ഡാക്കര്‍ 2021; കെവിന്‍ ബെനവിഡെസ് ചാമ്പ്യന്‍
1 min read- ആകെ 12 ഘട്ടങ്ങളിലായി സൗദി അറേബ്യയിലാണ് 2021 ഡാക്കര്‍ റാലി നടന്നത്
- ഡാക്കര്‍ റാലിയിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഹീറോ മോട്ടോസ്‌പോര്‍ട്‌സ് കാഴ്ച്ചവെച്ചത്
ഈ വര്‍ഷത്തെ ഡാക്കര്‍ റാലി സമാപിച്ചു. മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ കെവിന്‍ ബെനവിഡെസ് വിജയശ്രീലാളിതനായി. 47 മണിക്കൂറും 18 മിനിറ്റും 14 സെക്കന്‍ഡുമെടുത്താണ് റാലി പൂര്‍ത്തിയാക്കി കെവിന്‍ വിജയകിരീടമണിഞ്ഞത്. ഇതേ ടീമിന്റെ റിക്കി ബ്രാബെക് രണ്ടാമത് ഫിനിഷ് ചെയ്തു. 47 മണിക്കൂര്‍, 23 മിനിറ്റ്, 10 സെക്കന്‍ഡാണ് റിക്കി ബ്രാബെക് കുറിച്ച സമയം. ബെനവിഡെസിനേക്കാള്‍ നാല് മിനിറ്റും 56 സെക്കന്‍ഡും മാത്രം പിറകില്‍.
റെഡ് ബുള്‍ കെടിഎം ഫാക്റ്ററി ടീമിന്റെ സാം സണ്ടര്‍ലാന്‍ഡ് മൂന്നാമതായി റാലി അവസാനിപ്പിച്ചു. ഒന്നാം സ്ഥാനക്കാരനേക്കാള്‍ 15 മിനിറ്റും 57 സെക്കന്‍ഡും പിറകില്‍. ഇതോടെ അന്തിമ റാങ്കിംഗ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം സ്വന്തമാക്കി. ആകെ 12 ഘട്ടങ്ങളിലായി സൗദി അറേബ്യയിലാണ് 2021 ഡാക്കര്‍ റാലി നടന്നത്.
ഷെര്‍ക്കോ ഫാക്റ്ററി ടീമിന്റെ ലോറെന്‍സോ സാന്റോലിനോ നേടിയത് ആറാം സ്ഥാനമാണ്. ഇതേ ടീമിന്റെ റൂയി ഗോണ്‍വാല്‍വ്‌സ്, ഹരിത്ത് നോഹ എന്നിവര്‍ യഥാക്രമം 19, 20 സ്ഥാനങ്ങളിലാണ് എത്തിയത്. മലയാളിയായ ഹരിത്ത് നോഹ ഷൊര്‍ണൂര്‍ സ്വദേശിയാണ്. ഡാക്കര്‍ റാലിയിലെ ഒരു ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും ഏറ്റവും മികച്ച ഫിനിഷാണ് ഹരിത്ത് നോഹ നടത്തിയത്.
ഡാക്കര്‍ റാലിയിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഹീറോ മോട്ടോസ്‌പോര്‍ട്‌സ് കാഴ്ച്ചവെച്ചത്. ഹീറോ മോട്ടോസ്‌പോര്‍ട്‌സ് റാലി ടീമിന്റെ ജോക്വിം റോഡ്രിഗസ് പതിനൊന്നാമതും സെബാസ്റ്റ്യന്‍ ബഹ്‌ളര്‍ പതിനാലാമതും ഫിനിഷ് ചെയ്തു. ഹീറോയുടെ മൂന്നാമത്തെ റൈഡറായ സിഎസ് സന്തോഷ് നാലാം ഘട്ടത്തില്‍ സംഭവിച്ച ഇടിയെതുടര്‍ന്ന് മല്‍സരം അവസാനിപ്പിച്ചിരുന്നു. ബോധം വീണ്ടെടുത്ത സന്തോഷിനെ റിയാദില്‍നിന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.