‘കോവിഡ് വ്യാപനത്തിലും നിതീഷ് പിന്തുടരുന്നത് നിഷേധാത്മക രാഷ്ട്രീയം’
പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപിയും ബിഹാറില്‍ പകര്‍ച്ചവ്യാധി രൂക്ഷമാകുമ്പോഴും നിഷേധാത്മക രാഷ്ട്രീയം പിന്തുടരുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. ‘ പാറ്റ്നയിലെ പോളോ റോഡിലെ എന്‍റെ ഔദ്യോഗിക വസതിയില്‍ ഞങ്ങള്‍ ഒരു കോവിഡ് കെയര്‍ സെന്‍റര്‍ സ്ഥാപിച്ചു. അതില്‍ കിടക്കകളും ഓക്സിജനും ഭക്ഷണങ്ങളും മരുന്നുകളും ഉണ്ട്. ഇത് ഏറ്റെടുക്കാനും മെഡിക്കല്‍ സ്റ്റാഫുകളെ വിന്യസിക്കാനും നിതീഷ് കുമാര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇതുവരെ, സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടില്ല’ തേജസ്വി ആരോപിക്കുന്നു.
‘പകര്‍ച്ചവ്യാധി സമയത്ത് നിതിഷ് സര്‍ക്കാര്‍ രോഗികളെ സഹായിക്കുകയോ ബീഹാറിലെ ജനങ്ങളെ സഹായിക്കാന്‍ ഞങ്ങളെ അനുവദിക്കുകയോ ചെയ്യുന്നില്ല. ഇതിന് നെഗറ്റീവ് രാഷ്ട്രീയമാണ് കാരണമെന്ന് പറയാം. ഈ സര്‍ക്കാരിന്‍റെ യഥാര്‍ത്ഥ മുഖം ഇപ്പോള്‍ തുറന്നുകാട്ടപ്പെടുകയാണ്. നിതീഷ് കുമാര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ക്ഷീണിതനാണ്, “തേജസ്വി പറഞ്ഞു.
ബീഹാറിലെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച തടയാന്‍ ബീഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെക്ക് കഴിഞ്ഞില്ല. വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന് മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് പാണ്ഡെ തന്നെ പറഞ്ഞു. ആരാണ് ഇതിന് ഉത്തരവാദികളെന്നും കഴിഞ്ഞ ദിവസം ആര്‍ജെഡി നേതാവ് ചോദിച്ചിരുന്നു. ആരെങ്കിലും സ്വന്തം താമസസ്ഥലത്ത് കിടക്കകള്‍ വെച്ചാല്‍ അത് ആശുപത്രിയായി കണക്കാക്കാനാവില്ലെന്ന് തേജസ്വിയുടെ കോവിഡ് കെയര്‍ സെന്‍ററുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി പാണ്ഡെ അന്നുതന്നെ വ്യക്തമാക്കിയതാണ്. ഇത് ആര്‍ജെഡി നേതാവിനെ പ്രകോപിപ്പിച്ചിരുന്നു. ഇക്കാരണത്താലാണ് മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണവുമായി അദ്ദേഹം രംഗത്തുവന്നതെന്ന് പറയപ്പെടുന്നു.
” മഹാമാരിയില്‍ രാജ്യത്തിന് സേവനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന 900 അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ബീഹാറിലുള്ളത്. എന്നാല്‍ അവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥികളുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതാണ് കാരണം. സംസ്ഥാന സര്‍ക്കാര്‍ അവരുടെ ആവലാതികള്‍ പരിഗണിച്ച് കഴിയുന്നത്ര മെഡിക്കല്‍ സ്റ്റാഫുകളെ ഈ സാഹചര്യത്തില്‍ നിയമിക്കണം.’ തേജസ്വി കൂട്ടിച്ചേര്‍ത്തു.