November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്‌പെഷല്‍ എഡിഷനുകളുമായി ട്രയംഫ്

സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്ക്വീന്‍, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ 900 സാന്‍ഡ്‌സ്റ്റോം എഡിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 13.75 ലക്ഷം, 9.65 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില  

ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍, ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ 900 സാന്‍ഡ്‌സ്റ്റോം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 13.75 ലക്ഷം രൂപയും 9.65 ലക്ഷം രൂപയുമാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം വില. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും സ്റ്റാന്‍ഡേഡ് വേര്‍ഷനുകള്‍ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ കഴിഞ്ഞ മാസം അനാവരണം ചെയ്തിരുന്നു. പ്രശസ്തമായ ട്രയംഫ് ടിആര്‍6 മോട്ടോര്‍സൈക്കിളിന് ആദരമര്‍പ്പിച്ചാണ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ വിപണിയിലെത്തിക്കുന്നത്. 1963 ല്‍ പുറത്തിറങ്ങിയ ദ ഗ്രേറ്റ് എസ്‌കേപ്പ് എന്ന ചലച്ചിത്രത്തില്‍ സ്റ്റീവ് മക്ക്വീന്‍ ഈ മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ചിരുന്നു.

ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 എക്‌സ്ഇ വേരിയന്റ് അടിസ്ഥാനമാക്കിയാണ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ നിര്‍മിച്ചത്. ഫാക്റ്ററിയില്‍ ഘടിപ്പിച്ച ആക്‌സസറികള്‍, പുതിയ കളര്‍ സ്‌കീം എന്നിവ നല്‍കി. ‘കോമ്പറ്റീഷന്‍ ഗ്രീന്‍’ ഇന്ധന ടാങ്ക്, കാല്‍മുട്ടുകള്‍ക്കായി ബ്രഷ്ഡ് ഫോയില്‍ പാഡുകള്‍, ഗോള്‍ഡ് ലൈനിംഗ്, ഗോള്‍ഡ് ലോഗോകള്‍, ഇന്ധന ടാങ്കില്‍ സ്റ്റീവ് മക്ക്വീന്‍ ഗ്രാഫിക് എന്നിവയും കാണാം. ‘മോന്‍സ’ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പ്, ബ്രഷ്ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ടാങ്ക് സ്ട്രാപ്പ് എന്നിവയും ഫീച്ചറുകളാണ്. ബ്രൗണ്‍ നിറത്തില്‍ പ്രീമിയം ബെഞ്ച് സീറ്റ്, സ്റ്റിച്ച്ഡ് റിബ്ബിംഗ്, ട്രയംഫ് ബ്രാന്‍ഡിംഗ് എന്നിവയാണ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്റെ മറ്റ് സവിശേഷതകള്‍.

ആഗോളതലത്തില്‍ ആയിരം യൂണിറ്റ് സ്റ്റീവ് മക്ക്വീന്‍ എഡിഷന്‍ മാത്രമാണ് നിര്‍മിക്കുന്നത്. ബില്ലറ്റ് മഷീനില്‍ നിര്‍മിച്ച ഹാന്‍ഡില്‍ബാര്‍ ക്ലാമ്പില്‍ ഓരോ ബൈക്കിന്റെയും നമ്പര്‍ രേഖപ്പെടുത്തി. മാത്രമല്ല, സ്റ്റീവ് മക്ക്വീന്റെ കൈയൊപ്പ് ലേസര്‍ ഉപയോഗിച്ച് കൊത്തിവെച്ചു.

യൂറോ 5 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1,200 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് 2021 ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 88 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 110 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ട്രയംഫിന്റെ പുതു തലമുറ റൈഡ് ബൈ വയര്‍ സാങ്കേതികവിദ്യ കൂടാതെ റോഡ്, റെയ്ന്‍, സ്‌പോര്‍ട്ട്, ഓഫ്‌റോഡ്, ഓഫ്‌റോഡ് പ്രോ (എക്‌സ്ഇ വേരിയന്റില്‍ മാത്രം), റൈഡര്‍ക്ക് നിശ്ചയിക്കാവുന്ന മോഡ് എന്നിങ്ങനെ ആറ് റൈഡിംഗ് മോഡുകള്‍ നല്‍കി.

പ്രത്യേക പെയിന്റ് സ്‌കീം, നിരവധി പ്രീമിയം ആക്‌സസറികള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കിയാണ് ട്രയംഫ് സ്‌ക്രീറ്റ് സ്‌ക്രാംബ്ലര്‍ 900 സാന്‍ഡ്‌സ്റ്റോം എഡിഷന്‍ വിപണിയിലെത്തിച്ചത്. ആഗോളതലത്തില്‍ 775 യൂണിറ്റ് മാത്രമാണ് നിര്‍മിക്കുന്നത്. വിഐഎന്‍ രേഖപ്പെടുത്തിയ ആധികാരികതാ സാക്ഷ്യപത്രം ഓരോ മോട്ടോര്‍സൈക്കിളിന്റെയും കൂടെ ലഭിക്കും. കോംപാക്റ്റ് എല്‍ഇഡി ടെയ്ല്‍ലൈറ്റ്, നമ്പര്‍ പ്ലേറ്റ് ലൈറ്റ് (ഓരോ രാജ്യത്തെയും നിബന്ധനകള്‍ ബാധകം) എന്നിവ ഉള്‍പ്പെടുന്ന പ്രീമിയം ടെയ്ല്‍ ടൈഡി, ഹെവി ഡ്യൂട്ടി അലുമിനിയം സമ്പ് ഗാര്‍ഡ്, ചെറിയ ട്രയംഫ് ബ്രാന്‍ഡിംഗ് സഹിതം സ്റ്റൈലിഷ് ഹെഡ്‌ലൈറ്റ് ഗ്രില്‍, കാല്‍മുട്ടുകള്‍ക്കായി ഇന്ധന ടാങ്കില്‍ റബ്ബര്‍ പാഡുകള്‍ എന്നിവ ലഭിച്ചതാണ് സാന്‍ഡ്‌സ്റ്റോം എഡിഷന്‍.

യൂറോ 5, ബിഎസ് 6 പാലിക്കുന്ന 900 സിസി, ഹൈ ടോര്‍ക്ക് ബോണവില്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് 2021 ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ 900 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 64 ബിഎച്ച്പി കരുത്തും വെറും 3,250 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സ്വിച്ച് ചെയ്യാന്‍ കഴിയുന്ന എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. റൈഡ് ബൈ വയര്‍ കൂടാതെ റെയ്ന്‍, റോഡ്, ഓഫ്‌റോഡ് എന്നിവയാണ് മൂന്ന് റൈഡിംഗ് മോഡുകള്‍.

Maintained By : Studio3