സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അറ്റാദായം 6.79 കോടി രൂപ
1 min readകോര്‍പറേറ്റ് വായ്പകള്‍ കുറയ്ക്കുക എന്ന ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി, പ്രസ്തുത വായ്പകള്‍ 2020 മാര്‍ച്ച് 31ലെ 28 ശതമാനത്തില്‍ നിന്നും 2021 മാര്‍ച്ച് 31 ആയപ്പോഴേക്കും 25 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദ ഫലം പ്രഖ്യാപിച്ചു. 6.79 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 143.69 കോടി രൂപ നഷ്ടമായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായം 61.91 കോടി രൂപയാണ്. കഴിഞ്ഞ വാര്‍ഷിക അറ്റാദായം 104.59 കോടി രൂപയായിരുന്നു.
ഉപഭോക്തൃ നിക്ഷേപങ്ങളില്‍ 12 ശതമാനം ആണ് വാര്‍ഷിക വര്‍ധന. നിക്ഷേപങ്ങളില്‍ സേവിംഗ്സ് നിക്ഷേപങ്ങള്‍ 15 ശതമാനം, കറന്‍റ് നിക്ഷേപങ്ങള്‍ 35 ശതമാനം, കാസ 18 ശതമാനം, എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 9 ശതമാനം എന്നിങ്ങനെയാണ് വര്‍ധന രേഖപ്പെടുത്തിയത്. വായ്പാ രംഗത്താകട്ടെ, കാര്‍ഷിക വായ്പകളില്‍ 15 ശതമാനം വളര്‍ച്ചയും സ്വര്‍ണ വായ്പകളില്‍ 18 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ കോവിഡ് സാഹചര്യം ബിസിനസ്, വ്യക്തിഗത വായ്പകളെ ബാധിച്ചുവെന്ന് ബാങ്കിന്‍റെ എം.ഡി.യും സി.ഇ.ഒ.യുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. എന്നിരുന്നാലും കാര്‍ഷിക, സ്വര്‍ണ വായ്പാ രംഗത്ത് മികച്ച വളര്‍ച്ച കൈവരിക്കുവാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. കോര്‍പറേറ്റ് വായ്പകള്‍ കുറയ്ക്കുക എന്ന ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി, പ്രസ്തുത വായ്പകള്‍ 2020 മാര്‍ച്ച് 31ലെ 28 ശതമാനത്തില്‍ നിന്നും 2021 മാര്‍ച്ച് 31 ആയപ്പോഴേക്കും 25 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു.
ബാലന്‍സ്ഷീറ്റ് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി എം.എസ്.എം.ഇ, കാര്‍ഷിക, റീട്ടെയില്‍ വായ്പകളിലുള്ള ബാങ്കിന്‍റെ ഊന്നല്‍ തുടരുമെന്നും വലിയ കോര്‍പറേറ്റ് വായ്പകള്‍ ഇനിയും കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.