കോവിഡ് പ്രതിരോധം രണ്ട് മാസം രാജ്യം അടച്ചിടുമോ?
1 min read- ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും എട്ടാഴ്ച്ചത്തേക്ക് അടച്ചിടേണ്ടി വരുമെന്ന് ഐസിഎംആര്‍ തലവന്‍
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണം
- ദീര്‍ഘകാല ലോക്ക്ഡൗണ്‍ കേന്ദ്രം പരിഗണിക്കുമോയെന്നാണ് ഇനി അറിയേണ്ടത്
ന്യൂഡെല്‍ഹി: രാജ്യത്ത് ദീര്‍ഘകാല ലോക്ക്ഡൗണ്‍ വരാന്‍ സാധ്യത. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഹെല്‍ത്ത് ഏജന്‍സിയായ ഐസിഎംആറിന്‍റെ തലവനാണ് ഇത്തരമൊരു സൂചന നല്‍കിയത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകള്‍ ഇനിയും ആറ് മുതല്‍ എട്ടാഴ്ച്ചത്തേക്ക് വരെ അടച്ചിടേണ്ടി വരുമെന്നാണ് ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞത്. അതിരൂക്ഷമായിരിക്കുന്ന കോവിഡ് വ്യാപനം തടയാന്‍ ഇത് വേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മേലുള്ള എല്ലാ ജില്ലകളും അടച്ചിടണമെന്നാണ് ഡോ. ഭാര്‍ഗവ എടുക്കുന്ന നിലപാട്. നിലവില്‍ ഇന്ത്യയിലെ 718 ജില്ലകളില്‍ ഭൂരിഭാഗവും ഈ സാഹചര്യത്തില്‍ അടച്ചിടേണ്ടി വരും. ന്യൂഡെല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങി മെട്രോ നഗരങ്ങളെല്ലാം ഇതില്‍ പെടും. ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉയര്‍ന്ന തലത്തിലിരിക്കുന്ന ഒരാള്‍ രാജ്യത്ത് ദീര്‍ഘകാല ലോക്ക്ഡൗണ്‍ ആവശ്യമാണെന്ന് പറയുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ദേശീയതല ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറായിരുന്നില്ല. കോവിഡിന്‍റെ ആദ്യതരംഗത്തിന്‍റെ സമയത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വൈറസ് ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ആദ്യ ലോക്ക്ഡൗണ്‍ രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ ആകെ ഉലച്ചുകളഞ്ഞു. ഇത് ഭയന്നാണ് വീണ്ടുമൊരു ലോക്ക്ഡൗണിന് കേന്ദ്രം തുനിയാതിരുന്നത്. അതേസമയം ലോക്ക്ഡൗണ്‍ വേണമോയെന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിച്ച് നടപ്പാക്കാമെന്ന നിലപാടുമെടുത്തു. ഇപ്പോള്‍ കേരളമുള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലൂടെയാണ് കടന്നുപോകുന്നത്.
ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകള്‍ അടച്ചിട്ടേ മതിയാകൂ. വൈറസ് ബാധിക്കുന്ന നിരക്ക് അഞ്ച് ശതമാനത്തിന്‍റേയും പത്ത് ശതമാനത്തിന്‍റേയും ഇടയിലേക്ക് കുറഞ്ഞാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാം. എന്നാല്‍ അടുത്തൊരു 6-8 ആഴ്ച്ചകളിലേക്ക് അത് സംഭവിക്കില്ല-ഭാര്‍ഗവ പറഞ്ഞു.
ഡെല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം വരെയെത്തിയിരുന്നു. ഇപ്പോഴത് കുറഞ്ഞ് 17 ശതമാനത്തിലെത്തി. എന്നുകരുതി നാളെ ഡെല്‍ഹി തുറക്കാന്‍ തീരുമാനിച്ചാല്‍ വലിയ അപകടമായിരിക്കും സംഭവിക്കുക-അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളുടെ എണ്ണം ശരാശരി 350,000 ആണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ ശരാശരിയാകട്ടെ 4,000 എന്ന തോതിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. നിലവിലെ കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ രാജ്യം കുറച്ച് വൈകിപ്പോയെന്ന നിലപാടാണ് ഭാര്‍ഗവയ്ക്കുള്ളത്. എന്നാല്‍ ഇതിന് മോദി സര്‍ക്കാരിനെ തുറന്ന് കുറ്റപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
രാഷ്ട്രീയക്കാര്‍ വലിയ ജനപങ്കാളിത്തത്തോടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി റാലികള്‍ നടത്തിയതും മതപരമായ ഉല്‍സവങ്ങള്‍ക്ക് അനുമതി നല്‍കിയതുമെല്ലാം ഇന്ത്യയുടെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വിദഗ്ധരുടെ പക്ഷം. ഐസിഎംആറിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഈ അഭിപ്രായം പങ്കുവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് അടിയന്തരാവസ്ഥ പോലുള്ള സമയങ്ങളില്‍ വലിയ ജനക്കൂട്ടങ്ങള്‍ ഒരിക്കലും ഒരു രാജ്യത്തും അംഗീകരിക്കാവുന്ന ഒന്നല്ല എന്നാണ് ഭാര്‍ഗവ പ്രതികരിച്ചത്.