റൈറ്റ്‌ബ്രെയിന്‍ സംരംഭവുമായി ടൂണ്‍സ് മീഡിയ ഗ്രൂപ്പ്
വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ വിപുലീകരിക്കുന്നു
തിരുവനന്തപുരം: പ്രമുഖ മാധ്യമ, വിനോദ കമ്പനികളിലൊന്നായ ടൂണ്‍സ് മീഡിയ ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റൈറ്റ്‌ബ്രെയിന്‍ എന്ന ഇ ലേണിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. എഡ്ടെക് മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ റൈറ്റ്‌ബ്രെയിന്‍ സര്‍ഗാത്മക പഠനത്തിന് മാത്രമായി രൂപകല്‍പ്പന ചെയ്തതാണ്. ക്രിയേറ്റീവ് ആര്‍ട്‌സ്, ടെക്‌നോളജി എന്നിവ പഠിക്കുന്നതിന് മാത്രമായി സമര്‍പ്പിച്ചിരിക്കുന്നു എന്നത് ഈ പ്ലാറ്റ്ഫോമിന്റെ സവിശേഷതയാണ്. സര്‍ഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും അത്തരത്തിലുള്ള കഴിവിനെ ശാക്തീകരിക്കുന്നതിനും റൈറ്റ്‌ബ്രെയിന്‍ അവസരമൊരുക്കുന്നതായി ടൂണ്‍സ് മീഡിയ ഗ്രൂപ്പ് സിഇഒ പി ജയകുമാര്‍ പറഞ്ഞു.
തുടക്കക്കാര്‍ക്കായി റൈറ്റ്‌ബ്രെയിന്‍ എക്സ്പ്ലോര്‍, പ്രൊഫഷണലുകള്‍ക്കായി റൈറ്റ്‌ബ്രെയിന്‍ എക്‌സല്‍ എന്നിങ്ങനെ രണ്ട് സെഗ്മെന്റുകളായാണ് പ്ലാറ്റ്‌ഫോമില്‍ കോഴ്സുകള്‍ സജ്ജീകരിച്ചത്. റൈറ്റ്‌ബ്രെയിന്‍ എക്‌സ്‌പ്ലോര്‍ കോഴ്‌സുകള്‍ കുട്ടികളുടെയും യുവ പഠിതാക്കളുടെയും സര്‍ഗ്ഗാത്മകമായ കഴിവുകള്‍ കണ്ടെത്തുന്നതിനും അവ വളര്‍ത്തിയെടുക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ പഠന വിഭാഗത്തില്‍ കഥ പറച്ചില്‍, കരകൗശല വിദ്യകള്‍, സംഗീതം, ജീവിത നൈപുണ്യം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതേസമയം എന്റര്‍ടെയ്ന്‍മെന്റ്, മീഡിയ ടെക്‌നോ ക്രിയേറ്റീവ് വ്യവസായ മേഖലയിലേക്ക് പ്രൊഫഷണലുകളെ സന്നദ്ധരാക്കിയെടുക്കുകയാണ് റൈറ്റ്‌ബ്രെയിന്‍ എക്‌സല്‍ കോഴ്‌സിലൂടെ ചെയ്യുന്നത്. സ്‌ക്രിപ്റ്റ് റൈറ്റിംഗ്, സ്റ്റോറിബോര്‍ഡിംഗ് മുതല്‍ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ വരെയുള്ള കോഴ്സുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
റൈറ്റ്‌ബ്രെയിന്‍ പരിശീലകരില്‍ പരിചയസമ്പന്നരായ വ്യവസായ വിദഗ്ധരും മാധ്യമ, വിനോദ വ്യവസായ മേഖലയിലെ പ്രശസ്തരായ അക്കാദമിക് വിദഗ്ധരും ഉള്‍പ്പെടുന്നു. വിജ്ഞാനവും അറിവും പങ്കിടുന്നതിനും ഉപദേശക പങ്കാളിത്തത്തിനുമായി അംഗീകൃത ക്രിയാത്മക വിദ്യാഭ്യാസ സംഘടനകളുമായി പങ്കാളിത്തം സ്ഥാപിച്ചു.