന ഒരു സാഹചര്യം ഗവേഷകര്‍ മെനഞ്ഞെടുത്തു. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ ആരും അതിന് മുമ്പ് ഈ വൈറസിനെ കണ്ടിരുന്നില്ല. അതിനാല്‍ തന്നെ നമ്മുടെ പ്രതിരോധ വ്യവസ്ഥ അതിനെതിരെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുമില്ലെന്ന് അഡ്‌ലര്‍ വിശദീകരിച്ചു. എന്നാല്‍ വരും ദശാബ്ദത്തില്‍ പ്രായപൂര്‍ത്തിയായ കൂടുതലാളുകള്‍ രോഗബാധയിലൂടെയോ വാക്‌സിനേഷനിലൂടെയോ ഭാഗികമായ പ്രതിരോധശേഷി കൈവരിക്കുകയും ഗുരുതര രോഗബാധ അപ്രത്യക്ഷമാകുകയും ചെയ്യുമെന്നാണ് ഗണിതശാസ്ത്ര മാതൃകകള്‍ വ്യക്തമാക്കുന്നതെന്ന് ഗവേകര്‍ പറഞ്ഞു. ക്രമേണ, ആദ്യമായി രോഗത്തെ അഭിമുഖിക്കുന്ന ഏകവിഭാഗം കുട്ടികള്‍ മാത്രമായി മാറും. അവര്‍ സ്വാഭാവികമായി തന്നെ ഗുരുതരമായ രോഗബാധയില്‍ നിന്ന് സംരക്ഷണം ഉള്ളവരാണ്.
നേരിയതും ഗുരുതരമായതുമായ കോവിഡ്-19 രോഗങ്ങള്‍ക്കിടയില്‍ നടക്കുന്ന മത്സരം തിരിച്ചറിയുകയും ഏതാണ് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയെന്ന് കണ്ടെത്തുകയുമാണ് ഇവിടെ പ്രധാനപ്പെട്ട കാര്യമെന്ന് മറ്റൊരു ഗവേഷകനായ അലക്‌സാണ്ടര്‍ ബീംസ് പറയുന്നു. ഗുരുതരമായ രോഗബാധക്കെതിരെ പോരാടാന്‍ പ്രതിരോധ വ്യവസ്ഥയെ പരിശീലിപ്പിക്കുമെന്നതിനാല്‍ നേരിയ രോഗബാധകളാണ് വിജയിക്കുകയെന്നാണ് തങ്ങളുടെ മാതൃകകള്‍ വ്യക്തമാക്കുമാക്കുന്നതെന്ന് ബീംസ് പറഞ്ഞു. എന്നിരുന്നാലും രോഗത്തിന്റെ ദിശയിലെ എല്ലാ സാധ്യതകളും ഈ മാതൃകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ഒരു ന്യൂനതയാണ്. ഉദാഹരണത്തിന് പുതിയ വൈറസ് വകഭേദങ്ങള്‍ ഭാഗിക രോഗപ്രതിരോധ ശേഷി മറികടക്കുന്നവയാണെങ്കില്‍ കോവിഡ്-19 കൂടുതല്‍ നാശം വിതയ്ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. മാതൃകകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന സാധ്യതകള്‍ ശരിയായെങ്കില്‍ മാത്രമേ തങ്ങളുടെ പ്രവചനം യാഥാര്‍ത്ഥ്യമാകുകയുള്ളുവെന്നും ഗവേഷകര്‍ സമ്മതിച്ചു. തങ്ങളുടെ മാതൃകകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ നിലവിലെ രോഗ വിവരങ്ങളുമായി താരതമ്യം ചെയ്ത് പകര്‍ച്ചവ്യാധി എത്തരത്തിലായിരിക്കും നീങ്ങുകയെന്ന് കണ്ടെത്തുകയാണ് തങ്ങളുടെ അടുത്ത ചുവടെന്നും അവര്‍ വ്യക്തമാക്കി.