തീര്‍ക്കാം പ്രതിരോധം : കോവിഡിനെതിരെ വരുന്നു നേസല്‍ വാക്സിന്‍
- പോക്കറ്റിലിട്ടു നടക്കാന്‍ സാധിക്കുന്ന കോവിഡ് പ്രതിരോധ മരുന്നാണിത്
- ബിബിവി 154 എന്ന മൂക്കില്‍ അടിക്കാവുന്ന ഇന്‍ട്രാ നേസല്‍ വാക്സിനാണിത്
- ഓഗസ്റ്റില്‍ മരുന്ന് വിപണിയിലെത്തും
ന്യൂഡെല്‍ഹി: കൊറോണ വൈറസിനെ മൂക്കിലും തൊണ്ടയിലും വെച്ചുതന്നെ നിര്‍വീര്യമാക്കുകയോ പ്രതിരോധം തീര്‍ക്കുകയോ ചെയ്യുന്ന നേസല്‍ വാക്സിന്‍ അധികം വൈകാതെ വിപണിയിലെത്തിയേക്കും. പോക്കറ്റിലിട്ട് നടക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നാണിത്. ബിബിവി 154 എന്ന പേരിലുള്ള ഇന്‍ട്രാ നേസല്‍ വാക്സിനാണ് ഗവേഷകര്‍ വികസിപ്പിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമാക്കിയ ഭാരത് ബയോടെക് ആണ് നേസല്‍ വാക്സിന്‍ ഇന്ത്യയില്‍ പുറത്തിറക്കാന്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. അതേസമയം സമാനമായ നേസല്‍ വാക്സിനുകള്‍ വികസിപ്പിക്കാന്‍ യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും തീവ്രമായ ശ്രമങ്ങള്‍ നടന്നുവരികയാണ്.
ആദ്യം മൂക്കിലും തൊണ്ടയിലും പിടിമുറുക്കിയ ശേഷം മാത്രമാണ് കൊറോണ വൈറസ് ശ്വാസകോശം അടക്കമുള്ള ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. വൈറസിനെ മൂക്കിലും തൊണ്ടയിലും വെച്ചുതന്നെ നിര്‍വീര്യമാക്കുന്ന വാക്സിനാണിത്.
നിലവില്‍ വാക്സിനുകള്‍ സിറിഞ്ച് ഉപയോഗിച്ചാണ് നല്‍കുന്നത്. അതിനാല്‍തന്നെ വലിയതോതില്‍ ചെലവ് കൂടുതലുമാണ്. 130 കോടിയലധികം ജനസംഖ്യയുള്ള ഇന്ത്യക്ക് ഏറ്റവും എളുപ്പത്തില്‍ പ്രയോഗിക്കാന്‍ സാധിക്കുന്നത് നേസല്‍ വാക്സിനാണെന്നാണ് വിദഗ്ധരുടെ പക്ഷം. ആ തലത്തില്‍ നോക്കുമ്പോള്‍ രാജ്യത്തിന്‍റെ കോവിഡ് വിരുദ്ധ പോരാട്ടത്തിന് പുതിയ മാനം നല്‍കും ബയോടെക്കിന്‍റെ നേസല്‍ വാക്സിന്‍ എന്നത് തീര്‍ച്ചയാണ്.