പ്രീമിയം വേര്‍ഷന്‍ : സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനത്തോടെ ട്വിറ്റര്‍ ബ്ലൂ വരുന്നു
‘അണ്‍ഡു ട്വീറ്റ്’ ഉള്‍പ്പെടെയുള്ള എക്‌സ്‌ക്ലുസീവ് ഫീച്ചറുകള്‍ ഉണ്ടായിരിക്കും
സാന്‍ ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ: പ്രീമിയം പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുമായി ‘ട്വിറ്റര്‍ ബ്ലൂ’ വൈകാതെ അവതരിപ്പിച്ചേക്കും. ‘അണ്‍ഡു ട്വീറ്റ്’ ഉള്‍പ്പെടെയുള്ള എക്‌സ്‌ക്ലുസീവ് ഫീച്ചറുകള്‍ സഹിതമായിരിക്കും ട്വിറ്റര്‍ ബ്ലൂ വരുന്നത്. ഒരുപക്ഷേ ‘കളക്ഷന്‍സ്’ വിഭാഗം കൂടി നല്‍കിയതായിരിക്കും പെയ്ഡ് സര്‍വീസ്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ട്വീറ്റുകള്‍ സേവ് ചെയ്യാനും മറ്റും ഇവിടെ കഴിയും. പ്രതിമാസം 2.99 യുഎസ് ഡോളര്‍ (ഏകദേശം 220 ഇന്ത്യന്‍ രൂപ) ആയിരിക്കും ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷനായി നല്‍കേണ്ടത് എന്ന് പറയപ്പെടുന്നു. ഫെബ്രുവരിയില്‍ ട്വിറ്റര്‍ ‘സൂപ്പര്‍ ഫോളോസ്’ ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു. എക്‌സ്‌ക്ലുസീവ് ഉള്ളടക്കങ്ങള്‍ക്ക് തങ്ങളെ പിന്തുടരുന്നവരില്‍നിന്ന് പണം ഈടാക്കാനുള്ള സംവിധാനമാണ് സൂപ്പര്‍ ഫോളോസ്.
പോസ്റ്റ് ചെയ്ത ശേഷം അല്‍പ്പസമയത്തേക്ക് ട്വീറ്റ് അണ്‍ഡു ചെയ്യാനുള്ള സൗകര്യമാണ് അണ്‍ഡു ട്വീറ്റ്. സ്വന്തം ട്വീറ്റുകള്‍ അണ്‍ഡു ചെയ്യാനുള്ള സമയം ഓരോരുത്തര്‍ക്കും കസ്റ്റമൈസ് ചെയ്യാന്‍ കഴിയുമായിരിക്കും. ‘കളക്ഷന്‍സ്’ ആയിരിക്കാം രണ്ടാമത്തെ പെയ്ഡ് ഫീച്ചര്‍. തങ്ങളുടെ ഇഷ്ടപ്പെട്ട ട്വീറ്റുകള്‍ സേവ് ചെയ്യുന്നതിനും വ്യത്യസ്ത വിഭാഗങ്ങളില്‍ ഓര്‍ഗനൈസ് ചെയ്യുന്നതിനും കഴിയും.
കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് കൂടുതല്‍ എക്‌സ്‌ക്ലുസീവ് ഫീച്ചറുകള്‍ നല്‍കുന്നവിധമായിരിക്കും ട്വിറ്റര്‍ ബ്ലൂ അവതരിപ്പിക്കുന്നത്. ഔദ്യോഗികമായി എപ്പോഴായിരിക്കും സബ്‌സ്‌ക്രിപ്ഷന്‍ അവതരിപ്പിക്കുകയെന്ന് വ്യക്തമല്ല. വിവിധ സബ്‌സ്‌ക്രിപ്ഷന്‍ ലെവലുകള്‍ക്കുള്ള തുക എത്രയായിരിക്കുമെന്ന വിവരവും ഇപ്പോള്‍ ലഭ്യമല്ല.
വരാനിരിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിന് ഉപകരിക്കുമെന്ന് കണക്കാക്കി ‘സ്‌ക്രോള്‍’, അതിന്റെ പരസ്യ രഹിത ന്യൂസ് ആപ്പായ ‘നസല്‍’ എന്നിവ ഈ മാസമാദ്യം ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൂപ്പര്‍ ഫോളോ സബ്‌സ്‌ക്രിപ്ഷന്‍സ് പ്രഖ്യാപിച്ചത്. എക്‌സ്‌ക്ലുസീവ് ട്വീറ്റുകളും ഉള്ളടക്കങ്ങളും നല്‍കി തങ്ങളെ പിന്തുടരുന്നവരില്‍നിന്ന് പണം ഈടാക്കാനുള്ള പുതിയ ടൂളാണ് സൂപ്പര്‍ ഫോളോ.