ആഗോള തലത്തില്‍ റീട്ടെയ്ല്‍ വളര്‍ച്ചാ വേഗത്തില്‍ റിലയന്‍സ് രണ്ടാം സ്ഥാനത്ത്
1 min read250 ചില്ലറ വ്യാപാരികളുടെ ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ എന്‍ട്രി റിലയന്‍സ് റീട്ടെയില്‍ ആണ്
ന്യൂഡെല്‍ഹി: ആഗോള റീട്ടെയ്ല്‍ പവര്‍ ഹൗസുകളുടെ 2021 റാങ്കിംഗില്‍, ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ റീട്ടെയിലറായി റിലയന്‍സ് റീട്ടെയില്‍ ലിമിറ്റഡ്. കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ നേടിയ ഒന്നാം സ്ഥാനത്ത് നിന്നുള്ള ഇടിവാണ് ഇത്തവണ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. ഡെലോയിറ്റ് തയാറാക്കിയ ഗ്ലോബല്‍ പവര്‍സ് ഓഫ് റീട്ടെയിലിംഗ് റിപ്പോര്‍ട്ടിന്‍റെ പ്രധാന പട്ടികയില്‍ 53-ാം സ്ഥാനത്താണ് റിലയന്‍സ് റീട്ടെയ്ല്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ 56-ാം സ്ഥാനത്തു നിന്നുള്ള മെച്ചപ്പെടലാണിത്.
ലോകത്തെ മുന്‍നിര റീട്ടെയിലര്‍ സ്ഥാനം നിലനിര്‍ത്തുന്ന യുഎസ് ഭീമന്‍ വാള്‍മാര്‍ട്ട് ഇന്‍കാണ് പട്ടികയില്‍ ഒന്നാമത്. ആമസോണ്‍.കോം ഇന്‍ക് നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. യുഎസിലെ കോസ്റ്റ്കോ ഹോള്‍സെയില്‍ കോര്‍പ്പറേഷന്‍ മൂന്നാം സ്ഥാനത്തെത്തി. ഷ്വാര്‍സ് ഗ്രൂപ്പ് ഓഫ് ജര്‍മ്മനിയാണ് പിന്നെയുള്ള സ്ഥാനത്ത്. ആദ്യ പത്തില്‍ ഏഴ് യുഎസ് റീട്ടെയിലര്‍മാരുണ്ട്.
250 ചില്ലറ വ്യാപാരികളുടെ ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ എന്‍ട്രി റിലയന്‍സ് റീട്ടെയില്‍ ആണ്. ആഗോള പവര്‍ ഓഫ് റീട്ടെയിലിംഗിന്‍റെയും ലോകത്തിലെ ഏറ്റവും വേഗതയേറിയ റീട്ടെയിലര്‍മാരുടെയും പട്ടികയില്‍ ഇത് തുടര്‍ച്ചയായി നാലാം തവണയാണ് റിലയന്‍സ് റീട്ടെയ്ല്‍ ഇടം നേടുന്നത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും വേഗതയേറിയ 50 കമ്പനികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയ റിലയന്‍സ് റീട്ടെയില്‍ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 41.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനിക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷന്‍, ജീവിതശൈലി, പലചരക്ക് റീട്ടെയില്‍ ശൃംഖലകളിലെ സ്റ്റോറുകളുടെ എണ്ണത്തില്‍ 13.1 ശതമാനം വര്‍ധന നേടി. സാമ്പത്തിക വര്‍ഷാവസാനത്തിലെ കണക്ക് പ്രകാരം ഇന്ത്യയിലെ 7,000 പട്ടണങ്ങളിലും നഗരങ്ങളിലുമായി 11,784 സ്റ്റോറുകളിലേക്ക് കമ്പനി വളര്‍ന്നുവെന്ന് ഡെലോയിറ്റ് പറഞ്ഞു.
ഡിജിറ്റല്‍ കൊമേഴ്സ് (ബി 2 സി), ബി 2 ബി എന്നിവയിലൂടെ ഇ-കൊമേഴ്സ് കമ്പനിയുടെ വളര്‍ച്ചയെ നയിക്കുന്ന രണ്ടാമത്തെ ഘടകമായി. ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമിലൂടെയുള്ള ഡിജിറ്റല്‍ കൊമേഴ്സ് ബിസിനസ്സ് കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനും വാട്ട്സ്ആപ്പിലെ ചെറുകിട ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനുമായി കമ്പനി വാട്സ്ആപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ‘ശ്രീ കൃഷ്ണ ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറിന്‍റെ 29 സ്റ്റോറുകള്‍ റിലയന്‍സ് റീട്ടെയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തില്‍ ഏറ്റെടുത്തിട്ടുണ്ട്.